Quantcast

'ചപ്പൽ ധരിച്ച് കുട്ടികളെ സ്‌കൂളിൽ കൊണ്ടുവരേണ്ട' രക്ഷിതാക്കൾക്ക് വിവാദ ഡ്രസ് കോഡുമായി സ്‌കൂൾ

കുട്ടികളെ കൊണ്ടുവരാനും കൊണ്ടുപോവാനും രക്ഷിതാക്കൾ എക്‌സിക്യൂട്ടീവ് ലുക്കിൽ വരണമെന്ന് സ്‌കൂൾ

MediaOne Logo

Web Desk

  • Updated:

    2024-11-05 12:27:34.0

Published:

5 Nov 2024 11:51 AM GMT

ചപ്പൽ ധരിച്ച് കുട്ടികളെ സ്‌കൂളിൽ കൊണ്ടുവരേണ്ട   രക്ഷിതാക്കൾക്ക് വിവാദ ഡ്രസ് കോഡുമായി സ്‌കൂൾ
X

ന്യൂഡൽഹി: വിദ്യാർഥികളുടെ വസ്ത്രധാരണത്തെ ചൊല്ലി സ്‌കൂളുകൾ ഡ്രസ് കോഡ് ഇറക്കുന്നത് പതിവാണ്. എന്നാൽ കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന രക്ഷിതാക്കൾക്ക് ഡ്രസ് കോഡ് വേണമെന്ന് പറഞ്ഞ് വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ് ഡൽഹിയിലെ ഒരു സ്‌കൂൾ. ന്യൂഡൽഹി രോഹിണി സെക്ടറിലെ ഗോയങ്ക പബ്ലിക്ക് സ്‌കൂളിലാണ് സംഭവം.

പുതിയ സർക്യുലർ പ്രകാരം വിദ്യാർഥികളെ സ്‌കൂളിൽ എത്തിക്കുന്നതും തിരിച്ച് കൊണ്ടുപോകാൻ വരുന്നതുമായ രക്ഷിതാക്കൾ ഉചിതമായ വസ്ത്രധാരണം നടത്തണം എന്നാണ് സ്‌കൂൾ പറയുന്നത്. വീട്ടിൽ ധരിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനോ സാധാരണ ചപ്പൽ ധരിക്കാനോ പാടില്ലെന്നും സർക്യുലർ പറയുന്നു.

സ്‌കൂളിന്റെ നടപടി അനാവശ്യമാണെന്ന് പറഞ്ഞ് വൻ വിമർശനമാണുയരുന്നത്.

ഏപ്രിലിൽ അപ്രതീക്ഷിതമായി സ്‌കൂളിൽ ഫീസ് വർധിപ്പിക്കാനുള്ള നടപടി വന്നിരുന്നു. ഇതിനെതിരെ ഒരു പറ്റം രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പ്രതികാര നടപടിയായാണ് സ്‌കൂൾ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഒരു പറ്റം രക്ഷിതാക്കളുടെ ആരോപണം.

'മാന്യവും സുന്ദരവുമായ വസ്ത്രധാരണം അച്ചടക്കത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല പഠന അന്തരീക്ഷത്തോടുള്ള ബഹുമാനം വിളിച്ചോതുകയും ചെയ്യുന്നു' എന്ന് പറഞ്ഞാണ് സർക്യുലർ തുടങ്ങുന്നത്.

'കുട്ടികൾക്ക് മാതൃക എന്ന നിലയിൽ അവരിൽ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനായി മാന്യമായ വസ്ത്രധാരണരീതി പിന്തുടരേണ്ടത് അത്യാവശ്യമാണ്. എല്ലാ രക്ഷിതാക്കളും കുട്ടികളെ സ്‌കൂളിൽ ഇറക്കുമ്പോൾ വീട്ടിൽ ധരിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും ചപ്പൽ അഥവാ സ്ലിപ്പർ എന്നിവ ധരിക്കുന്നതും ഒഴിവാക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു' എന്നും സർക്യുലർ കൂട്ടിച്ചേർത്തിരിക്കുന്നു.

കുട്ടികളെ സ്‌കൂളിലെത്തിക്കുന്നവരിൽ അധികവും വീട്ടമ്മമാരാണ് അവരെ എന്തിനാണ് എക്‌സിക്യൂട്ടീവ് വസ്ത്രങ്ങൾ ധരിച്ച് വരാൻ നിർബന്ധിക്കുന്നത് എന്നാണ് ഒരു രക്ഷിതാവിന്റെ പരാതി.

സ്‌കൂളിൽ നിന്നും സംഭവത്തിൽ പ്രതികരണം ലഭിക്കാത്തതിനാൽ നിയമപരമായി മുന്നോട്ട് പോവാൻ തയ്യാറെടുക്കുകയാണ് ഒരുകൂട്ടം രക്ഷിതാക്കൾ.

TAGS :

Next Story