കുവൈത്തിൽ വിദേശികളുടെ ഇൻഷുറൻസ് ഇടപാടുകൾക്കായി ഓൺലൈൻ സംവിധാനം
നിലവിൽ ഔട്സോഴ്സിങ് കമ്പനിയാണ് വിദേശികളിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സ്വീകരിക്കുന്നത്
കുവൈത്തിൽ വിദേശികളുടെ ഇൻഷുറൻസ് ഇടപാടുകൾക്കായി ആരോഗ്യമന്ത്രാലയം ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഇൻഷുറൻസ് ഓഫീസിൽ പോകാതെ പ്രീമിയം തുക ഓൺലൈൻ വഴി അടക്കാനുള്ള സംവിധാനമാണ് ആരംഭിച്ചത്. എല്ലാ വിസാ കാറ്റഗറികൾക്കും ഉപയോഗപ്പെടുത്താവുന്ന സംവിധാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിലായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ ഔട്സോഴ്സിങ് കമ്പനിയാണ് വിദേശികളിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സ്വീകരിക്കുന്നത്. ഇഖാമ പുതുക്കുന്നതിന് മുമ്പ് ആളുകൾ ഔട്ട് സോഴ്‌സിങ് കേന്ദ്രത്തിലെത്തി വരിനിന്നാണ് ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കുന്നത്. ഇതിനു പകരമായാണ് ആരോഗ്യമന്ത്രാലയം ഓൺലൈൻ ഏകജാലക സംവിധാനം ആരംഭിച്ചത്. പുതിയ സംവിധാനത്തിൽ ഇൻഷുറൻസ് ഓഫീസിൽ പോകാതെ പ്രീമിയം തുക അടക്കാനും ഇൻഷുറൻസ് നടപടി പൂർത്തിയാക്കാനും കഴിയും.
ഇതിനായി ആരോഗ്യമന്ത്രാലയം insonline.moh.gov.kw എന്ന പേരിൽ പ്രത്യേക വെബ് സൈറ്റില്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ, ആശ്രിത വിസയിൽ താമസിക്കുന്നവർ തുടങ്ങിയ എല്ലാ വിസ കാറ്റഗറികളിൽ ഉള്ള വിദേശികൾക്കും പുതിയ സംവിധാനം ഉപയോഗപ്പെടുത്താം. മാർച്ച് ഒന്ന് മുതൽ നിലവിലെ പേപ്പർ ഇൻഷുറൻസ് രീതി അവസാനിപ്പിച്ച് പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
Adjust Story Font
16