കൊടൈക്കനാലിലേക്ക് വിനോദയാത്രക്ക് പോയ യുവാവിനെ കാണാതായിട്ട് നാലുമാസം; ഇനിയും കണ്ടെത്താനാകാതെ പൊലീസ്
കഴിഞ്ഞ വർഷം നവംബർ 9 നാണു കൊടൈക്കനാലിലേക്ക് അനന്തു ഉൾപ്പടെ 5 പേർ വിനോദയാത്ര പോയത്
തൃശ്ശൂർ: കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ തൃശൂർ കാഞ്ഞാണി സ്വദേശി അനന്തുവിനെ കാണാതായ കേസിൽ ഇരുട്ടിൽ തപ്പുകയാണ് അന്തിക്കാട് പൊലീസ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തിനെ നിയോഗിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അനന്തുവിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി പൗര സമിതി രൂപീകരിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.
കഴിഞ്ഞ വർഷം നവംബർ 9 നാണു കൊടൈക്കനാലിലേക്ക് അനന്തു ഉൾപ്പടെ 5 പേർ വിനോദയാത്ര പോയത്. രാത്രി 10 മണിക്ക് കൊടൈക്കനാലിൽ എത്തിയ ശേഷം മറ്റുള്ളവർ മുറിയിൽ വിശ്രമിച്ചു. എന്നാൽ സുഹൃത്തുമൊത്ത് അനന്തു കാറിൽ പുറത്തേക്ക് പോയി. സിറ്റിയിൽ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരമുള്ള താഴ് വാരത്തിലൂടെ യാത്ര ചെയ്യുമ്പോൾ കാർ നിയന്ത്രണം അപകടമുണ്ടാക്കി. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. കാർ എടുക്കാതെ അവിടെ നിന്ന് ഓടിയെന്ന് മുറിയിൽ മടങ്ങിയെത്തിയ സുഹൃത്ത് അറിയിച്ചു. സംഭവ സ്ഥലത്ത് ഒപ്പമുണ്ടായിരുന്ന അനന്തുവിനെ പിന്നീട് കണ്ടില്ലെന്നാണ് സുഹൃത്തിന്റെ മൊഴി. എന്നാൽ പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലാത്ത യുവാവിന്റെ കുടുംബം പ്രത്യേക അന്വേഷണ സംഘത്തിനായി അപേക്ഷ നൽകാൻ ഒരുങ്ങുകയാണ്.
അന്തിക്കാട് പൊലീസിന്റെ അന്വേഷണം പാതിവഴിയിൽ നിലച്ചെന്ന് ആരോപിച്ച് നാട്ടുകാരും ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. വിദേശത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്നതിനിടെയായിരുന്നു അനന്ദുവിന്റെ തിരോധാനം.
Adjust Story Font
16