Quantcast

ജീവൻ കൊടുത്തും മത്സ്യത്തൊഴിലാളികളുടെ കൂടെനിൽക്കും; സമരം തീർക്കാൻ മുഖ്യമന്ത്രിക്ക് കഴിയണമെന്നും വി.ഡി സതീശൻ

എല്ലാ തീരപ്രദേശത്തും പട്ടിണിയാണ്. സ്നേഹിച്ചാൽ ജീവൻ തരുന്നവരാണ് മത്സ്യത്തൊഴിലാളികൾ.

MediaOne Logo

Web Desk

  • Published:

    6 Dec 2022 9:54 AM GMT

ജീവൻ കൊടുത്തും മത്സ്യത്തൊഴിലാളികളുടെ കൂടെനിൽക്കും; സമരം തീർക്കാൻ മുഖ്യമന്ത്രിക്ക് കഴിയണമെന്നും വി.ഡി സതീശൻ
X

തിരുവനന്തപുരം: ജീവൻ കൊടുത്തും യുഡിഎഫ് മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം നിൽക്കുമെന്നും അവരുടെ സമരത്തെ പിന്തുണയ്ക്കുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്താത്തത് തങ്ങളെ അതിശയിപ്പിക്കുന്നു. ‌മന്ത്രിമാർക്ക് പ്രശ്നം തീർക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും വിഴിഞ്ഞം വിഷയത്തിൽ നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ സതീശൻ ആവശ്യപ്പെട്ടു.

കേരളത്തിലിന്ന് ആദിവാസികളെ പോലെയോ അവരേക്കാൾ കൂടുതലോ ദുരിതവും കഷ്ടപ്പാടുകളും നേരിടുന്നവരാണ് മത്സ്യത്തൊഴിലാളികൾ. എല്ലാ തീരപ്രദേശത്തും പട്ടിണിയാണ്. ഇപ്പോൾ കാണുന്ന തീരപ്രദേശത്തെ വീടുകൾ മൂന്നുമാസം കഴിയുമ്പോൾ അവിടെയുണ്ടാകില്ല. വീടിരുന്ന സ്ഥലത്ത് കടലാണ്. കാലാവസ്ഥയിലുണ്ടായ മാറ്റം വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. ഓഖിക്ക് ശേഷം മത്സ്യബന്ധന ദിനങ്ങളുടെ എണ്ണം 46 ശതമാനം കുറഞ്ഞു. ഇങ്ങനെ പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.

ഈ യാഥാർഥ്യം കൂടി ഉൾക്കൊണ്ടുവേണം ഒരു സർക്കാർ ഇതിനെ സമീപിക്കാൻ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരക്കാരെ നേരിടുന്ന ലാഘവത്തോടെയാണോ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തെ നേരിടേണ്ടത്. അവരുടെ തീവ്രത കൂടും. അതേത് പൊതുപ്രവർത്തകനും മാധ്യമപ്രവർത്തകനുമാണ് അറിയാത്തത്? സ്നേഹിച്ചാൽ ജീവൻ തരുന്നവരാണ് മത്സ്യത്തൊഴിലാളികൾ.

സഭയുടെ തലവനെതിരായി കേസെടുത്താൽ പ്രതിഷേധം സ്വാഭാവികമല്ലേയെന്നും സതീശൻ ചോദിച്ചു. വിഴിഞ്ഞം സമരം ‌വർഗീയ സംഘർഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിലും സർക്കാരിന് അത് തടയാൻ സാധിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. ‌‌അദാനിയും സർക്കാരും തമ്മിൽ ധാരണയായിരുന്നു. ബിഷപ്പിനെതിരെ കേസ് എടുക്കുന്നു, അന്വേഷിച്ചു പോകുന്ന മത്സ്യ തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നു, ഇത്തരത്തിൽ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു സർക്കാർ ചെയ്തത്.

സംഘർഷങ്ങൾ ഉണ്ടായാൽ ഞങ്ങൾ പറയേണ്ടിടത്ത് പറയേണ്ടത് പറയും. വൈദികൻ പ്രസ്താവന പിൻവലിച്ചിട്ടും അത് ആളിക്കത്തിക്കാൻ ശ്രമം നടക്കുന്നു. ഏറ്റവും പ്രധാന പ്രശ്നം പുനരധിവാസമാണെന്നും സിമന്റ് ഗോഡൗണിൽ നിന്ന് അവരെ മാറ്റി താമസിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ‌അവർ വികസനത്തിന്റെ ഇരകളാണ്. പഠനത്തിനുള്ള സമിതിയിൽ അവരുടെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തിയാൽ എന്താണ് പ്രശ്നമെന്നും സതീശൻ ചോദിച്ചു.

TAGS :

Next Story