വിഴിഞ്ഞത്ത് ആദ്യ കപ്പലിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം: പതാക വീശി മുഖ്യമന്ത്രി
ചൈനീസ് ചരക്ക് കപ്പലായ ഷെന്‍ഹുവ 15നെയാണ് സര്‍വസന്നാഹവുമായി കേരള സര്‍ക്കാര്‍ വരവേറ്റത്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിന് പതാക വീശി മുഖ്യമന്ത്രി പിണറായി വിജയൻ വരവേൽപ്പ് നൽകി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ശശി തരൂര്‍ എംപി എന്നിവര്‍ ചടങ്ങിനെത്തി. കഴിഞ്ഞ 12ന് തുറമുഖത്ത് നങ്കൂരമിട്ട ചൈനീസ് ചരക്ക് കപ്പലായ ഷെന്‍ഹുവ 15നെയാണ് സര്‍വസന്നാഹവുമായി കേരള സര്‍ക്കാര്‍ വരവേറ്റത്.
ഷെന്‍ഹുവ കപ്പലില്‍ എത്തിച്ച കൂറ്റന്‍ ക്രെയിനുകള്‍ ഇറക്കുന്ന ജോലികള്‍ നാളെ ആരംഭിക്കും. ഒരു ഷിപ് ടു ഷോര്‍ ക്രെയിനും രണ്ട് യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഓഗസ്റ്റ് 31 ന് പുറപ്പെട്ട് 42 ദിവസം കൊണ്ടാണ് ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്തെത്തുന്നത്. കപ്പല്‍ രണ്ടു ദിവസം മുമ്പേ എത്തിയതാണെങ്കിലും ഔദ്യോഗിക സ്വീകരണ പരിപാടി ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു.
ആദ്യത്തെ മദര്‍ പോര്‍ട്ട് എന്ന സവിശേഷതകൂടിയുണ്ട് വിഴിഞ്ഞത്തിന്. തുറമുഖത്തിന് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ളതിനാല്‍ ലോകത്തെ ഏത് വമ്പന്‍ കപ്പലിനും തീരമണയാനും ചരക്ക് കൈകാര്യം ചെയ്യാനുമാകും. ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.
അതേസമയം തുറമുഖ യാര്‍ഡിലാണ് പൊതുജനങ്ങള്‍ക്കിരിക്കാനുള്ള കൂറ്റന്‍ സ്റ്റേജ് ഒരുക്കിയിരുന്നത്. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്കേ ബര്‍ത്തിലേക്ക് പ്രവേശനമുള്ളൂ. മറ്റുള്ളവര്‍ക്ക് സ്റ്റേജിന് മുന്നിലുള്ള കൂറ്റന്‍ സ്ക്രീനില്‍ സ്വീകരണ പരിപാടി കാണാം. കരയിലും കടലിലും കോസ്റ്റ് ഗാര്‍ഡിന്റെ അടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 2000 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.
Adjust Story Font
16