Quantcast

കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് താൽക്കാലികമായി നിർത്തി

സർക്കാർ ഏജൻസികളുടെ വ്യാജ സീലും രേഖകളും ഉപയോഗിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്

MediaOne Logo

  • Published:

    13 Aug 2020 9:49 PM GMT

കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് താൽക്കാലികമായി നിർത്തി
X

കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് താൽക്കാലികമായി നിർത്തി. വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിനെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാൻപവർ അതോറിറ്റിയാണ് കുവൈത്ത് എജിനീയേഴ്‌സ് സൊസൈറ്റിക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

സർട്ടിഫിക്കറ്റുകളിൽ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഏതാനും ഏഷ്യൻ വംശജരെ ഫഹാഹീലിൽ നിന്ന് രഹസ്യാന്വേഷണവിഭാഗം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എൻജിനീയറിങ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി വിവരം ലഭിച്ചത്. സർക്കാർ ഏജൻസികളുടെ വ്യാജ സീലും രേഖകളും ഉപയോഗിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

നിരവധി ഇന്ത്യൻ എൻജിനീയർമാർ തങ്ങളുടെ സഹായം തേടിയിരുന്നതായി സംഘം ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. ഇതേ തുടർന്നാണ് അന്വേഷണം പൂർത്തിയാകുന്നത് വരെ ഇന്ത്യൻ എൻജിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് നിർത്തിവെക്കാൻ മാൻ പവർ അതോറിറ്റി കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റിക്ക് നിർദേശം നല്‍കിയത്.

എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എൻജിയേഴ്‌സിന്റെ എൻ.ഒ.സി നിർബന്ധമാക്കിയതിനെ തുടർന്നാണ് എൻജിനീയറിങ് തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികളുടെ യോഗ്യതാ സട്ടിഫിക്കറ്റുകൾ അധികൃതർ പരിശോധിച്ചു തുടങ്ങിയത്. സർട്ടിഫിക്കറ്റ് പരിശോധനക്കും പ്രൊഫഷണൽ ആപ്റ്റിറ്റ്യൂഡ് പരീക്ഷക്കും ശേഷമാണ് എഞ്ചിനിയേഴ്‌സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്.

ഇന്ത്യയിൽ എൻ.ബി.എ അക്രഡിറ്റഡ് സർട്ടിഫിക്കറ്റുകൾ മാത്രമാണ് കെ.എസ്.ഇ അംഗീകരിക്കുന്നത്. കെ.എസ്.ഇയുടെ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തിയാക്കാത്ത പതിനൊന്നായിരത്തോളം എൻജിനീയർമാരെ അയോഗ്യരാക്കിയതായി ജനുവരിയിൽ കെ.എസ്.ഇ മേധാവി വെളിപ്പെടുത്തിയിരുന്നു.

TAGS :

Next Story