അടിമുടി ദുരൂഹത നിറഞ്ഞ ജീവിതം; ആരാണ് സ്വപ്‌ന സുരേഷ് ആരോപിക്കുന്ന ഇടനിലക്കാരന്‍ വിജേഷ് പിള്ള?
സി.പി.എം ശക്തികേന്ദ്രമായ കടമ്പേരിയിലാണ് ജനിച്ച് വളർന്നതെങ്കിലും വിജേഷ് പിള്ളക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി പോലും അടുപ്പമില്ലെന്ന് നാട്ടുകാർ
കണ്ണൂർ: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിക്കുന്ന വിജയ് പിള്ള കണ്ണൂർ കടമ്പേരി സ്വദേശിയാണ്. എന്നാൽ വിജേഷ് പിള്ള വിജയ് പിള്ളയായത് ബന്ധുക്കൾക്ക് പോലും അറിയില്ല. നാട്ടിൽ അധികം ബന്ധങ്ങൾ ഒന്നുമില്ലാത്ത ഇയാൾ ഏറെ കാലമായി എറണാകുളത്താണ് താമസം. കുടുംബവുമായി അത്ര അടുപ്പം സൂക്ഷിക്കാത്ത വിജേഷ് പിള്ള എങ്ങനെ അധികാര ഇടനാഴികളിൽ ഇടനിലക്കാരനായി എന്നതിൽ ആർക്കും വ്യക്തതയില്ല.
സി.പി.എം ശക്തികേന്ദ്രമായ കടമ്പേരിയിലാണ് ജനിച്ച് വളർന്നതെങ്കിലും വിജേഷ് പിള്ളക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി പോലും അടുപ്പമില്ല. പിതാവ് ഗോവിന്ദനും മാതാവ് ഉഷയും സി.പി.എം അനുഭാവികൾ ആണ്. വിജേഷ് പാർട്ടി പരിപാടികളിൽ പോലും പങ്കെടുത്തിരുന്നതായി നാട്ടുകാർക്ക് ഓർമ്മയില്ല.
വർഷങ്ങൾക്ക് മുന്നേ നാട് വിട്ട് എറണാകുളത്തേക്ക് താമസം മാറിയ ഇയാൾ വല്ലപ്പോഴും മാത്രമാണ് വീട്ടിൽ എത്തിയിരുന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ജനുവരി 25 ന് നാട്ടിൽ എത്തിയ ഇയാൾ 27 ന് മടങ്ങി. പിതാവ് ഓട്ടോ റിക്ഷ ഓടിച്ചും മാതാവ് പപ്പടം നിർമ്മിച്ചും ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് ഇവരുടെ കുടുംബം ഇപ്പോഴും കഴിഞ്ഞു പോകുന്നത്. എന്നാൽ ആഡാംബര ജീവിതമാണ് വിജേഷ് നയിക്കുന്നത്. വില കൂടിയ കാറുകളിൽ സഞ്ചാരം, സിനിമ, സീരിയൽ രംഗത്തുള്ളവരും പ്രമുഖ ബിസിനസ് കാരുമായും സൗഹൃദം.
എറണാകുളം കേന്ദ്രീകരിച്ച് സിനിമ നിർമ്മാണ കമ്പനി ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നതായി നാട്ടുകാരിൽ ചിലർ പറയുന്നു. എന്നാൽ വിജേഷ് വിജയ് പിള്ള എന്ന പേര് സ്വീകരിച്ചത് എന്നാണന്ന് അടുത്ത ബന്ധുക്കൾക്ക് പോലും കൃത്യമായ ധാരണയില്ല. വർഷങ്ങൾക്ക് മുൻപ് എറണാകുളം സ്വദേശിനിയായ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
സി.പി.എമ്മിന്റെ ഏതെങ്കിലും നേതാക്കളുമായോ മുഖ്യമന്ത്രിയുടെ കുടുംബവുമായോ ഇയാൾക്ക് ഏതെങ്കിലും ബന്ധമുള്ളതായി അറിയില്ലെന്ന് പിതാവും പറയുന്നു. എന്തായാലും വിജേഷിന്റെ ജീവിതം അടിമുടി ദുരൂഹമാണന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. സ്വപ്നയുമായി ഇയാൾ നടത്തിയ കൂടി കാഴ്ചക്ക് പിന്നിലും പുറത്ത് അറിയാത്ത എന്തൊക്കെയോ നീക്കങ്ങൾ ഉണ്ടെന്ന സംശയവും നാട്ടുകാർ പങ്ക് വെക്കുന്നുണ്ട്.
Adjust Story Font
16