കുവൈത്തിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന് നിയമനിർമാണം കൊണ്ടുവന്നേക്കും
സ്വകാര്യ കമ്പനികളിൽ നിർബന്ധമായും നിയമിക്കേണ്ട കുവൈത്തികളുടെ എണ്ണം വർധിപ്പിക്കാനും ചില തസ്തികകൾ സ്വദേശികൾക്ക് മാത്രമാക്കാനുമാണ് ശിപാർശ.
കുവൈത്തിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന് നിയമനിർമാണം കൊണ്ടുവന്നേക്കും. ഇത് സംബന്ധിച്ച കരട് നിർദേശം കഴിഞ്ഞ ദിവസം കാബിനറ്റ് യോഗം ചർച്ച ചെയ്തു. സ്വകാര്യ കമ്പനികളിൽ നിർബന്ധമായും നിയമിക്കേണ്ട കുവൈത്തികളുടെ എണ്ണം വർധിപ്പിക്കാനും ചില തസ്തികകൾ സ്വദേശികൾക്ക് മാത്രമാക്കാനുമാണ് ശിപാർശ.
പുതുതായി പഠിച്ചിറങ്ങുന്ന യുവാക്കൾക്ക്കൂടി തൊഴിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിയമ നിർമാണത്തെ കുറിച്ച് ആലോചിക്കുന്നത്. നിലവിൽ 13500 സ്വദേശികൾ തൊഴിലിനായി സിവിൽ സർവീസ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാവർക്കും പൊതുമേഖലയിൽ ജോലി നൽകാൻ കഴിയില്ല എന്ന യാഥാർഥ്യമാണ് സ്വകാര്യ മേഖലയിലേക്ക് കൂടി സ്വദേശി വൽക്കരണം വ്യാപിപ്പിക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.
സ്വകാര്യ മേഖലയിൽ നിന്ന് പുറത്താക്കപ്പെടുന്ന വിദേശികൾക്ക് പകരം താൽക്കാലികമായി ജോലിക്കാരെ കണ്ടെത്താൻ കൺസൾട്ടൻസി സ്ഥാപനത്തെ ചുമതലപ്പെടുത്തുന്ന കാര്യവും പരിഗണയിലുണ്ട്. സ്വദേശികൾക്ക് പരിശീലനം നൽകി അവരെ ജോലിക്ക് പ്രാപ്തമാക്കുന്നത് വരെ മാത്രമാവും താൽക്കാലിക നിയമനം. സ്ഥിരമായി ജോലി ചെയ്തുവരുന്ന വിദേശികളെ ഒറ്റയടിക്ക് ഒഴിവാക്കുമ്പാൾ ഉണ്ടാവുന്ന അനിശ്ചിതാവസ്ഥ മറികടക്കാനാണിത്. 17000 സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി നൽകാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. പൊതുമേഖലയിൽ ഒഴിവാക്കാൻ കഴിയുന്ന എല്ലാ തസ്തികകളിൽനിന്നും വിദേശികളെ മാറ്റുകയെന്ന നയം സർക്കാർ നേരത്തെ തന്നെ കൈക്കൊണ്ടിട്ടുണ്ട്
Adjust Story Font
16