Quantcast

ആർഎസ്എസിലുടെ വളർന്ന നേതാവ്, മോദിയുടെ വിശ്വസ്തൻ; ആരാണ് രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ?

പുതിയ ​ഗവർണറെ കുറിച്ച് നിങ്ങൾക്ക് ധാരണയില്ലാത്തതുകൊണ്ടാണ് എന്നായിരുന്നു ആർലെക്കറെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    25 Dec 2024 12:44 PM GMT

Who is new Kerala governor Arlekar
X

കോഴിക്കോട്: സംസ്ഥാന സർക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടലിനൊടുവിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണറാക്കി രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ ആണ് പുതിയ ഗവർണർ. പുതിയ ഗവർണറെക്കുറിച്ച് നിങ്ങൾക്ക് ധാരണയില്ലാത്തതുകൊണ്ടാണ് എന്നായിരുന്നു ആർലെക്കറെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണം. ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മോദി സർക്കാർ നടത്തുന്ന ഇടപെടലുകൾ കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തുറന്ന ഏറ്റുമുട്ടലിലാണ് കലാശിച്ചത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് പുതിയ ഗവർണർ എത്തുന്നത്.

ഗോവ സ്വദേശിയായ ആർലെക്കർ ആർഎസ്എസിലൂടെ വളർന്നുവന്ന നേതാവാണ്. ദീർഘകാലം ആർഎസ്എസ് പ്രചാരക് ആയി പ്രവർത്തിച്ചിരുന്ന ആർലെക്കർ 1989ലാണ് ബിജെപി അംഗത്വം എടുക്കുന്നത്. ഗോവ ബിജെപി ജനറൽ സെക്രട്ടറി, ഗോവ വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ, ഗോവ പട്ടിക ജാതി പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപ്പറേഷൻ ചെയർമാൻ, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

2002ൽ ഗോവ നിയമസഭാംഗമായി. 2014ൽ മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോൾ ആർലെക്കറുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി ലക്ഷ്മികാന്ത് പർസേക്കർ മുഖ്യമന്ത്രിയായി. ആർലെക്കർ സ്പീക്കറായിരിക്കുമ്പോഴാണ് ഗോവ നിയമസഭയെ രാജ്യത്തെ ആദ്യ കടലാസ്‌രഹിത നിയമസഭയായി പ്രഖ്യാപിച്ചത്. 2015ൽ മന്ത്രിസഭാ പുനഃസംഘടനയിൽ ഗോവയിൽ വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലൈയിൽ ഹിമാചൽ പ്രദേശ് ഗവർണറായി. 2023 ഫെബ്രുവരിയിൽ ബിഹാർ ഗവർണറായി നിയമിക്കപ്പെട്ടു.

ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആർലെക്കർ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ്. എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച നേതാവ് കൂടിയാണ് ആർലെക്കർ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് സത്യഗ്രഹ സമരം നടത്തിയതുകൊണ്ടല്ല, ജനങ്ങൾ ആയുധമെടുത്തതുകൊണ്ടാണ് എന്നായിരുന്നു ആർലെക്കറുടെ വിവാദമായ അവസാനത്തെ പ്രസ്താവന. ഡിസംബർ 22ന് ഗോവയിൽ ഒരു പുസ്തക പ്രകാശ ചടങ്ങിലായിരുന്നു ആർലെക്കറുടെ പ്രസ്താവന. ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ആർലെക്കർ പറഞ്ഞു.

ജെഎൻയു വിദ്യാർഥി നേതാവായിരുന്ന കനയ്യ കുമാറുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കിടിയെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും പറയാനാവില്ല എന്ന പരാമർശവും ആർലെക്കർ നടത്തിയിരുന്നു. ബിഹാർ ഗവർണറായിരിക്കുമ്പോൾ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട് നിതീഷ് കുമാർ സർക്കാരുമായും ആർലെക്കർ കൊമ്പുകോർത്തിരുന്നു. ഒരു വർഷത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ താത്പര്യം മുൻനിർത്തി തന്നെയാണ് ആർലെക്കർ എത്തുന്നത് എന്നാണ് കെ.സുരേന്ദ്രന്റെ പ്രതികരണവും വിരൽചൂണ്ടുന്നത്.

TAGS :

Next Story