സി.എ.എ വിജ്ഞാപനം: സംസ്ഥാനത്തെങ്ങും ശക്തമായ പ്രതിഷേധം; പോരാട്ടത്തിന് ആഹ്വാനവുമായി യുവജന പ്രസ്ഥാനങ്ങൾ
വിജ്ഞാപനം പുറത്തിറങ്ങി അധികം വൈകാതെ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന പ്രസ്ഥാനങ്ങൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു രംഗത്തെത്തിയിരുന്നു
തിരുവനന്തപുരം/കോഴിക്കോട്: കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയതോടെ സംസ്ഥാനമെങ്ങും വ്യാപക പ്രതിഷേധം. വിജ്ഞാപനം പുറത്തിറങ്ങി അധികം വൈകാതെ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന പ്രസ്ഥാനങ്ങൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു രംഗത്തെത്തിയിരുന്നു. പിന്നാലെ രാജ്ഭവനിലേക്കും കേന്ദ്ര സ്ഥാപനങ്ങളിലേക്കെല്ലാം വലിയ പ്രതിഷേധമാണു നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടയൽ സമരങ്ങളും നടന്നു.
നിയമത്തിനെതിരെ തെക്കൻ കേരളത്തിൽ വ്യാപക പ്രതിഷേധമാണു നടക്കുന്നത്. വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നൈറ്റ് മാർച്ച് നടത്തിയായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചത്.
പൗരത്വ ഭേദഗതി നിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പ്രതിഷേധങ്ങളും കനത്തു. വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും രാജഭവനിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സാജിദ് ഖാലിദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെ വർഗീയമായി ചേരിതിരിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം ഏജീസ് ഓഫീസിലേക്കായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോർഡുകൾ തകർത്തു. കൊല്ലം ചിന്നക്കടയിൽ പന്തം കൊളുത്തിയായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.
തിരുവനന്തപുരത്തും എറണാകുളത്തും എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പൊലീരസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. എറണാകുളത്തും പെരുമ്പാവൂരിലും എസ്.ഐ.ഒ-സോളിഡാരിറ്റി പ്രവർത്തകർ പ്രകടനം നടത്തി.
വിജ്ഞാപനത്തിനെതിരെ മലബാറിലും പ്രതിഷേധം ശക്തമാണ്. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, വെൽഫെയർ പാർട്ടി, ഫ്രട്ടേണിറ്റി സംഘടനകൾ വിവിധയിടങ്ങളിൽ പ്രതിഷേധിച്ചു. കോഴിക്കോട് ഫ്രട്ടേണിറ്റി പ്രകടനത്തിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
സി.എ.എ വിജ്ഞാപനത്തിനെതിരെ കോഴിക്കോട് ആകാശവാണിയിലേക്കായിരുന്നു ഫ്രട്ടേണിറ്റി മൂവ്‌മെന്റ് പ്രകടനം. പ്രതിഷേധത്തിനുനേരെ പ്രകോപനമേതുമില്ലാതെ പൊലീസിന്റെ ലാത്തിച്ചാർജ് നടന്നു. ചിതറിയോടിയ പ്രവർത്തകരെ പിന്തുടർന്ന് പൊലീസ് അതിക്രമമുണ്ടായി. പ്രതിഷേധത്തിന്റെ ഭാഗമല്ലാത്തവർക്കുനേരെയും പൊലീസ് ലാത്തി വീശി.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. മലബാർ എക്‌സ്പ്രസിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കോഴിക്കോട്ടും മലപ്പുറത്തും ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ച് നടത്തി. കോഴിക്കോട് മേപ്പയ്യൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പാലക്കാട്, കോഴിക്കോട് നഗരം, കുന്ദമംഗലം, മുക്കം എന്നിവിടങ്ങളിൽ വെൽഫെയർ പാർട്ടിയും സി.എ.എ വിജ്ഞാപനത്തിനെതിരെ പ്രതിഷേധിച്ചു.
Summary: Widespread protests across Kerala against the official notification of the Citizenship Amendment Act by the central government
Adjust Story Font
16