Quantcast

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി

പ്ലസ് വൺ പ്രശ്‌നപരിഹാരത്തിന് സീറ്റ് വർധന എന്ന പേരിൽ ഒരു ക്ലാസിൽ 65 വിദ്യാർഥികളെ ഇരുത്തി പഠിപ്പിക്കുന്ന സാഹചര്യമാണ് മലബാർ ജില്ലകളിൽ ഉള്ളത്.

MediaOne Logo

Web Desk

  • Published:

    21 May 2024 12:49 PM GMT

Welfare party to allow new batches to overcome Plus one seat crisis
X

പാലക്കാട്: പാലക്കാട് ഉൾപ്പെടെ മലബാറിലെ ആറ് ജില്ലകളിലും എസ്എസ്എൽസി വിജയിച്ച വിദ്യാർഥികൾക്ക് പഠിക്കാൻ പ്ലസ് വണ്ണിൽ മതിയായ സീറ്റില്ലെന്നും പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി.

പാലക്കാട് ജില്ലയിൽ സീറ്റ് പ്രതിസന്ധി രൂക്ഷമാണ്. ജില്ലയിൽ 39,539 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചെങ്കിലും 25,875 പേർക്ക് മാത്രമാണ് തുടർ പഠനത്തിന് അവസരം ലഭ്യമാവുന്നത്. 13,664 വിദ്യാർഥികൾക്ക് തുടർ വിദ്യാഭ്യാസം നേടാൻ സീറ്റില്ല. കുട്ടികളുടെ മൗലികാവകാശമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്.

ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ സർക്കാർ ചെറിയ ശതമാനം പ്ലസ് വൺ സീറ്റുകളാണ് മലബാറിലെ ജില്ലകൾക്ക് അനുവദിക്കുന്നത്. കുറച്ച് സീറ്റുകൾ അനുവദിച്ചതുകൊണ്ട് പ്രശ്‌നപരിഹാരം ആവില്ല. ആവശ്യമായ ബാച്ചുകളാണ് അനുവദിക്കേണ്ടത്. പ്ലസ് വൺ പ്രശ്‌നപരിഹാരത്തിന് സീറ്റ് വർധന എന്ന പേരിൽ ഒരു ക്ലാസിൽ 65 വിദ്യാർഥികളെ ഇരുത്തി പഠിപ്പിക്കുന്ന സാഹചര്യമാണ് മലബാർ ജില്ലകളിൽ ഉള്ളത്.

ഹയർസെക്കൻഡറിയിൽ ഒരു ക്ലാസിൽ 40ൽ കൂടുതൽ വിദ്യാർഥികൾ ഉണ്ടാവരുത് എന്നാണ് ലബ്ബ കമ്മീഷൻ സർക്കാരിന് മുമ്പിൽ സമർപ്പിച്ച നിർദേശം. സർക്കാർ അത് 50 ആക്കി ഉയർത്തി. എന്നാൽ സീറ്റ് വർധനയുടെ പേരിൽ 65ൽ കൂടുതൽ വിദ്യാർഥികളാണ് മലബാർ ജില്ലകളിൽ ഹയർസെക്കൻഡറിയിലെ ഓരോ ക്ലാസിലും പഠിക്കുന്നത്. ഇത് വലിയ അനീതിയാണ്.

തെക്കൻ കേരളത്തിൽ ഒരു ക്ലാസിൽ 40ൽ കുറവ് വിദ്യാർഥികൾ പഠിക്കുമ്പോഴാണ് മലബാറിൽ ഈ അവസ്ഥ നിലനിൽക്കുന്നത്. അതിനാൽ പാലക്കാട് ജില്ലയിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഈ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പേ പുതിയ ബാച്ചുകൾ ആരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സർക്കാർ അതിന് തയാറായില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് പി.എസ് അബു ഫൈസൽ അധ്യക്ഷത വഹിച്ചു.

TAGS :

Next Story