Quantcast

ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി

കെ.കെ രമ എം.എൽ.എയുടെ പരാതിയിൽ പോലും കേസെടുക്കാതെയാണ് സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതെന്ന് വി.ഡി സതീ ശൻ

MediaOne Logo

Web Desk

  • Updated:

    2023-03-23 08:14:49.0

Published:

23 March 2023 8:06 AM GMT

Women in Kerala are being campaigned for not being safe citing isolated incident:CM
X

പിണറായി വിജയൻ

തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ചിലർ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കെതിരായ പ്രശ്‌നം പരിഹരിക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാലിത് പ്രയോജനപ്പെടുത്താൻ പലരും തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കെ.കെ രമ എം.എൽ.എയുടെ പരാതിയിൽ പോലും കേസെടുക്കാതെയാണ് സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.

''സ്ത്രീ സുരക്ഷയുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ജീവിക്കാൻ കൊള്ളില്ലാത്ത സ്ഥലമാണിത്, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഈ തിരുവനന്തപുരത്ത് ഒരു സ്ത്രീ പ്രഖ്യാപിച്ചിരിക്കുകയാണ് ഞാൻ നാട് വിടാൻ പോവുകയാണെന്ന്, ഇവിടെ ജീവിക്കാൻ കൊള്ളില്ലെന്ന്''- പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. അതേസമയം, തിരുവനന്തപുരം പാറ്റൂരിൽ യുവതിയെ ക്രൂരമായി ആക്രമിച്ച പ്രതിയെ പത്ത് ദിവസമായിട്ടും പൊലീസ് പിടികൂടിയില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പ്രതിയെ പിടിക്കാത്തതിൽ വനിതാ സംഘടനകൾ പ്രതിഷേധം ശക്തമാക്കി.

അക്രമം നടന്ന പാറ്റൂർ മുതൽ മെഡിക്കൽ കോളേജ് പരിസരം വരെയുള്ള നാൽപതോളം സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പ്രതി രക്ഷപ്പെട്ട ബൈക്ക് ദൃശ്യങ്ങളിലുണ്ടെങ്കിലും നമ്പർ വ്യക്തമല്ല. സംശയം തോന്നിയ ഒരാളെ ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചു. സ്ത്രീ സുരക്ഷയെ പറ്റി വാചാലമാകുന്ന സർക്കാർ സുരക്ഷയാരുക്കുന്നതിൽ പൂർണമായി പരാജയപെട്ടെന്ന് വനിതാ സംഘടനകൾ കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കമീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. മഹിളാ മോർച്ച പ്രവർത്തകർ പേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. സി.ഐയെ കണ്ട് സംസാരിക്കണമെന്ന് ആവശ്യപെട്ട് റോഡ് ഉപരോധിച്ചു. രണ്ടുദിവസത്തിനകം പ്രതിയെ പിടിക്കാമെന്ന സി.ഐയുടെ ഉറപ്പിന്മേലാണ് മഹിളാമോർച്ച പ്രതിഷേധം അവസാനിപ്പിച്ചത്.


TAGS :

Next Story