കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ മിന്നൽ പരിശോധനക്കായി പ്രത്യേക സമിതി രൂപീകരിക്കും
നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും നിയമലംഘനങ്ങൾ കണ്ടെത്തുകയുമാണ് ലക്ഷ്യം
കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ മിന്നൽ പരിശോധന നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക സമിതി രൂപീകരിക്കുന്നു. വിവിധ മന്ത്രാലങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാകും സമിതി. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും നിയമലംഘനങ്ങൾ കണ്ടെത്തുകയുമാണ് ലക്ഷ്യം.
സ്‌കൂൾ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതോടൊപ്പം കുട്ടികൾക്ക് നൽകുന്ന സേവനങ്ങൾ, ഫീസ് ഘടന തുടങ്ങിയവയെല്ലാം പ്രത്യേക സമിതി പരിശോധിക്കും. ചില സ്കൂളുകളിൽ മുൻകാലങ്ങളിൽ കണ്ടെത്തിയ നിയമ ലംഘനങ്ങളുടെ തുടർ പരിശോധനയും സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. വിവിധ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വികസന പ്രവർത്തനങ്ങൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ക്ലാസുകളുടെ എണ്ണം കൂട്ടുന്നതിനും കെട്ടിടങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനും വാഹന പാർക്കിംഗ് സൗകര്യം കൂട്ടുന്നതിനുമാണ് കുടുതൽ അപേക്ഷകൾ ലഭിച്ചത്. പക്ഷെ സമർപ്പിച്ചവരുടെ ആവശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഇക്കാര്യത്തിലും പ്രത്യേക സമിതി നേരിട്ടുള്ള വിവരശേഖരണം നടത്തുമെന്നു വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
Adjust Story Font
16