Quantcast

അതിജീവിതർക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷ; ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഉത്തരവ് സ്വാഗതം ചെയ്‌ത്‌ ഡബ്ല്യുസിസി

2019- 24 വരെ നീണ്ട നിശബ്ദത ഭേദിക്കുന്ന ഉത്തരവ് പ്രതീക്ഷ നൽകുന്നുവെന്നും ഡബ്ല്യുസിസി

MediaOne Logo

Web Desk

  • Updated:

    2024-07-07 10:35:48.0

Published:

7 July 2024 9:34 AM GMT

hema commission_wcc
X

തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്വാഗതം ചെയ്ത് ഡബ്ള്യു.സി.സി. 2019- 24 വരെ നീണ്ട നിശബ്ദത ഭേദിക്കുന്ന ഉത്തരവ് പ്രതീക്ഷ നൽകുന്നു.

ഡബ്ള്യു.സി.സി മുന്നോട്ടുവെച്ച ചോദ്യങ്ങൾ വീണ്ടും ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പ്. സിനിമയെ അപകടത്തിലാക്കുന്ന അനീതിയും അസന്തലിതാവസ്ഥയും പുറത്തുവരണം. കണ്ടെത്തലുകൾ പുറത്തുവിടാതെ നിർദ്ദേശങ്ങൾ നടപ്പിലാക്കാം എന്ന വാദം വ്യവസ്ഥിയെ പരിഹസിക്കുന്നതെന്നും ഡബ്ള്യു.സി.സി പ്രതികരിച്ചു.

എഫ്ബി പോസ്റ്റ് പൂർണരൂപം:-

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ വിമെൻ ഇൻ സിനിമ കളക്ടീവ് സ്വാഗതം ചെയ്യുന്നു. 2019 മുതൽ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഈ ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചാവിഷയമാകുമ്പോൾ WCC വർഷങ്ങളായി മുന്നോട്ട് വെച്ച ചില ചോദ്യങ്ങൾ വീണ്ടും ചോദിക്കാൻ ആഗ്രഹിക്കുന്നു.

കണ്ടെത്തലുകൾ പുറത്തു വിടാതെ നിർദ്ദേശങ്ങൾ നടപ്പിലാക്കാം എന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. സുതാര്യതയോടുകൂടി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പുറത്തു വരുന്നത് ഉപയോഗപ്രദമായ പരിഹാരനടപടികൾ പ്രാവർത്തികമാക്കുന്നതിനും പുരോഗമനപരമായ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതിനും ഉപകരിക്കുമെന്ന് WCC ശക്തമായി വിശ്വസിക്കുന്നു.

വരും തലമുറകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പ് വരുത്താൻ ഉതകുന്ന, ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് നടത്തിയ ഒരു സുപ്രധാനമായ പഠനം, തുറന്ന് പറച്ചിലുകൾ നടത്തിയ അതിജീവിതരെ സംരക്ഷിച്ച് കൊണ്ട് തന്നെ, ആ പഠന റിപ്പോർട്ടിലുള്ള നിർദേശങ്ങളും നിലവിൽ സിനിമ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലനാവസ്ഥയും നിർബന്ധമായും പുറത്ത് വരേണ്ടവയാണ്. ഇത് കൂടാതെ സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളും അനീതികളും തുറന്ന് കാണിക്കുന്ന ഷിഫ്റ്റ് ഫോക്കസ് പോലെയുള്ള പഠനങ്ങൾ നടത്തി, ബെസ്റ് പ്രാക്ടീസസ് റെക്കമെൻഡേഷൻസ് അടക്കം കളക്ടീവ് ഇതിന് മുൻപും സർക്കാരിന് നൽകിയിട്ടുണ്ട്.

RTI യുടെ പിന്തുണയോടെ കൂടി മുന്നോട്ട് വന്നിരിക്കുന്ന SIC യുടെ നിർദേശത്തിന് പൂർണ്ണമായ പിന്തുണയുമായി മുന്നോട്ട് വന്ന എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും നന്ദി. നിലനിൽക്കുന്ന അനീതികളെ പൊളിച്ചെഴുതി കൂടുതൽ ലിംഗ സമത്വമുള്ള തൊഴിലിടങ്ങൾ ഉണ്ടാകട്ടെ. വിവരാവകാശ കമ്മീഷന്റെ ഇടപെടലോടു കൂടിയെങ്കിലും അതിജീവിതർക്ക് നീതി ലഭിക്കുമെന്നും, ഭാവിയിലെങ്കിലും നിർഭയരായി, വിവേചനവും, വേർതിരിവും, ചൂഷണങ്ങളും ഇല്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നു.

TAGS :

Next Story