Quantcast

സിംഹത്തിനെ ഓഡിഷൻ ചെയ്ത് സിനിമയിലെടുത്തു; ക്രഷ് തോന്നിപ്പോകും മോജോവിനോട്; ചിരിപ്പിക്കാൻ ജയ് കെ

സിംഹക്കൂട്ടിൽ പെട്ടുപോകുന്ന രണ്ടുപേർ, അവരുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ, പുറത്തും നടക്കുന്ന കോലാഹാലങ്ങൾ, ഇവയെല്ലാം നർമത്തിന്റെ ഭാഷയിൽ പറയുകയാണ് ​ഗ്ർർർ എന്ന ചിത്രം.

MediaOne Logo

Web Desk

  • Updated:

    2024-06-13 10:34:36.0

Published:

12 Jun 2024 4:01 PM GMT

jai k
X

'ഘരാന പീക്കോക്ക് മാജിക്കിനെ കുറിച്ചറിയാൻ ചെന്ന് പെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ'... ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജ​ഗനാഥന്റെ ഈ സൂപ്പർഹിറ്റ് ഡയലോ​ഗ് പതിറ്റാണ്ടുകൾക്കിപ്പുറവും ചുണ്ടിൽ കോർത്തുവെച്ചിരിക്കുകയാണ് മലയാളികൾ.

ഇപ്പോൾ ഒരു സിംഹത്തിന്റെ മടയിൽ ശരിക്കും ചാടിയിരിക്കുകയാണ് രണ്ടുപേർ, അതും മലയാളികൾ...ഇവരുടെ ബാക്കി കഥ സിംഹം തീരുമാനിക്കും..

സിംഹക്കൂട്ടിൽ പെട്ടുപോകുന്ന രണ്ടുപേർ, അവരുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ, മാനസിക സംഘർഷങ്ങൾ, കൂട്ടിനകത്തും പുറത്തും നടക്കുന്ന കോലാഹാലങ്ങൾ, ഇവയെല്ലാം നർമത്തിന്റെ ഭാഷയിൽ പറയുകയാണ് ​ഗ്ർർർ എന്ന ചിത്രം. കുഞ്ചാക്കോ ബോബനും സുരാ‍ജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ജയ് കെ (ജയകൃഷ്ണൻ) ആണ്.

പരസ്യ ചിത്രങ്ങളിൽ നിന്ന് സിനിമ എന്ന വലിയ ക്യാൻവാസിലേക്ക് പകർന്നാട്ടം നടത്തിയതാണ് ജയ് കെയിലെ സംവിധായകൻ.

'എസ്ര' എന്ന ഹൊറർ ചിപരസ്യ ചിത്രങ്ങളിൽ നിന്ന് സിനിമ എന്ന വലിയ ക്യാൻവാസിലേക്ക് പകർന്നാട്ടം നടത്തിയതാണ് ജയ് കെയിലെ സംവിധായകൻത്രത്തിലൂടെ മലയാളികളെ ഞെട്ടിച്ച ജയ് കെ ​ഗർർർ എന്ന ചിത്രത്തിലൂടെ തിയേറ്ററുകളെ ചിരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ഡിബുക്ക് എന്ന പേരിൽ എസ്ര ബോളിവുഡിലേക്ക് റീമേക്ക് ചെയ്ത ജയ് കെ പുതിയ കാഴ്ചപ്പാടോടെയാണ് ഓരോ തവണയും സിനിമയെ സമീപിക്കുന്നത്. മലയാളത്തിലെ ആന്തോളജി ചിത്രമായ ആണും പെണ്ണിലും 'സാവിത്രി'യുമായി വന്ന് പ്രേക്ഷകർക്ക് ചിന്തിക്കാൻ ഒരിടവും ജയ് കെ കൊടുത്തു.

പുതിയ ചിത്രമായ ​ഗർർർ-ന്റെ വിശേഷങ്ങൾ മീഡിയവണിനോട് പങ്കുവെക്കുകയാണ് ജയ് കെ.

ടെക്നിക്കലി മെച്ചപ്പെടുത്തിയ കോവിഡും, ഫിലിം ലിറ്ററേറ്റായ മലയാളിയും

അപ്രതീക്ഷിതമായി വന്ന കോവിഡ് വ്യാപനത്തിൽ നിന്നുപോയ ചിത്രമായിരുന്നു ​ഗ‍്‍ർർർ. കോവിഡിന് മുമ്പേ ചിത്രത്തിന്റെ അനൗൺസ്മെന്റും കാര്യങ്ങളും നടന്നിരുന്നു. ഇന്ത്യയിൽ വന്യമൃ​ഗങ്ങളെ സിനിമയിൽ ഉപയോ​ഗിക്കുന്നതിന് വിലക്കുള്ളതിനാൽ സിംഹത്തെ വെച്ചുള്ള സിനിമ എങ്ങനെ ഷൂട്ട് ചെയ്യണമെന്നുള്ള ചർച്ചകൾ നടക്കുകയായിരുന്നു.




