'രാജിയില്ല, നിയമപരമായി നേരിടും': മന്ത്രി സജി ചെറിയാൻ
''തൻ്റെ ഭാഗം കൂടി കേൾക്കേണ്ടതായിരുന്നു. പ്രസംഗത്തെ പറ്റിയല്ല നിലവിലെ ഉത്തരവ്. പൊലീസ് അന്വേഷണത്തെ പറ്റിയാണ്. ഇപ്പോഴത്തേത് അന്തിമ വിധിയൊന്നുമല്ലല്ലോ''
സജി ചെറിയാന്‍
തിരുവനന്തപുരം: ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാൻ.
'' ധാർമികപരമായ ഒരു പ്രശ്നവുമില്ല. പൊലീസ് അന്വേഷിച്ചു. കീഴ്ക്കോടതി ആ റിപ്പോർട്ടിനെ സാധൂകരിക്കുന്ന തീരുമാനമെടുത്തു. അതിന് ശേഷമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരാൾ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി അന്വേഷിക്കാൻ പറഞ്ഞിട്ടുള്ള ഭാഗമേതാണോ അതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കട്ടേ. മുമ്പ് ധാർമികതയുടെ പേരിൽ രാജിവെച്ചു. ആ ധാർമികതയുടെ ഉത്തരവാദിത്വം കഴിഞ്ഞു. അതിന് ശേഷം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രിയായായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. താനിപ്പോഴും തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്''- സജി ചെറിയാന്‍ പറഞ്ഞു.
'' നിലവിലെ കേസിൽ താൻ കക്ഷിയല്ല. തൻ്റെ ഭാഗം കൂടി കേൾക്കേണ്ടതായിരുന്നു. പ്രസംഗത്തെ പറ്റിയല്ല നിലവിലെ ഉത്തരവ്. പൊലീസ് അന്വേഷണത്തെ പറ്റിയാണ്. ഇപ്പോഴത്തേത് അന്തിമ വിധിയൊന്നുമല്ലല്ലോ''- സജി ചെറിയാന്‍ പറഞ്ഞു.
ഭരണഘടനയെ ആക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന കേസിൽ പുനരന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. സംസ്ഥാന ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. കേസന്വേഷണം വേഗത്തില്‍ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
Watch Video Report
Adjust Story Font
16