'മൊട്ടത്തല'യിൽ ബ്രാൻഡുകൾക്ക് പരസ്യം ചെയ്യാം; വ്യത്യസ്ത ആശയവുമായി മലയാളി യൂട്യൂബർ
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷഫീക്ക് ഹാഷിം എന്ന ട്രാവൽ വ്ലോഗർ ഇക്കാര്യം അറിയിച്ചത്
ആലപ്പുഴ: പരസ്യം ചെയ്യാൻ നിരവധി വഴികൾ ഇപ്പോൾ നിലവിലുണ്ട്. വെറുതെ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടാൽ തന്നെ ലോകം മൊത്തം കാണുന്ന കാലമാണിത്. അതിനിടയിലാണ് വ്യത്യസ്തമായൊരു പരസ്യമാർഗവുമായി ഒരു യൂട്യൂബറെത്തുന്നത്. പരസ്യം ചെയ്യാനായി സ്വന്തം തല വാടകയ്ക്ക് നൽകാനാണ് ആലപ്പുഴക്കാരനായ യുവാവ് ഒരുങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷഫീക്ക് ഹാഷിം എന്ന ട്രാവൽ വ്ലോഗർ ഇക്കാര്യം അറിയിച്ചത്.
'അടുത്തിടെ ഒരു ഹെയർ ട്രാൻസ്പ്ലാൻ്റിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ നീണ്ട ആലോചനക്ക് ശേഷം എന്നോട് തന്നെ സത്യസന്ധത പുലർത്തുക എന്നതാണ് ശരിക്കും പ്രധാനം എന്ന് തിരിച്ചറിഞ്ഞു. കഷണ്ടി സ്വാഭാവികമാണ്, അതിൽ ലജ്ജിക്കാൻ ഒന്നുമില്ല. കഷണ്ടി മനോഹരമാണെന്ന് ഞാൻ വിശ്വസിക്കുന്നു.'- ഷഫീക്ക് ഫേസ്ബുക്കിൽ കുറിച്ചു.
'ഒരു സവിശേഷ ആശയം ഞാൻ അവതരിപ്പിക്കുകയാണ്. എന്റെ കഷണ്ടിത്തല പരസ്യത്തിനായി ഞാൻ വാടകയ്ക്ക് നൽകുന്നു. ഏതെങ്കിലും ബ്രാൻഡ് അവരുടെ ലോഗോയോ സന്ദേശമോ എന്റെ തലയിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വാഗതം ചെയ്യുന്നു. എന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിങ്ങളുടെ ബ്രാൻഡിന് പ്രമോഷൻ നൽകാം. 28000 സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനലെനിക്കുണ്ട്.'- ഷഫീക്ക് തുടർന്നു.
'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' പോലുള്ള ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. 'പോസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ 100ലധികം പേരാണ് ഞാനുമായി ബന്ധപ്പെട്ടത്. പരസ്യം ചെയ്യാൻ എത്ര രൂപ ഈടാക്കണമെന്ന് ഞാൻ കണക്കുകൂട്ടിയിട്ടുണ്ട്. ബ്രാൻഡുകൾ ഈ ആവശ്യം അംഗീകരിച്ചാൽ പരസ്യം ചെയ്യാൻ എൻ്റെ തല ഞാൻ നൽകും.'- ഷഫീക്കിനെ ഉദ്ധരിച്ച് 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
Adjust Story Font
16