ശരിക്കുമുള്ള സിംഹത്തെ ഉപയോ​ഗിക്കാനും ആനിമേഷൻ ചെയ്യാനും ഒക്കെയായിരുന്നു ആലോചന. വിദേശത്ത് ഷൂട്ട് ഒഴിവാക്കാൻ പറ്റുന്നതല്ല. ഇതിനിടയിൽ കോവിഡ് വന്നത് ചിത്രം തത്കാലത്തേക്ക് നിർത്തിവെച്ചു. പക്ഷേ, പടത്തിന് വേണ്ടി കൂടുതൽ ​നന്നായി മുന്നൊരുക്കം നടത്താൻ കോവിഡ് സഹായിച്ചു. സാങ്കേതിക തലത്തിൽ പടത്തിനെ കൂടുതൽ മെച്ചപ്പെടുത്താൻ കോവിഡ് നൽകിയ ഇടവേളയ്ക്ക് കഴിഞ്ഞു. കോവിഡിന് രണ്ടു വർഷം മുമ്പേ തന്നെ സിനിമയുടെ തിരക്കഥ തുടങ്ങിയിരുന്നു.

മലയാള സിനിമ പ്രേക്ഷകരെ മെച്ചപ്പെട്ട ഫിലിം ലിറ്ററേറ്റാക്കാൻ കോവിഡ് കാലത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമാസ്വാദനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന വലിയൊരു പ്രേക്ഷകരുടെ മുന്നിലേക്ക് മികച്ച സിനിമ കൊടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.

ചാടാനുള്ള മനസ് എന്താ?

മൃ​ഗശാലയിൽ സിംഹക്കൂട്ടിലും കടുവാക്കൂട്ടിലും ആളുകൾ വീണ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തായ്‍വാനിലും വിശാഖപട്ടണത്തും കൊൽക്കത്തയിലും മൃ​ഗശാലകളിൽ ആളുകൾ സമാനമായി കൂട്ടിലേക്ക് ചാടി അപകടങ്ങളിൽപെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തും ഇത്തരം സംഭവമുണ്ടായിട്ടുണ്ട്. മദ്യപിച്ചും മയക്കുമരുന്ന് ഉപയോ​ഗിച്ചുമാണ് ആളുകൾ കൂടുകളിലേക്ക് ചാടുന്നത്. വന്യമൃ​ഗങ്ങളുടെ കൂട്ടിലേക്ക് ചാടാനുള്ള മനോവികാരം എന്തായിരിക്കും എന്ന ആലോചനയാണ് ​ഗ്‍ർർർ ആയത്.

ചിത്രത്തിന്റെ തിരക്കഥ പ്രവീൺ എസുമായി ചേർന്നാണ് എഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും കുത്തിയിരുന്ന് എഴുതേണ്ടി വന്നിട്ടില്ല, വളരെ സ്വാഭാവികമായി തന്നെ സിനിമ സംഭവിച്ചു. പ്രവീൺ കൊച്ചിയിലും, ഞാൻ ബോംബെയിലുമായിരുന്നു. അവിടെയും ഇവിടെയുമായിട്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായത്. പ്രവീണിന്റെ ചിന്തകൾക്ക് തിരക്കഥയിൽ പ്രധാന സ്ഥാനമുണ്ട്. കഥ എഴുതുമ്പോൾ ശരിക്കുമുള്ള സിംഹത്തിനെ കൊണ്ടുവരാൻ പറ്റുമോ ​ഗ്രാഫിക്സ് എങ്ങനെ തുടങ്ങിയ കാര്യങ്ങളൊന്നും ചിന്തിച്ചിരുന്നില്ല. അത് സിനിമയ്ക്ക് പരിധിയിടും. തിരക്കഥ പൂർണമായതിന് ശേഷമാണ് മറ്റു കാര്യങ്ങളിലേക്ക് ചിന്ത പോകുന്നത്.

സിംഹത്തിന് വേണ്ടി ആഫ്രിക്കയിലേക്ക്

യഥാർഥ സിംഹവും വിഎഫ്എക്സും അനിമാട്രോണിക്സ് സാങ്കേതിക വിദ്യ എന്നിവയെല്ലാം സിനിമയെ പൂർണതയിലെത്തിക്കാൻ ഉപയോ​ഗിച്ചിട്ടുണ്ട്.

