കുട്ടിയെ തട്ടിക്കൊണ്ട് പോയതാര്? കുടുംബത്തിന് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ തള്ളി പൊലീസ്
വ്യാപകമായി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും അന്വേഷണത്തിന് വഴിത്തിരിവാകുന്ന തെളിവുകളൊന്നും ലഭിച്ചില്ല.
തിരുവനന്തപുരം: ചാക്കയിലെ രണ്ട് വയസുകാരിയുടെ കാണാതാകലുമായി ബന്ധപ്പെട്ട് ദുരൂഹത നീങ്ങിയില്ല. സംഭവ സ്ഥലത്തിന് സമീപത്തുനിന്ന് വ്യാപകമായി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും അന്വേഷണത്തിന് വഴിത്തിരിവാകുന്ന തെളിവുകളൊന്നും ലഭിച്ചില്ല. തിരോധാനത്തിന് കുട്ടിയുടെ കുടുംബാംഗങ്ങളുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള അറപ്പുരവിളാകം പ്രദേശത്ത് ഒരു സ്ത്രീ കൈയിൽ കുട്ടിയുമായി നടന്നുപോകുന്നുവെന്ന് സംശയം തോന്നിയതായി പൊലീസിൽ മൊഴി ലഭിച്ചിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
എന്നാൽ കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, കേസുമായി ഈ സ്ത്രീക്ക് ബന്ധമില്ലെന്ന് ഉറപ്പിച്ചു. കുട്ടിയെ കണ്ടെത്തിയ ബ്രഹ്മോസ് പരിസരത്ത് ഒരു സി.സി.ടി.വി മാത്രമേയുള്ളൂ എന്നതിനാൽ ഇതിന് സമീപത്തുള്ള അറപ്പുരവിളാകം മുതൽ ചാക്ക ഐ.ടി.ഐ വരെയുള്ള പ്രദേശങ്ങളിൽ നിന്ന് പൊലീസ് ഇന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. അവ സൈബർ സംഘം പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ഡി.സി.പിയുടെ നേതൃത്വത്തിൽ രാവിലെ മുതൽ പോലീസ് പരിശോധന നടത്തി. തുടർന്ന് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി, എം.ആർ അജിത് കുമാറും സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക്, ഫിംഗർപ്രിന്റ് സംഘങ്ങളും സ്ഥലത്തെത്തി. ഇവർ നടത്തിയ പരിശോധനയുടെ അന്തിമ ഫലം ലഭിച്ചെങ്കിൽ മാത്രമേ അന്വേഷണത്തെ സഹായിക്കുന്ന തെളിവുകൾ ലഭിച്ചോ എന്നത് സ്ഥിരീകരിക്കാനാകൂ.
Watch Video Report
Adjust Story Font
16