ഭിന്നിപ്പിനിടയിലും ശ്രദ്ധേയമായി ജി.സി.സി. സൈനിക മേധാവികളുടെ കൂടിക്കാഴ്ച്ച
ഖത്തറുമായുള്ള എല്ലാ ബന്ധവും സൗദി അറേബ്യ ഉൾപ്പെടെ ചതുർ രാജ്യങ്ങൾ വിഛേദിച്ചതോടെ രൂപപ്പെട്ട പ്രതിസന്ധി തുടരുന്നതിനിടയിൽ തന്നെയാണ് ജി.സി.സി സൈനിക സമിതി നേതൃത്വം കുവൈത്തിൽ യോഗം ചേർന്നത്
അകൽച്ച തുടരുന്നതിനിടയിലും ഗൾഫ് മേഖലയുടെ സുരക്ഷക്കായി യോജിച്ചു പ്രവർത്തിക്കാൻ ഖത്തർ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളുടെ സൈനിക നേതൃത്വം. കുവൈത്തിൽ സമാപിച്ച ജി.സി.സി സുപ്രീം സൈനിക സമിതി മേധാവികളുടെ യോഗത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളും സംബന്ധിച്ചു എന്നതും ശ്രദ്ധേയമായി.
ഖത്തറുമായുള്ള എല്ലാ ബന്ധവും സൗദി അറേബ്യ ഉൾപ്പെടെ ചതുർ രാജ്യങ്ങൾ വിഛേദിച്ചതോടെ രൂപപ്പെട്ട പ്രതിസന്ധി തുടരുന്നതിനിടയിൽ തന്നെയാണ് ജി.സി.സി സൈനിക സമിതി നേതൃത്വം കുവൈത്തിൽ യോഗം ചേർന്നത്. സംയുക്ത സൈനികാഭ്യാസം ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. എല്ലാ ജി.സി.സി സൈനിക വിഭാഗങ്ങളുടെയും ഏകോപനമെന്ന ലക്ഷ്യവും യോഗത്തിന്റെ അജണ്ടയിൽ ഇടം പിടിച്ചിരുന്നതായി കുവൈത്ത് വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കുന്നു.
ഗാനിം അൽ ഗാനിമാണ് ഖത്തറിനെ പ്രതിനിധാനം ചെയ്ത് യോഗത്തിൽ പങ്കെടുത്തത്. സൗദിയിൽ നിന്ന് മേജർ ജനറൽ ഫയ്യാദ് ബിൻ ഹാമിദ് ബിൻ റഗദ് അൽ റുവൈലിയും സംബന്ധിച്ചു.
കഴിഞ്ഞ ദിവസം കുവൈത്ത് അമീർ വൈറ്റ് ഹൗസിൽ യു.എസ്
പ്രസിഡൻറ് ട്രംപുമായി ചർച്ച നടത്തിയിരുന്നു. ഇറാൻ ഉയർത്തുന്ന സുരക്ഷ വെല്ലുവിളി നേരിടാൻ ജി.സി.സി രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന നിർദേശമാണ് ട്രംപ് മുന്നോട്ടു വെച്ചതെന്ന്
റിപ്പോർട്ടുണ്ട്. യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്
യു.എ.ഇയിലും മറ്റും കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.
ഗൾഫ് പ്രതിസന്ധിയെ തുടർന്ന് ട്രംപ് വിളിച്ചു ചേർക്കാൻ തീരുമാനിച്ച ജി.സി.സി ഉച്ചകോടി അടുത്ത വർഷത്തേക്ക് മാറ്റിയിരിക്കുകയാണ്.
Adjust Story Font
16