വിലക്ക് ലംഘിച്ച് മെഡി. കോളജ് കാത്ത്‌ലാബിലെ ഓണാഘോഷം: നടപടിയുണ്ടാവുമെന്ന് പ്രിൻസിപ്പൽ
ഓണാഘോഷം പാടില്ലെന്ന് മെഡി. കോളജ് പ്രിൻസിപ്പലിന്റെ സർക്കുലർ ഉണ്ടായിരുന്നു. ആഗസ്റ്റ് 31നാണ് സർക്കുലർ ഇറക്കിയത്.
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ കാത്ത് ലാബിൽ ചട്ടം ലംഘിച്ച് ഓണാഘോഷം നടത്തിയവർക്കെതിരെ നടപടിയുണ്ടാവുമെന്ന് പ്രിൻസിപ്പൽ. ആശുപത്രിക്കുള്ളിൽ ഓണാഘോഷം പാടില്ലെന്ന് മെഡി. കോളജ് പ്രിൻസിപ്പലിന്റെ സർക്കുലർ ഉണ്ടായിരുന്നു. ആഗസ്റ്റ് 31നാണ് സർക്കുലർ ഇറക്കിയത്.
രോഗികളിൽ നിന്ന് പരാതി ഉയരും എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സർക്കുലർ. ഇത് ലംഘിച്ചാണ് കാർഡിയോളജി വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചയ്ക്ക് കാത്ത് ലാബിന്റെ ഇടനാഴിയിലായിരുന്നു ഓണസദ്യ. വൈകിട്ട് മൂന്നിന് സമീപത്തെ സെമിനാർ ഹാളിൽ കലാപരിപാടികളും സംഘടിപ്പിച്ചു. സംഭവം പുറത്തായതോടെ പ്രിൻസിപ്പൽ ഡോ. ലിനറ്റ് മോറിസ് ഇടപെട്ട് ആഘോഷം നിർത്തിവെപ്പിക്കുകയായിരുന്നു.
ഓണാഘോഷം നടന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് അവകാശപ്പെട്ട് കാർഡിയോളജി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് രംഗത്തെത്തിയിരുന്നു. എന്നാൽ ഡോ. ശിവപ്രസാദ് ഓപ്പറേഷൻ തിയേറ്ററിലിടുന്ന യൂണിഫോമിലിരുന്ന് സദ്യ കഴിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
പുറത്തുനിന്ന് ലൈറ്റും മൈക്കും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എത്തിച്ചായിരുന്നു ഓണാഘോഷവും കലാപരിപാടികളും. കാത്ത് ലാബ് കോംപ്ലക്സിൽ ഡോക്ടർമാർക്കും വിദ്യാർഥികൾക്കും മാത്രമാണ് പ്രവേശനം എന്നിരിക്കെയാണ് കാർഡിയോളജി വിഭാഗത്തിലെ നൂറോളം ജീവനക്കാർ ഒരുമിച്ചുകൂടിയത്.
Adjust Story Font
16