തിരുവഞ്ചൂരിന്റെ മകന് ദേശീയ മാധ്യമ കോഡിനേറ്റർ നിയമനം: എതിർപ്പുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
'ഒമ്പത് വർഷമായി സമര രംഗത്ത് സജീവമായി നിൽക്കുന്ന ഒരു പ്രവർത്തകനും ടിയാനെ കണ്ടതായി ഓർക്കുന്നില്ല'
അർജുൻ രാധാകൃഷ്ണൻ
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ ദേശീയ മാധ്യമ കോഡിനേറ്റർ ആയി നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി പ്രവീൺ രംഗത്ത്. സംസ്ഥാന കമ്മറ്റി നിലവിൽ വന്നു മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അര്‍ജുനെ ഒരു പരിപാടിയിലും കണ്ടില്ലെന്ന് എം.പി പ്രവീൺ പറയുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു പ്രവീണിന്റെ വിമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
യൂത്ത് കോൺഗ്രസ്സ് ദേശീയ മാധ്യമ കോർഡിനേറ്റർ ആയി കഴിഞ്ഞ ദിവസം നിയമിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എയുടെ മകൻ അര്‍ജുന്‍ രാധാകൃഷ്ണനെ സംസ്ഥാന കമ്മറ്റി നിലവിൽ വന്നു മൂന്നു വർഷം കഴിഞ്ഞ ഇതുവരെ ഒരു പരിപാടിക്കും സംസ്ഥാന ഭാരവാഹിയായ ഞാൻ കണ്ടിട്ടില്ല. ഒമ്പത് വർഷമായി സമര രംഗത്ത് സജീവമായി നിൽക്കുന്ന ഒരു പ്രവർത്തകനും ടിയാനെ കണ്ടതായി ഓർക്കുന്നില്ല. മറ്റൊരു നേതാവിന്റെ മകൻ അനിൽ ആന്റണി ഈ സമൂഹത്തിൽ അദ്ദേഹം നേടിയതൊക്കെ കോണ്ഗ്രസിന്റെ ചോറാണ് എന്ന് മറന്നിട്ടു, ജനാധിപത്യത്തിന്റെ അവസാന പ്രതീക്ഷയായ രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയപ്പോൾ വരെ വിമർശിച്ചു രംഗത്ത് വന്നു. ഇങ്ങനെയുള്ള നിയമനങ്ങൾ അനുവദിക്കരുത്. കഷ്ടപ്പാടും യാതനയും അനുഭവിക്കുന്ന സാധാരണ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന്റെ നെഞ്ചത്ത് ചവിട്ടിയുള്ള ഇത്തരത്തിലുള്ള തീരുമാനം അനുവദിക്കാൻ പാടില്ല ശക്തമായ വിയോജിപ്പ് രേഖപെടുത്തുന്നു. തീരുമാനം പുനപരിശോധിക്കണം.
Adjust Story Font
16