ഭാഗിക കർഫ്യൂ സമയം പുന:ക്രമീകരിച്ച് കുവൈത്ത്
വൈകീട്ട് ഏഴു മുതൽ പുലർച്ചെ അഞ്ചു വരെയാണ് പരിഷ്കരിച്ച സമയം.
കുവൈത്തിൽ ഭാഗിക കർഫ്യൂ സമയം പുന:ക്രമീകരിച്ചു. ഏപ്രിൽ എട്ടു മുതൽ 22 വരെ വൈകുന്നേരം 7 മണി മുതൽ പുലർച്ചെ 5 മണി വരെ ആയിരിക്കും ഭാഗിക കർഫ്യൂ. വ്യാഴാഴ്ച്ച വൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
നിലവിൽ വൈകീട്ട് അഞ്ചിന് ആരംഭിച്ച് പുലർച്ചെ അഞ്ചിന് അവസാനിക്കുന്ന കർഫ്യൂ ആണ് ഏപ്രിൽ എട്ടു മുതൽ പുതിയ സമയക്രമത്തിലേക്കു മാറുന്നത്. വൈകീട്ട് ഏഴുമുതൽ പുലർച്ചെ അഞ്ചു വരെയാണ് പരിഷ്കരിച്ച സമയം. ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് വൈകീട്ട് 7 മുതൽ രാത്രി 10 മണി വരെ താമസ കേന്ദ്രങ്ങളിൽ വ്യായാമത്തിനായുള്ള നടത്തം അനുവദിക്കും.
രാത്രി പന്ത്രണ്ടു മണി വരെ മുൻകൂട്ടി അപോയ്ൻമെൻ്റ് എടുത്ത് സൂപ്പർ മാർക്കറ്റുകളിൽ പ്രവേശിക്കാം. ഹോട്ടലുകൾക്ക് പുലർച്ചെ മൂന്ന് മണി വരെ ഡെലിവറി സൗകര്യം അനുവദനീയമാണെന്നും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാർ വക്താവ് താരിഖ് മസ് റം അറിയിച്ചു.
പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്വബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിഭായോഗം രാജ്യത്തെ കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത ശേഷമാണു കർഫ്യൂ തുടരാൻ തീരുമാനിച്ചത് നേരത്തെ ഏപ്രിൽ എട്ടുവരെയായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. പ്രവാസികളുടെ പ്രവേശന വിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുടരാനും മന്ത്രിസഭ നിർദേശം നൽകി.
റമദാനിൽ താമസകേന്ദ്രങ്ങളിലെ പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തറാവീഹ്, ഖിയാമുല്ലൈൽ നമസ്‍കാരങ്ങൾ നടത്താൻ അനുവദിക്കുമെന്നു ഔകാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്
Adjust Story Font
16