Quantcast

ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി റാലി

ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും മർദ്ദിത ജനസമൂഹമായ ഫലസ്തീൻ ജനതക്ക് അനുകൂലമായിരുന്നുവെന്ന് ഹമീദ് വാണിയമ്പലം

MediaOne Logo

Web Desk

  • Published:

    21 Oct 2023 2:16 AM GMT

Welfare Party rally in solidarity with Palestinian fighters
X

പാലക്കാട്: ഇസ്രായേൽ അധിനിവേശത്തിനെതിരെ ഫലസ്തീൻ പോരാളികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വെൽഫെയർ പാർട്ടി റാലി സംഘടിപ്പിച്ചു. പാലക്കാട് നഗരത്തിലെ റാലിയിൽ സ്ത്രീകളും യുവാക്കളും അടക്കം സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവരും പങ്കെടുത്തു. ഇസ്രായേൽ നരനായാട്ടിനെതിരെയും ഫലസ്തീൻ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും റാലിയിൽ മുദ്രാവാക്യങ്ങൾ ഉയർന്നു. മഞ്ഞക്കുളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കെഎസ്ആർടിസി വഴി പുതുപ്പള്ളി തെരുവിൽ എത്തി സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും മർദ്ദിത ജനസമൂഹമായ ഫലസ്തീൻ ജനതക്ക് അനുകൂലമായിരുന്നുവെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.

ഇന്ത്യ ഇന്ത്യക്കാർക്ക് എന്നപോലെ ഫലസ്തീൻ ഫലസ്തീനികൾക്കാണ് എന്നതായിരുന്നു ഇസ്രായേൽ എന്ന രാജ്യം രൂപീകരിച്ചത് മുതൽ ഇന്ത്യയുടെ നിലപാട്. ഇസ്രായേൽ വംശഹത്യകൾ നടത്തുമ്പോൾ ഫലസ്തീൻ ജനതയ്ക്ക് വേണ്ടി അന്തർദേശീയ വേദികളിൽ ഇന്ത്യ ശക്തമായി വാദിക്കുകയും നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഫലസ്തീൻ പോരാട്ട സംഘടനയായിരുന്ന പി.എൽ.ഒവിനെ ആദ്യമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും റദ്ദ് ചെയ്തു സംഘപരിവാർ ഭരണകൂടം വംശഹത്യ നടത്തുന്ന ഇസ്രായേലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രായേൽ ഭരണകൂടത്തിന് പിന്തുണ അറിയിച്ചത് രാജ്യത്തിന് അപമാനമാണ്. ഫലസ്തീനിൽ തുടരെത്തുടരെ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും ഫലസ്തീൻ ജനതക്ക് പിന്തുന്ന പ്രഖ്യാപിക്കാനും അവർക്ക് വേണ്ട എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യക്കാവണം. മാധ്യമങ്ങളെ ഉപയോഗിച്ച് ഇസ്രായേൽ വ്യാപകമായ നുണ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. ഇന്ത്യൻ ഭരണകൂടം ഇസ്രായേലിന് അനുകൂലമായ നിലപാടുമായി മുന്നോട്ടു പോയാലും ഇന്ത്യൻ ജനത ഫലസ്തീനികൾക്കൊപ്പം ആയിരിക്കുമെന്നും ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു.

വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡൻറ് പി.എസ് അബു ഫൈസൽ അധ്യക്ഷത വഹിച്ചു. പാലക്കാട് നഗരസഭ കൗൺസിലർ എം. സുലൈമാൻ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് സാബിർ അഹ്‌സൻ, വിമൺ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി സഫിയ ഇക്ബാൽ, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് അസീസ് ആലത്തൂർ തുടങ്ങിയവർ അഭിവാദ്യ പ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി സ്വാഗതവും പാലക്കാട് മണ്ഡലം പ്രസിഡൻറ് എം. കാജാ ഹുസൈൻ നന്ദിയും പറഞ്ഞു. റാലിക്ക് ജില്ലാ നേതാക്കളായ ചന്ദ്രൻ പുതുക്കോട്, എം.ദിൽഷാദലി, റിയാസ് ഖാലിദ്, സെയ്ദ് ഇബ്രാഹിം, ഹബീബ മൂസ, ശാക്കിർപുലാപ്പറ്റ എന്നിവർ നേതൃത്വം നൽകി.

Welfare Party rally in solidarity with Palestinian fighters

TAGS :

Next Story