'പ്രത്യാഘാതം ആലോചിക്കാത്ത വികാരജീവികളാണിവർ, ഹർത്താൽ സംഘപരിവാറിനെ സഹായിക്കും'; വിമർശിച്ച് എം.എൻ കാരശേരി
വർഗീയത ഒരേ പന്തിയിൽ ഊണു കഴിക്കുന്നുവെന്ന ഗാന്ധി വചനവും എം.എൻ കാരശേരി ചൂണ്ടിക്കാട്ടി
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ നടത്തിയ ഹർത്താലിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ എം.എൻ കാരശേരി. പ്രത്യാഘാതം ആലോചിക്കാത്ത വികാരജീവികളാണ് പോപുലർ ഫ്രണ്ടുകാരെന്നും ഇന്നത്തെ ഹർത്താൽ ആരെ സഹായിച്ചില്ലെങ്കിലും സംഘപരിവാറിനെ സഹായിക്കുമെന്നും അദ്ദേഹം മീഡിയവൺ സ്‌പെഷ്യൽ എഡിഷനിൽ കുറ്റപ്പെടുത്തി. വർഗീയത ഒരേ പന്തിയിൽ ഊണു കഴിക്കുന്നുവെന്ന ഗാന്ധി വചനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ആക്രമിക്കപ്പെട്ടവരെല്ലാം ചായക്കടക്കാരും ഡ്രൈവർമാരുമൊക്കെയടങ്ങുന്ന പാവപ്പെട്ടവരാണെന്നും ഇവരുമായി ഭരണകൂട ഭീകരതയുമായി എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ ഹർത്താലിന് അറസ്റ്റിന്റെ പശ്ചാത്തലമെങ്കിലും പറയാനുണ്ടെന്നും മുമ്പ് കുട്ടി മുദ്രാവാക്യം വിളിച്ചപ്പോഴെ അവരുടെ സ്വഭാവം ആക്രമണോത്സുകമാണെന്നും അദ്ദേഹം വിമർശിച്ചു. ആക്രമണാത്മകമായ ചെറുപ്പക്കാരെ ആവേശം കൊള്ളിക്കുന്നതാണ് ഇവരുടെ ശൈലിയെന്നും എം.എൻ കാരശേരി പറഞ്ഞു.
അതേസമയം, കേരളത്തിൽ ഇന്ന് നടന്ന ഹർത്താലിനെയും തങ്ങളുടെ എതിരാളികൾ ആയുധമാക്കിയെന്നും മുഖംമൂടി ആക്രമണങ്ങൾ വരെ നടന്നുവെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിനിധി ഉസ്മാൻ ഹമീദ് കട്ടപ്പന പറഞ്ഞു. ഹർത്താൽ തീരുമാനിച്ചപ്പോൾ തന്നെ ഒഴിവാക്കിയെന്ന് കാണിച്ച് വ്യാജ കാർഡിറക്കി തളർത്താൻ ശ്രമം നടന്നുവെന്നും ജുമുഅ ദിവസമായതിനാൽ മുസ്‌ലിംകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയെന്ന് കാണിച്ച് വ്യാജ പോസ്റ്റർ ഇറക്കിയെന്നും അദ്ദേഹം മീഡിയവൺ സ്‌പെഷ്യൽ എഡിഷനിൽ പറഞ്ഞു. തങ്ങളുടെ ഒപ്പം നിൽക്കുന്നവരെ പോലും മാറിച്ചിന്തിക്കാൻ എതിരാളികൾ ഹർത്താലിനെ ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത വിധത്തിൽ പാർട്ടിയുടെ മുഴുവൻ നേതാക്കളെയും അറസ്റ്റ് ചെയ്തപ്പോൾ ഏറ്റവും വലിയ സമരമുറയായ ഹർത്താൽ സ്വീകരിക്കുകയായിരുന്നുവെന്നും അത് സമാധാന പൂർണമായി തന്നെ നടത്തണമെന്നാണ് പാർട്ടി തീരുമാനിച്ചതെന്നും ഉസ്മാൻ ഹമീദ് കട്ടപ്പന പറഞ്ഞു. ഹർത്താൽ ദിവസത്തിൽ ആക്രമണം നടത്തിയവരിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ നടപടി സ്വീകരിക്കാമെന്നും നിരപരാധികളെ ക്രൂശിക്കുന്നതിൽ വിശ്വസിക്കാത്തത് കൊണ്ടാണ് 30 കൊല്ലമായിട്ടും ഹർത്താൽ നടത്താതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധികളെ ആക്രമിച്ചു കൊണ്ടുള്ള ഒരു സമരമാർഗവും തങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും പറഞ്ഞു. മുഖംമൂടി ധരിച്ചവരെ പൊലീസ് കണ്ടെത്തട്ടേയെന്നും ആ കൂട്ടത്തിൽ തങ്ങളുടെ പ്രവർത്തകരുണ്ടെങ്കിൽ സംരക്ഷില്ലെന്നും ഉസ്മാൻ ഹമീദ് പറഞ്ഞു.
