വയനാട്ടിലും കാട്ടാനക്കലി; നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം
ഇന്നലെ വൈകിട്ടാണ് സംഭവം

വയനാട്: വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വെള്ളരി കാപ്പാട് സ്വദേശി മാനുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് തമിഴ്നാട്ടിൽ നിന്ന് ജോലികഴിഞ്ഞ് തിരികെ വരുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. വയനാട്ടിൽ നാളെ വിവിധ സംഘടനകൾ ഹർത്താൽ ആഹ്വാനം ചെയ്തു.
തമിഴ്നാട് -കർണാടക-കേരള അതിർത്തിയായ നൂൽപ്പുഴ പഞ്ചായത്തിലെ കാപ്പാട്ടെ സ്വാകാര്യ വ്യക്തിയുടെ വയലിൽ ഇന്നുരാവിലെയാണ് മാനുവിന്‍റെ മൃതദേഹം കണ്ടത്. മൂന്ന് ഭാഗവും വനത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് വന്യമൃഗ ശല്യവും രൂക്ഷമാണ്. വനംവകുപ്പ് സ്വയം സന്നദ്ധ പുനരധിവാസം പ്രഖ്യാപിച്ച മേഖലയിൽ നിന്ന് നിരവധി കുടുംബങ്ങൾ നേരത്തെ മാറി താമസിച്ചിരുന്നു.
ഡിഎഫ്ഒയും ജില്ലാകലക്ടറും അടക്കമുള്ളവർ എത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു. വന്യമൃഗശല്യം തുടർക്കഥയാവുമ്പോഴും മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മരിച്ച മാനുവിന് നാല് മക്കളാണുള്ളത്. മാനുവിനൊപ്പം ജോലിക്ക് പോയ ഭാര്യ ചന്ദ്രികയെ ഏറെനേരം കാണാതായത് ആശങ്കക്കിടയാക്കിയെങ്കിലും പൊലീസ് അന്വേഷണത്തിൽ പിന്നീട് ഇവരെ കണ്ടെത്തി.
Adjust Story Font
16