ഇന്ത്യയിൽ വന്യമൃ​ഗങ്ങളെ വെച്ച് സിനിമ ഷൂട്ട് ചെയ്യുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ട്. സിംഹത്തിന്റെ ​രം​ഗങ്ങൾ ചിത്രീകരിക്കാൻ ആഫ്രിക്കയിലേക്ക് അതുകൊണ്ട് പോയി. ലണ്ടനിലും സൗത്ത് ആഫ്രിക്കയിലും മൗറീഷ്യസിലും യഥാർഥ സിംഹത്തെ ചിത്രീകരിക്കാൻ സാധിക്കും. ഇവിടങ്ങളിലെല്ലാം ആദ്യം സിംഹത്തെ കൊണ്ട് ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന സംഭവങ്ങളുടെ സ്റ്റോറി ബോർഡ് അയച്ചു കൊടുക്കുകയായിരുന്നു. സിംഹത്തെ പരിശീലിപ്പിച്ച്, ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ വീഡിയോയിൽ ആക്കി അവർ അയച്ചു തരികയായിരുന്നു. ചുരുക്കത്തിൽ സിംഹത്തിന്റെ ഓഡിഷൻ ആയിരുന്നു അത്. സൗത്ത് ആഫ്രിക്കയിലെ മോജോ എന്ന സിംഹത്തെയായിരുന്നു തെരഞ്ഞെടുത്തത്. സിംഹത്തെ കൊണ്ട് ചെയ്യിക്കാൻ സാധിക്കാത്ത കാര്യങ്ങൾ അനിമാട്രോണിക്സും വിഎഫ്എക്സും വെച്ച് ചെയ്യുകയായിരുന്നു.

കാഴ്ചബം​ഗ്ലാവിലേക്കും മറ്റും എല്ലാവരും കുട്ടിക്കാലത്തായിരിക്കും അധികവും പോയിട്ടുണ്ടാകുക. ആ തരത്തിൽ ആളുകൾക്ക് സിനിമയിലെ സിംഹത്തിനെ ഇഷ്ടപ്പെടാം. ഇത് മുഴുവനായും ഫാമിലി എന്റർടെയ്നർ ആണ്. കുട്ടികൾക്കൊപ്പം സന്തോഷമായി പോയി, സന്തോഷമായി കണ്ടുവരാവുന്ന സിനിമ.

വർഷങ്ങൾക്ക് ശേഷമുള്ള കോംബോ, വേറെ ലെവൽ സെൻസ് ഓഫ് ഹ്യൂമർ

തിരക്കഥ പൂർത്തിയായപ്പോൾ സുരാജും കുഞ്ചാക്കോ ബോബനുമാണ് കഥാപാത്രങ്ങൾക്ക് അനുയോജ്യരായി മനസിൽ ഉണ്ടായിരുന്നത്. ഇരുവരും കഥ കേട്ട് സിനിമ ചെയ്യാൻ മുന്നോട്ട് വന്നതിന് ശേഷമാണ് ഇരുവരുടെയും കോംബോ കുറേ കാലമായി ഇല്ലല്ലോ എന്ന് ചിന്തിച്ചത്. സുരാജ് വെഞ്ഞാറമൂട് കോമഡി ചെയ്യുന്നതും ഒരു ഇടവേളയ്ക്ക് ശേഷമാണ്.

മലയാളികളുടെ സെൻസ് ഓഫ് ഹ്യൂമർ വേറെ ലെവൽ ആണ്. ശ്രീനിവാസൻ, റാഫി മെക്കാർട്ടിൻ, അൻവർ റഷീദ് തുടങ്ങി ഒരു നിരതന്നെയുണ്ട് ഹ്യൂമർ സിനിമകളുടെ. ഇങ്ങനെ പലതരത്തിലുള്ള ഹ്യൂമർ കണ്ട് ശീലിച്ചവരാണ് മലയാളി പ്രേക്ഷകർ.

സിംഹത്തിന്റെ കൂട്ടിൽപ്പെട്ട ആളുടെ കഥ ത്രില്ലറോ ഹൊററോ ആക്കാം. പക്ഷേ ഇത് കോമഡിയായി ചെയ്യാനായിരുന്നു തീരുമാനം. നല്ലത് കൊടുക്കുകയാണെങ്കിൽ ഏത് ഴോണറും കാണുന്ന പ്രേക്ഷകരാണ് ഇപ്പോൾ മലയാളത്തിലുള്ളത്. അതുകൊണ്ട് തന്നെ കുറച്ചു കൂടി എല്ലാവരും സിനിമയ്ക്ക് വേണ്ടി മുന്നൊരുക്കം നടത്തുന്നുണ്ട്.

TAGS :

Next Story