കുവൈത്തിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ ഫലസ്തീനിലെ ഗസ്സയിൽനിന്ന് 70 അധ്യാപകർ കൂടി
കുവൈത്തിലെ അധ്യാപകക്ഷാമം പരിഹരിക്കാൻ ഫലസ്തീനിലെ ഗസ്സയിൽനിന്ന് 70 അധ്യാപകർ കൂടി എത്തി. പുതിയ അധ്യയന വർഷത്തിൽ ഒഴിവുള്ള അധ്യാപക തസ്തികളിൽ വിദേശികളിൽ ഫലസ്തീനികൾക്ക് മുൻഗണന നൽകുമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഗസ്സയിൽ നിന്ന് അധ്യാപകർ എത്തിയത്.
വെസ്റ്റ് ബാങ്കിൽനിന്നുള്ള 37 കണക്ക് അധ്യാപകർ കഴിഞ്ഞയാഴ്ച രാജ്യത്ത് എത്തിയിരുന്നു. സർക്കാർ മേഖലയിൽ നിന്ന് വിദേശികളെ ഒഴിവാക്കാനുള്ള നടപടികൾ സജീവമാണെങ്കിലും വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇക്കാര്യത്തിൽ ഇളവ് നൽകിയിരുന്നു . രാജ്യത്തെ സ്‌കൂളുകളിൽ അധ്യാപക ക്ഷാമം രൂക്ഷമായാണ് ഇതിനു കാരണം, ഇറാഖ് അധിനിവേശത്തോട് ഫലസ്തീൻ സ്വീകരിച്ച അനുകൂല നിലപാടുകളെ തുടർന്ന് 27 വർഷമായി ഫലസ്തീനികളെ സ്വീകരിക്കുന്നത് കുവൈത്ത് നിർത്തിവെച്ചിരിക്കുകയായിരുന്നു.
ഒരുകാലത്ത് കുവൈത്തിലെ സർക്കാർ തസ്തികമേഖലയിൽ ശക്തമായ സാന്നിധ്യമായിരുന്നു ഫലസ്തീൻ പൗരന്മാർ. അധിനിവേശകാലത്തെ പി.എൽ.ഒ സ്വീകരിച്ച ഇറാഖ് അനുകൂല നിലപാടിനെ തുടർന്ന് 1991ലാണ് കുവൈത്ത് ഫലസ്തീനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഇതിന്റെ തുടർച്ചയെന്നോണം ഫലസ്തീൻ പാസ്പോർട്ടിൻറ അംഗീകാരം എടുത്തുകളയുകയും രാജ്യത്തുണ്ടായിരുന്ന ഫലസ്തീൻ പൗരന്മാരെ തിരിച്ചയക്കുകയും ചെയ്തു. എന്നാൽ വിദ്വേഷത്തിന്റെ പഴയ കാലം മറന്ന് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ അടുത്തകാലത്താണ് ഇരു രാജ്യങ്ങളും തീരുമാനത്തിലെത്തിയത്.
Adjust Story Font
16