ബ്രൂവറി അനുമതിയിലൂടെ കേരളത്തിൽ മദ്യമൊഴുക്കാനുള്ള നീക്കം ചെറുക്കും: റസാഖ് പാലേരി
''കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും തടഞ്ഞുവെക്കുന്ന സർക്കാർ ധൂർത്തിലും ദുർവ്യയത്തിലും യാതൊരു നിയന്ത്രണവും കാണിക്കുന്നില്ല''

തിരുവനന്തപുരം : ബ്രൂവറി അനുമതിയിലൂടെ കേരളത്തിൽ മദ്യമൊഴുക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കം കേരളത്തിൽ നടപ്പില്ലെന്നും അതിനെ ചെറുത്തു തോൽപ്പിക്കാനുള്ള പോരാട്ടത്തിൽ മുന്നിലുണ്ടാവുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ വിവിധ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) നടത്തിയ സൂചന പണിമുടക്കിനോടനുബന്ധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രൂവറി ഇടപാടിൽ സംശയസ്ഥാനത്ത് നിൽക്കുന്ന പിണറായി സർക്കാരിൻ്റെ കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതിയും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും തടഞ്ഞുവെക്കുന്ന സർക്കാർ ധൂർത്തിലും ദുർവ്യയത്തിലും യാതൊരു നിയന്ത്രണവും കാണിക്കുന്നില്ല. ഈ വിഷയത്തിൽ സമരത്തിനിറങ്ങേണ്ടിയിരുന്ന സിപിഎം അനുകൂല യൂണിയൻ വാഴ്ത്തുപാട്ടുകളുമായി തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകരുടെയും ജീവനക്കാരുടെയും കവർന്നെടുത്ത ആനുകൂല്യങ്ങൾ അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ യോജിച്ച പ്രക്ഷോഭങ്ങൾക്ക് അസെറ്റ് മുന്നിട്ടിറങ്ങുമെന്ന് സംഗമത്തിൽ അധ്യക്ഷത വഹിച്ച അസെറ്റ് ചെയർമാൻ എസ്. കമറുദ്ദീൻ പറഞ്ഞു. വരാനിരിക്കുന്ന പോരാട്ടങ്ങളുടെ തുടക്കമാണ് ഇന്നത്തെ സൂചന പണിമുടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കി സ്റ്റാറ്റ്യൂട്ടറിപെൻഷൻ പദ്ധതി നടപ്പിലാക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക , മെഡിസെപ്പിന് പകരം ജീവനക്കാർക്ക് സർക്കാർ വിഹിതത്തോടുകൂടിയ 'സമ്പൂർണ്ണ ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പിലാക്കുക, വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തിന് മതിയായ തുക അനുവദിക്കുക, കുടിശ്ശിക അടിയന്തരമായി അനുവദിക്കുക, നിയമനാംഗീകാരം ലഭിച്ച അധ്യാപകരുടെ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചാണ് അസെറ്റ് സമര രംഗത്തിറങ്ങിയിരിക്കുന്നതെന്ന് വിഷയമവതരിപ്പിച്ച അസെറ്റ് ജനറൽ കൺവീനർ വൈ. ഇർഷാദ് പറഞ്ഞു.
എഫ് ഐ ടി യു ദേശീയ സെക്രട്ടറി ജോസഫ് ജോൺ, എംപ്ലോയീസ് മൂവ്മെൻറ് ആക്ടിംഗ് പ്രസിഡൻറ് കെ കെ ബഷീർ, കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി എ എ. കബീർ, വൈസ് പ്രസിഡൻറ് ശരീഫ് മാസ്റ്റർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് മൂവ്മെന്റ് പ്രസിഡൻറ് അബ്ദുൽ റസാഖ്, ജാസ്മിൻ ടീച്ചർ എന്നിവർ സംസാരിച്ചു.
Adjust Story Font
16