Quantcast

യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ്: ഗ്രൂപ്പുകളിലെ ഭിന്നതക്ക് അവസാനമായില്ല; വോട്ട് ചോര്‍ച്ച ഭയപ്പെട്ട് എ,ഐ ഗ്രൂപ്പുകള്‍

കെ.സുധാകരനും വി.ഡി സതീശനും ആരേയും നേരിട്ട് പിന്തുണക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    16 Jun 2023 12:48 AM GMT

Youth Congress,elections,യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ്: ഗ്രൂപ്പുകളിലെ ഭിന്നതയ്ക്ക് അവസാനമായില്ല; വോട്ട് ചോര്‍ച്ച ഭയപ്പെട്ട് എ,ഐ ഗ്രൂപ്പുകള്‍,കെ.സുധാകരനും വി.ഡി സതീശനും,latest malayalam news
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകളുടെ വോട്ടുകളില്‍ ചോര്‍ച്ച ഉറപ്പായി. അധ്യക്ഷ സ്ഥാനത്തേക്ക് ഒറ്റ സ്ഥാനാര്‍ഥി മതിയെന്ന് എ ഗ്രൂപ്പ് തീരുമാനിച്ചതെങ്കിലും വൈസ് പ്രസിഡന്‍റ് സ്ഥാനം ലക്ഷ്യമിട്ട് ഗ്രൂപ്പില്‍ നിന്ന് തന്നെ കൂടുതല്‍ പേര്‍ നാമനിര്‍ദേശം നല്‍കി. ഐ ഗ്രൂപ്പിനും അധ്യക്ഷ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഏകോപിത അഭിപ്രായം രൂപീകരിക്കാനായില്ല

എ ഗ്രൂപ്പിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് ഒറ്റ സ്ഥാനാര്‍ഥി മതിയെന്നും എ ഗ്രൂപ്പ് നേതൃത്വം നിശ്ചയിച്ചിരുന്നു. എന്നാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരില്‍ നിന്ന് വോട്ടിന്‍റെ അടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്‍റിനെ നിശ്ചയിക്കുന്നതാണ് തെരഞ്ഞെടുപ്പ് രീതി. അതിനാല്‍ ഗ്രൂപ്പിന് വൈസ് പ്രസിഡന്‍റുമാരുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി നാല് പേര്‍ കൂടി ഗ്രൂപ്പില്‍ നിന്ന് നോമിനേഷന്‍ നല്‍കി. ഇവരാകട്ടെ തങ്ങളാണ് യഥാര്‍ഥ ഉമ്മന്‍ചാണ്ടി ബ്രിഗേഡെന്ന് അവകാശപ്പെട്ടാണ് മത്സര രംഗത്തുള്ളത്. ഇതോടെ ഗ്രൂപ്പിലെ സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാനായി വോട്ട് വീതം വെയ്ക്കേണ്ട തലവേദനയും ഗ്രൂപ്പ് നേതൃത്വത്തിനായി. ഗ്രൂപ്പില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വീതം വെപ്പ് ഫലപ്രദമാവില്ലെന്ന ആശങ്കയും ശക്തമാണ്. എങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ അധ്യക്ഷനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഐ ഗ്രൂപ്പിന്‍റെ പൊതു സ്ഥാനാര്‍ഥിയാവാന്‍ അബിന്‍ വര്‍ക്കി ശ്രമിച്ചിരുന്നെങ്കിലും ഗ്രൂപ്പില്‍ നിന്ന് ഒ.ജെ ജനീഷും പ്രത്രിക നല്‍കി. താഴെ തട്ട് മുതല്‍ പ്രവര്‍ത്തിച്ചുവെന്നതാണ് ജനീഷിനൊപ്പമുള്ളവര്‍ യോഗ്യതയായി പ്രചാരണം നടത്തുന്നത്. ഇതോടെ ഐ ഗ്രൂപ്പ് വോട്ടുകളും വിഭജിക്കപ്പെടും. കെ. സി വേണുഗോപാല്‍ പക്ഷത്ത് നിന്ന് ബിനു ചുള്ളിയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് വേണ്ടെന്നു വെച്ചു. മതിയായ വോട്ടുകള്‍ സമാഹരിക്കാനായില്ലെങ്കില്‍ തിരിച്ചടിയാവുമെന്ന കെ സി വേണുഗോപാല്‍ പക്ഷ നേതാക്കളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് പിന്‍മാറ്റം. കെ.സുധാകരനും വി.ഡി സതീശനും ആരേയും നേരിട്ട് പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് 15 പേര്‍ ആകെ പത്രിക നല്‍കിയപ്പോള്‍ വനിതകളില്‍ നിന്നും വീണാ എസ് നായരും അരിതാ ബാബുവും മത്സര രംഗത്തുണ്ട്.

TAGS :

Next Story