അരുമകളെ വളർത്താം ആരോഗ്യത്തോടെ...
വളർത്തുമൃഗങ്ങളെ പരിചരിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അരുമമൃഗങ്ങളെ വളർത്താൻ എല്ലാവർക്കും ഇഷ്ടമാണ്. വീട്ടിലെ ഒരംഗത്തെപോലെയാണ് അവയെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നത്. എന്നാൽ ചിലരാകട്ടെ ഇവയെ വീട്ടിൽ വാങ്ങികൊണ്ടുവരുന്നതല്ലാതെ പിന്നീട് അവയുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല. പക്ഷേ അവയ്ക്കും പ്രത്യേക പരിചരണവും ശ്രദ്ധയും ഉറപ്പാക്കേണ്ടത് അതിന്റെ ഉടമസ്ഥരുടെ കടമയാണ്. അരുമമൃഗങ്ങളെ വളർത്തുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
പതിവ് പരിശോധനകൾ
നമ്മൾ ഇടക്കിടെ ആരോഗ്യപരിശോധനകൾ നടത്താറുണ്ട്. ആറുമാസം കൂടുമ്പോഴോ അല്ലെങ്കിൽ വർഷത്തിലൊരിക്കലോ ആരോഗ്യപരിശോധനകൾ നടത്താത്തവർ ചുരുക്കമാണ്. മൃഗങ്ങൾക്കും അത്തരത്തിലുള്ള പരിശോധനകൾ അത്യാവശ്യമാണ്. ദന്ത ശുചിത്വം, ചർമ്മം, രോമങ്ങൾ എന്നിവയുടെ പരിശോധനമുതൽ ശരീരഭാരം നിയന്ത്രിക്കൽ, ഹൃദയാരോഗ്യം എന്നിവയടക്കമുള്ള പരിശോധനകൾ വർഷത്തിലൊരിക്കലെങ്കിലും നിർബന്ധമായി ചെയ്തിരിക്കണം. ഇതിനായി ഇടക്ക് മൃഗഡോക്ടറെ സന്ദർശിക്കുന്നതും നിങ്ങളുടെ വളർത്തുമൃഗത്തിന് ആരോഗ്യപരമായ പ്രശ്‌നങ്ങളില്ല എന്ന് ഉറപ്പുവരുത്തുകയും വേണം.
മുടങ്ങാതെ കുത്തിവെപ്പുകളെടുക്കാം
കുട്ടികൾക്ക് പോളിയോ കുത്തിവെപ്പുകൾ എടുക്കുന്നത് പോലെ വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പും വിരമരുന്നും നൽകേണ്ടതുണ്ട്, സമയബന്ധിതമായി ഇവ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഏതെങ്കിലും കുത്തിവെപ്പെടുക്കാൻ കാലതാമസം നേരിട്ടാൽ അത് വളർത്തുമൃഗത്തിന്റെ ജീവൻ തന്നെ അപകടത്തിലാക്കും.
സ്ഥലവും സുരക്ഷയും
നാം എത്രത്തോളം വ്യക്തിഗത ഇടങ്ങളെ ഇഷ്ടപ്പെടുന്നുവോ അത് പോലെ തന്ന വളർത്തുമൃഗങ്ങളും അവർക്ക് മാത്രമായ ഇടങ്ങൾ ഇഷ്ടപ്പെടുന്നു. വളർത്തുമൃഗങ്ങൾക്ക് സൗകര്യപ്രദവും പരിചിതവുമായ ചെറിയ ഇടം ഉണ്ടാക്കിയെടുക്കണം. അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിശ്രമിക്കാനുള്ള ഇടമായിരിക്കണം അത്.
സ്‌നേഹവും കരുതലും
എല്ലാ ജീവജാലങ്ങളും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഇഷ്ടപ്പെടുന്നവരാണ്. അത് പോലെ തന്നെയാണ് വളർത്തുമൃഗങ്ങളും. അവരെ സംബന്ധിച്ചിടത്തോളം അതിന്റെ ഉടമസ്ഥന്റെ കുടുംബത്തിലുള്ളവരാണ് അവരുടെ ലോകം. അവർക്ക് നിങ്ങളുടെ ശ്രദ്ധയും പരിഗണനയും ആവശ്യമാണ്. ഇടക്കിടക്ക് അവയെ കളിപ്പിക്കുക, അവയോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക, അവയെ തലോടുക തുടങ്ങിയവയില്‍ പിശുക്ക് കാണിക്കാതിരിക്കാം.
Adjust Story Font
16