Quantcast

വൻകിട വികസന പദ്ധതികളിൽ കുവൈത്ത് ചൈനയുമായി ധാരണയിലെത്തി

സിൽക്ക് സിറ്റിയുടെയും അഞ്ചു ദ്വീപുകളുടെയും വികസന പ്രവർത്തികൾ യാഥാർഥ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിലാണ് ഇരു രാജ്യങ്ങളും ഒപ്പു വെച്ചത്.

MediaOne Logo

Web Desk

  • Published:

    18 Nov 2018 6:46 PM GMT

വൻകിട വികസന പദ്ധതികളിൽ കുവൈത്ത് ചൈനയുമായി ധാരണയിലെത്തി
X

രാജ്യത്തെ വൻകിട വികസന പദ്ധതികളില്‍ പങ്കാളികളാകാൻ കുവൈത്ത് ചൈനയുമായി ധാരണയിലെത്തി. സിൽക്ക് സിറ്റിയുടെയും അഞ്ചു ദ്വീപുകളുടെയും വികസന പ്രവർത്തികൾ യാഥാർഥ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിലാണ് ഇരു രാജ്യങ്ങളും ഒപ്പു വെച്ചത്.

ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ നടന്ന ചടങ്ങിൽ കുവൈത്തിനുവേണ്ടി സിൽക്ക് സിറ്റി-ബൂബ്യാൻ ദീപ് വികസന കാര്യ എക്സിക്യുട്ടീവ് പ്രസിഡൻറ് ഫൈസൽ അൽ മുദ്ലഹും ചൈനയെ പ്രതിനിധീകരിച്ച് വികസന-പരിഷ്കരണ സമിതി ഉപമേധാവി നെഗോ സീയുമാണ് കരാറിൽ ഒപ്പുവെച്ചത്. വിശദമായ ചർച്ചകൾക്കുശേഷമാണ് ഇരു വിഭാഗവും പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ ധാരണയിലെത്തിയത്.

ദ്വീപ് വികസന പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുമെന്ന് ഇരു വിഭാഗവും പ്രതീക്ഷ പുലർത്തി. സിൽക്ക് സിറ്റി വികസന കാര്യ സമിതി അംഗങ്ങളായ ബദർ അൽ ഹാജിരി, ആദിൽ അൽ സൽഹാത്ത്, മുസായിദ് ഷരീദ എന്നിവരും ചൈനീസ് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥരും ഒപ്പുവെക്കൽ ചടങ്ങിൽ സംബന്ധിച്ചു.

അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നടത്തിയ ബീജിംഗ് സന്ദർശനത്തോടെയാണ് കുവൈത്ത് - ചൈന സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചത്. രാജ്യത്തിന്‍റെ സമൂല വികസനം ലക്ഷ്യം വെച്ച് കുവൈത്ത് നടപ്പാക്കുന്ന വിഷൻ 2035നുവേണ്ടിയുള്ള ശാസ്ത്ര-സാങ്കേതിക സഹായങ്ങൾ നൽകാൻ ചൈന നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു.

TAGS :

Next Story