തൃശൂരില്‍ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു; വനംവകുപ്പിന്‍റെ അനാസ്ഥയെന്ന് നാട്ടുകാര്‍
കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു
തൃശൂരില്‍ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു. പാലപ്പിള്ളിയിലും കുണ്ടായിയിലും റബർ ടാപ്പിംഗിന് പോയ തൊഴിലാളികളെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. പ്രശ്നപരിഹാരത്തിന് പദ്ധതി തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് റബ്ബർ ടാപ്പിംഗ് തൊഴിലാളികളായ രണ്ട് പേരുടെ ജീവനെടുത്ത അതി ദാരുണ സംഭവം ഉണ്ടായത്. പുലര്‍ച്ചെ എലിക്കോട് ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന പാലപ്പിള്ളി സ്വദേശി സൈനുദീന്‍ കാട്ടാനയുടെ മുന്‍പില്‍ പെടുകയായിരുന്നു. ഭയന്ന് ബൈക്കില്‍ നിന്നും മറിഞ്ഞ് വീണ സൈനുദീനെ കാട്ടാന നൂറുമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊന്നത്. രാവിലെ ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
കുണ്ടായി എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ ചുങ്കാല്‍ സ്വദേശി പീതാംബരന്‍ ടാപ്പിംഗിന് സൈക്കിളില്‍ പോകുമ്പോഴായിരുന്നു ആക്രമണം. കുണ്ടായി ഇരുമ്പ് പാലത്തിന് സമീപത്ത് വെച്ച് ആന വരുന്നത് കണ്ട് ഓടി മാറാൻ ശ്രമിച്ചെങ്കിലും പിന്‍തുടര്‍ന്ന ആനകള്‍ പീതാംബരനെ ആക്രമിക്കുകയായിരുന്നു. കയ്യ് കാലുകൾക്ക് കുത്തേറ്റ് ഗുരുതമായി പരിക്കേറ്റ പീതാംബരനെ നാട്ടുകാര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കേരളത്തിൽ വന്യജീവി ആക്രമണം ചെറുക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും പാലപ്പിള്ളിയിലെ വിഷയം വനം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ. രാജൻ പ്രതികരിച്ചു. വിവരം അറിയിച്ച് ഒന്നര മണിക്കൂറിന് ശേഷമാണ് വനപാലകര്‍ സ്ഥലത്ത് എത്തിയത്. ഒരു വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ മേഖലയില്‍ നാലു പേർ മരിച്ചിട്ടും വനംവകുപ്പ് ശാശ്വതമായ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ റേഞ്ച് ഓഫീസറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.
Adjust Story Font
16