കുവൈത്തിൽ ഇൻഷുറൻസ് സേവന കേന്ദ്രത്തിലെ തിരക്കിന് പരിഹാരം
ഇൻഷുറൻസ് പ്രീമിയം ഈടാക്കുന്നത് കെനെറ്റ് വഴിയാക്കിയതു മൂലം ഇടപാടുകൾ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിട്ടതായിരുന്നു കാരണം
കുവൈത്തിൽ ഇൻഷുറൻസ് സേവന കേന്ദ്രത്തിലെ തിരക്കിന് പരിഹാരമായതായി ആരോഗ്യമന്ത്രാലയം. അടുത്ത ആഴ്ച മുതൽ ഇടപാടുകാർക്ക് കാത്തിരിപ്പില്ലാതെ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രാലയത്തിലെ നിയമകാര്യ അസിസ്റ്റൻഡ് സെക്രട്ടറി മുഹമ്മദ് അൽ സുബൈ അറിയിച്ചു.
കഴിഞ്ഞ ആഴ്ചകളിൽ ജാബിറിയയിലെ ഇൻഷുറൻസ് സേവനകേന്ദ്രത്തിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇൻഷുറൻസ് പ്രീമിയം ഈടാക്കുന്നത് കെനെറ്റ് വഴിയാക്കിയതു മൂലം ഇടപാടുകൾ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിട്ടതായിരുന്നു കാരണം. പുലർച്ചെ മുതൽ വരി നിന്നിട്ടും ഇൻഷുറൻസ് അടക്കാൻ സാധിക്കാതെ ആളുകൾ മടങ്ങിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു.
പ്രളയത്തെ തുടർന്നുള്ള അപ്രതീക്ഷിത അവധികൾ കൂടിയായതോടെ ആൾത്തിരക്ക് പാരമ്യതയിലെത്തി. എന്നാൽ കൂടുതൽ കാർഡ് സ്വൈപ്പിംഗ് മെഷീനുകൾ സജ്ജീകരിച്ചും കമ്പ്യൂട്ടർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ചുമാണ് അധികൃതർ പ്രശനം പരിഹരിച്ചത്. ബുധനാഴ്ച തന്നെ വലിയ കാത്തിരിപ്പിലാതെ ആളുകൾക്ക് ഇൻഷുറൻസ് പ്രീമിയം അടക്കാൻ സാധിച്ചതായി മുഹമ്മദ് അൽ സുബൈ പറഞ്ഞു.
സേവന കേന്ദ്രത്തിന്റെ പ്രവർത്തന സമയം 12 മണിക്കൂർ ആക്കി വർധിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ കാലത്ത് 7.30 മുതൽ വൈകീട്ട് 7 വരെയാണ് സേവനകേന്ദ്രം പ്രവർത്തിക്കുക. ആരോഗ്യമന്ത്രാലയവും കരാർ കമ്പനിയായ പബ്ലിക് സർവീസ് കമ്പനി പ്രതിനിധികളും തമ്മിൽ നടന്ന യോഗത്തിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാനും ധാരണയായിട്ടുണ്ട്. അടുത്ത ആഴ്ച മുതൽ കാത്തിരിപ്പില്ലാതെ തന്നെ ഇടപാടുകാർക്ക് ഇൻഷുറൻസ് നടപടികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നും മുഹമ്മദ് അൽ സുബൈ കൂട്ടിച്ചേർത്തു.
Adjust Story Font
16