വിഷൻ 2035നായി 10000 കോടി ഡോളര്‍ കൂടി ചെലവഴിക്കും- കുവൈത്ത് ധനമന്ത്രി
കമ്മ്യൂണിക്കേഷൻ, ഐ.ടി, ഊർജ്ജം, അടിസ്ഥാന സൗകര്യവികസനം, ഭവന പദ്ധതികൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്
വിഷൻ 2035ന്‍റെ ഭാഗമായുള്ള വികസന പ്രവർത്തനങ്ങൾക്ക് പതിനായിരം കോടി ഡോളർ കൂടി ചെലവഴിക്കുമെന്നു കുവൈത്ത് ധനമന്ത്രി നായിഫ് അൽ ഹജ്റഫ്. കുവൈത്തിനെ മേഖലയിലെ വ്യാപാരസിരാകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന പദ്ധതികൾ ആണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു
കുവൈത്ത് ചൈന ഇൻവെസ്റ്റ്മെൻറ് ഫോറം ഉദ്ഘാടനചടങ്ങിലാണ് ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫ് ഇക്കാര്യം പറഞ്ഞത്. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വിഭാവനം ചെയ്യുന്ന വിഷൻ 2035 പദ്ധതിയുടെ ഭാഗമായി ഇതുവരെ 6000 കോടി ഡോളർ രാജ്യം ചെലവഴിച്ചു. ഇതിനു പുറമെയാണ് പതിനായിരം ഡോളർ കൂടി നിക്ഷേപം നടത്താനുള്ള തീരുമാനം.
കമ്മ്യൂണിക്കേഷൻ, ഐ.ടി, ഊർജ്ജം, അടിസ്ഥാന സൗകര്യവികസനം, ഭവന പദ്ധതികൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ തുറമുഖമായ മുബാറക് അൽ കബീർ തുറമുഖം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള നവീകരണം, പെട്രോ കെമിക്കൽ കോംപ്ലക്സ്, എണ്ണ ശുദ്ധീകരണ ശാലകൾ, ബദൽ ഊർജ്ജപദ്ധതികൾ തുടങ്ങിയവ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പദ്ധതികളും 2023ഓടെ പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടലെന്നും മന്ത്രി പറഞ്ഞു. എണ്ണ വരുമാനത്തെ മുഖ്യമായി ആശ്രയിച്ചു നിൽക്കുന്ന നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടാക്കുന്നതോടൊപ്പം മേഖലയിലെ ബിസിനസ്സ് ഹബ് ആയി രാജ്യത്തെ മാറ്റിയെടുക്കുകയുമാണ് വിഷൻ 2035ൻറെ ലക്ഷ്യം. .
Adjust Story Font
16