അതേസമയം, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിനോടനുബന്ധിച്ച് ആകെ 157 കേസുകളും 170 അറസ്റ്റും രേഖപ്പെടുത്തിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു. 368 പേരെയാണ് കരുതൽ തടങ്കലിൽവെച്ചത്. കണ്ണൂർ സിറ്റിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 28 കേസുകളാണ് കണ്ണൂരിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിൽ വെച്ചത്. 118 പേരെയാണ് തടങ്കലിൽവെച്ചത്.
ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ
- തിരുവനന്തപുരം സിറ്റി - 12, 11, 3
- തിരുവനന്തപുരം റൂറൽ - 10, 2, 15
- കൊല്ലം സിറ്റി - 9, 0, 6
- കൊല്ലം റൂറൽ - 10, 8, 2
- പത്തനംതിട്ട - 11, 2, 3
- ആലപ്പുഴ - 4, 0, 9
- കോട്ടയം - 11, 87, 8
- ഇടുക്കി - 3, 0, 3
- എറണാകുളം സിറ്റി - 6, 4, 16
- എറണാകുളം റൂറൽ - 10, 3, 3
- തൃശൂർ സിറ്റി - 6, 0, 2
- തൃശൂർ റൂറൽ - 2, 0, 5
- പാലക്കാട് - 2, 0, 34
- മലപ്പുറം - 9, 19, 118
- കോഴിക്കോട് സിറ്റി - 7, 0, 20
- കോഴിക്കോട് റൂറൽ - 5, 4, 23
- വയനാട് - 4, 22, 19
- കണ്ണൂർ സിറ്റി - 28, 1, 49
- കണ്ണൂർ റൂറൽ - 2, 1, 2
- കാസർകോട് - 6, 6, 28
അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപുലർ ഫ്രണ്ട് ദേശീയ നേതാക്കള ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്. രാവിലെ 11 മണിക്കാണ് എൻഐഎ ഡയറക്ടർ ജനറൽ ധിൻങ്കർ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യൽ ആരംഭിച്ചത്. കേരളത്തിൽ നിന്ന് ഇന്നലെ എത്തിച്ചവരും ഇവരിൽ ഉൾപ്പെടും. നാല് ദിവസമാണ് ചോദ്യംചെയ്യാനായി ഡൽഹി പട്ട്യാല ഹൗസ് കോടതി അനുവദിച്ചിരിക്കുന്നത്.
അതിനിടെ, പിഎഫ്‌ഐയെ നിരോധിക്കുമെന്ന സൂചന നൽകി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തുവന്നു. സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങൾക്കു നേരെ പി.എഫ്.ഐ ആക്രമണം നടത്തുകയാണെന്ന് കേന്ദ്രസഹമന്ത്രി ട്വീറ്റ് ചെയ്തു. ആക്രമണങ്ങൾ നടത്തി രാജ്യത്തെ ഭയപ്പെടുത്താമെന്ന് കരുതുന്നുവെങ്കിൽ അത് തെറ്റാണ്, അതിന് അവസാനമുണ്ടാകുമെന്നും ട്വീറ്റിലുണ്ട്.
ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഹർത്താൽ നിയമവിരുദ്ധമെന്ന് ജസ്റ്റിസ് കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട് ഡിവിഷൻ ബഞ്ച് വ്യക്തമാക്കുകയും ചെയ്തു. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി നിർദേശിച്ചു. ഹർത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഏഴ് ദിവസം മുമ്പ് നോട്ടിസ് നൽകിയേ ഹർത്താൽ നടത്താവൂവെന്നാണ് ഹൈക്കോടതിയുടെ മുൻ ഉത്തരവ്. മിന്നൽ ഹർത്താൽ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിനോട് കോടതി ഈ മാസം 29 ന് റിപോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.
