കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഹുസ്സാം അൽ റൂമിയുടെ രാജി സ്വീകരിച്ചു

കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഹുസ്സാം അൽ റൂമിയുടെ രാജി പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് സ്വീകരിച്ചു. മഴക്കെടുതിയിൽ പൊതുജനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് മന്ത്രി രാജിവെച്ചത്.
റോഡുകളുടെയും പാലങ്ങളുടെയും ഒാടകളുടെയും നിർമാണപ്രവർത്തനങ്ങളിലെ അപാകതയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി എം.പിമാർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.
ഒരാഴ്ചക്കുള്ളിൽ രണ്ട് തവണ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ തന്നെ മന്ത്രി രാജി സമർപ്പിച്ചിരുന്നെങ്കിലും ഇപ്പോഴാണ് സ്വീകരിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്ത നിവാരണപ്രവർത്തനങ്ങൾക്കും മന്ത്രി തന്നെ മേൽനോട്ടം വഹിച്ചുവന്നിരുന്നതിനാലാണ് രാജി സ്വീകരിക്കൽ വൈകിച്ചത്.
അതിനിടെ കുറ്റവിചാരണ നേരിടുന്ന എണ്ണ മന്ത്രി ബകീത് അൽ റഷീദിയും പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചിട്ടുണ്ട്. എണ്ണമന്ത്രിയുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ രാജിവിഷയം മന്ത്രിസഭ ചർച്ച ചെയ്യാതെ മാറ്റിവെച്ചിരിക്കുകയാണ്. എണ്ണ ശുദ്ധീകരണ ശാലകളുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളും അനധികൃത നിയമനങ്ങളും ചൂണ്ടിക്കാട്ടിയാണ് മന്ത്രി ബഗീത് അൽ റഷീദിക്കെതിരെ എം.പിമാരായ ഫൈസൽ അൽ കൻദരി, ഖലീൽ അബുൽ, അൽ ഹുമൈദി അൽ സുബൈഇ എന്നിവർ കുറ്റവിചാരണ നോട്ടിസ് നൽകിയത്.
Adjust Story Font
16