Quantcast

'സംഘ്പരിവാറിന് നട തുറന്നുകൊടുത്തത് ടി.എൻ പ്രതാപനും ഡി.സി.സി പ്രസിഡന്‍റും '; യൂത്ത് കോൺഗ്രസ്

പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ലെന്ന് പോസ്റ്റര്‍

MediaOne Logo

Web Desk

  • Updated:

    2024-06-05 05:39:44.0

Published:

5 Jun 2024 5:20 AM GMT

Youth congress
X

തൃശ്ശൂര്‍: സംഘ്പരിവാറിന് നട തുറന്ന് കൊടുത്തത് ടി.എൻ പ്രതാപനും ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂരുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ. മുഹമ്മദ് ഹാഷിം, എബിമോൻ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവരാണ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. തൃശ്ശൂരിലെ പരാജയത്തിന് കാരണക്കാർ കോൺഗ്രസ് ജില്ലാ നേതൃത്വമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചു.

'തൃശൂരിലെ ജനങ്ങൾക്ക് കോൺഗ്രസിനോട് അകൽച്ചയും അതൃപ്തിയുമുണ്ട്. അതിന് കാരണം ജില്ലാ നേതൃത്വമാണ്. കെ.മുരളീധരൻ്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ പ്രവർത്തകർക്ക് എന്താവും സ്ഥിതി? നേതൃത്വത്തിൻ്റെ പിടിപ്പുകേട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വ്യക്തമാണെന്നും ഇവര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ യു.ഡി.എഫ് നേതൃത്വത്തിന് ആയില്ല.ചാലക്കുടിയിലും ആലത്തൂരും ഇത് പ്രകടമാണ്. ഇക്കാര്യം ഉന്നയിച്ച് നേതൃത്വത്തിന് പരാതി നൽകും'. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിക്കെതിരെ കെ.മുരളീധരനും പ്രതികരിച്ചിരുന്നു.

അതിനിടെ ടി.എൻ പ്രതാപനും തൃശൂർ ഡിസിസി പ്രസിഡന്റിനുമെതിരെ പോസ്റ്ററുകളും വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെക്കണം, പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ലെന്നും ഡിസിസി ഓഫീസിന് മുന്നിൽ വെച്ച പോസ്റ്ററിൽ പറയുന്നു.പോസ്റ്ററുകൾ പിന്നീട് ഒരു വിഭാഗം പ്രവർത്തകർ എത്തി നീക്കം ചെയ്തു.


TAGS :

Next Story