സ്ഥിരം സ്‌നാക്കുകൾ മടുത്ത് തുടങ്ങിയോ; കുട്ടികളെ കൈയിലെടുക്കാനിതാ കിടിലൻ പനീർ ചീസ് ബോൾ
രുചിയേറുന്ന പനീർ ചീസ് ബോൾ എളുപ്പത്തിലുണ്ടാക്കിയെടുക്കാം
എന്നും ഒരേ സ്‌നാക്കുകൾ കഴിച്ചെന്ന് മക്കൾ പരാതി പറഞ്ഞു തുടങ്ങിയോ. എങ്കിൽ ഇതാ ഒരു കിടിലൻ പലഹാരം. ചീസും പനീറും ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാകില്ല. ഇവ ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സ്‌നാക്കാണ് പനീർ ചീസ് ബോൾ. രുചിയും ആരോഗ്യവും ഉറപ്പാക്കുന്ന പനീർ ചീസ്‌ബോൾ എങ്ങനെ തയാറാക്കാമെന്ന് നോക്കാം..
ആവശ്യമുള്ള സാധനങ്ങൾ
പനീർ- 200 ഗ്രാം
ചീസ്- ചെറിയ ക്യൂബായി മുറിച്ചത്
സവാള- ഒന്ന്( ചെറുതായി അരിഞ്ഞത്)
കുരുമുളക് പൊടി- 1 ടീസ്പൂൺ
മല്ലിയില- ചെറുതായി അരിഞ്ഞത്
ഉപ്പ്- അര ടീസ്പൂൺ
ചാറ്റ് മസാല-അര ടീസ്പൂൺ
കാശ്മീരി മുളക് പൊടി- അര ടീസ്പൂൺ
കടലമാവ്- 2ടേബിൾ സ്പൂൺ
കോൺഫ്‌ളവർ- 4 ടേബിൾ സ്പൂൺ
ബ്രഡ് പൊടിച്ചത്- ആവശ്യത്തിന്
ഓയിൽ- ഫ്രൈ ചെയ്യാനാവശ്യമായത്.
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് പനീർ ഗ്രേറ്റ് ചെയ്‌തെടുക്കുക.ഒഇതിലേക്ക് സവാള അരിഞ്ഞത്, കുരുമുളക് പൊടി, മല്ലിയില, ചാറ്റ് മസാല, കാശ്മീരിമുളക് പൊടി( ഇല്ലെങ്കിൽ സാധാരണ മുളക് പൊടിയും ഉപയോഗിക്കാം), ഒരു ടേബിൾ സ്പൂൺ കോൺ ഫ്‌ളവർ, കടലമാവ്,ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇതിൽ നിന്ന് ഓരോ ഉരുള എടുത്ത് കൈവെള്ളിയിൽ വെച്ച് ചെറുതായി പരത്തുക. ഇതിലേക്ക് ചെറിയ ക്യൂബുകളായി മുറിച്ചുവെച്ച ചീസ് ഓരോന്ന് വെച്ചു കൊടുത്ത് ഉരുട്ടിയെടുക്കുക.
മൂന്ന് ടേബിൾ സ്പൂൺ കോൺഫ്‌ളവർ ഒരു ചെറിയ പാത്രത്തിലേക്കെടുത്ത് കുറച്ച് വെള്ളം ചേർത്ത് മിക്‌സ് ചെയ്യുക. ഈ കോൺഫ്‌ളവർ മിശ്രിതത്തിലും ശേഷം ബ്രഡ് പൊടിച്ചതിലും ബോൾ മുക്കിയെടുക്കുക. എല്ലാം ഇതുപോലെ ചെയ്ത ശേഷം പത്തുമിനിറ്റ് ഫ്രിഡ്ജിൽ വെക്കുക. പാനിൽ ഓയിൽ ഒഴിച്ച് നന്നായി ചൂടാക്കുക. തീ കുറച്ച് ഓരോ ബോളുകൾ പതുക്കെ ഇട്ടുകൊടുത്ത് ഗോൾഡൺ നിറമാകുന്നത് വരെ ഫ്രൈ ചെയ്‌തെടുക്കാം. ചൂടോടെ തന്നെ കുട്ടികൾക്ക് കഴിക്കാൻ നൽകാം.
Adjust Story Font
16