ഹർത്താലിനെ തുടർന്ന് കണ്ണൂരിൽ വ്യാപക ആക്രമണമാണ് നടന്നത്. മട്ടന്നൂർ പാലോട്ട് പള്ളിയിൽ ചരക്കുലോറിക്ക് നേരെ പെട്രോൾബോംബെറിഞ്ഞു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ ലോറിയുടെ ചില്ല് തകർന്നു. ഇതോടെ നാലിടത്താണ് ബോംബേറുണ്ടായത്. മട്ടന്നൂർ ടൗണിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ബൈക്കിലെത്തിയ രണ്ടുപേർ നടത്തിയ ആക്രമണത്തിൽ ഓഫീസിലെ ഫർണിച്ചറുകൾ നശിപ്പിക്കപ്പെട്ടു. പാലോട്ടുപള്ളിയിൽ ലോറിക്ക് നേരെ ബോംബെറിഞ്ഞതും ഇതേ സംഘമാണെന്നാണ് കരുതപ്പെടുന്നത്. പുന്നാട് ഒരു ബൈക്ക് യാത്രികന് നേരെയും പെട്രോൾ ബോംബേറുണ്ടായിരുന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ നിവേദിന് നേരെയാണ് ബോംബെറിഞ്ഞത്. പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉളിയിലിൽ പത്രവിതരണ വാഹനത്തിനെതിരെ രാവിലെ ബോംബേറുണ്ടായിരുന്നു. കല്യാശ്ശേരിയിൽ വെച്ച് ഒരു പോപുലർ ഫ്രണ്ട് പ്രവർത്തകനെ പെട്രോൾ ബോംബുമായി പൊലീസ് പിടികൂടി. ഇയാളുടെ കയ്യിൽ നിന്ന് രണ്ട് പെട്രോൾ ബോബുകൾ കണ്ടെടുത്തു. ഹർത്താൽ അനുകൂലികൾ ആറളത്ത് കാർ അടിച്ചു തകർത്തു. കോളിക്കടവ് ഭാഗ്യരാജിന്റെ കാറാണ് തകർത്തത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുംവഴിയാണ് അക്രമമുണ്ടായത്.
അതേസമയം, പയ്യന്നൂരിൽ ബലമായി കടയടപ്പിക്കാൻ ശ്രമിച്ച പി.എഫ്.ഐ പ്രവർത്തകരെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു. ജില്ലയിൽ 20 ഓളം പേർ കരുതൽ തടങ്കലിലാണ്. കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരേ ആക്രമണമുണ്ടായി. വാഹനം തടഞ്ഞ് നിർത്തി ഇരുമ്പ് വടി കൊണ്ടായിരുന്നു ആക്രമണം.ബൈക്കിലെത്തിയ സംഘമാണ് ആക്രമം നടത്തിയത് .അടിമാലി ഇരുമ്പുപാലത്ത് കടയടപ്പിക്കാൻ ശ്രമിച്ച 3 പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. എസ്ഡിപിഐ ചില്ലിത്തോട് ബ്രാഞ്ച് സെക്രട്ടറി കാസിം, പ്രവർത്തകരായ എം എം സലാം, മുഹമ്മദ് ഇക്ബാൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഈരാറ്റുപേട്ടയിൽ നൂറോളം പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തുപാലക്കാട് കൂറ്റനാട് വാഹനങ്ങൾ തടഞ്ഞ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുകാസർകോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 7 പ്രവർത്തകരെ കരുതൽ തടങ്കിലാക്കിയിട്ടുണ്ട്. പോത്തൻകോട് കടയാക്രമിച്ച സംഭവത്തിൽ ഒരാളെ കസ്റ്റഡയിലെടുത്തു. കോഴിക്കോട് 16 പേരെ കരുതൽ തടങ്കലിൽ വെച്ചു. കുറ്റിക്കാട്ടൂരിൽ രണ്ടുപേരെ കരുതൽ തടങ്കലിൽ വെച്ചു. സുൽത്താൻ ബത്തേരിയിൽ റോഡ് തടഞ്ഞ 12 പേരെ അറസ്റ്റ് ചെയ്തു. 70 കെ.എസ്.ആർ.ടി.സി ബസുകൾ ഹർത്താലിൽ തകർക്കപ്പെട്ടതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 42 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും പറഞ്ഞു.
Writer MN Karasheri severely criticized the hartal conducted by the Popular Front of India in Kerala
Adjust Story Font
16