Quantcast

പരിസ്ഥിതി റാലിയിൽ ഫലസ്തീന് ഐക്യദാർഢ്യം; ഗ്രേറ്റ തുൻബെർഗിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം

ആംസ്റ്റർഡാമിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയിലാണ് ഗ്രേറ്റ ഫലസ്തീനുള്ള ഐക്യദാർഢ്യം ആവർത്തിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-11-13 11:07:08.0

Published:

13 Nov 2023 9:55 AM GMT

പരിസ്ഥിതി റാലിയിൽ ഫലസ്തീന് ഐക്യദാർഢ്യം
X

ആംസ്റ്റർഡാം: നെതർലൻഡ്‌സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ നടന്ന കാലാവസ്ഥാ സംരക്ഷണ റാലിയിൽ ഉയർന്ന ഫലസ്തീൻ അനുകൂല മുദ്രാവാക്യത്തിൽ പ്രതിഷേധം. വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗിന്റെ പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമം നടന്നു. എന്നാൽ, അധിനിവിഷ്ട ഭൂമിയിൽ പാരിസ്ഥിതിക നീതി നടപ്പാകില്ലെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധത്തെ ഗ്രേറ്റ നേരിട്ടത്.

നെതർലൻഡ്‌സിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നത്. തുടർന്ന് മ്യൂസിയം സ്‌ക്വയറിൽ നടന്ന സമാപന പരിപാടിയിലായിരുന്നു ഗ്രേറ്റയുടെ സംസാരം. വേദിയിലേക്ക് ഒരു ഫലസ്തീൻ സമാധാന പ്രവർത്തകയെ ഗ്രേറ്റ പ്രസംഗിക്കാനായി ക്ഷണിക്കുകയും ചെയ്തു. എന്നാൽ, 'പുഴ മുതൽ കടൽ വരെ ഫലസ്തീൻ സ്വതന്ത്രമാകും' എന്ന ഏറെ കോളിളക്കം സൃഷ്ടിച്ച മുദ്രാവാക്യം ഇവർ ആവർത്തിച്ചതോടെ സംഘാടകർ ഇടപെട്ട് പ്രസംഗം നിർത്തിക്കുകയായിരുന്നു.

തുടർന്നാണ് ഗ്രേറ്റ പ്രസംഗം ആരംഭിച്ചത്. പരിസ്ഥിതി നീതിക്കായി പോരാടുന്ന പ്രസ്ഥാനമെന്ന നിലയ്ക്ക് മർദിതരുടെ ശബ്ദങ്ങളും നമ്മൾ കേൾക്കേണ്ടതുണ്ടെന്ന് പ്രസംഗം ആരംഭിച്ച് ഗ്രേറ്റ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരുടെ ശബ്ദത്തിനു ചെവി കൊടുക്കണമെന്നും അന്താരാഷ്ട്ര ഐക്യദാർഢ്യമില്ലാതെ പാരിസ്ഥിതിക നീതി സാധ്യമല്ലെന്നും അവർ വ്യക്തമാക്കി.

ഒരു നാഗരികതയെന്ന നിലയ്ക്ക് അതിജീവനത്തിനായി നമ്മൾ ആശ്രയിക്കുന്ന സംവിധാനത്തെയും ജൈവവ്യവസ്ഥയെയും അസ്ഥിരപ്പെടുത്തുകയാണ് നമ്മൾ ചെയ്യുന്നത്. ഒരു ദുരന്തത്തിന്റെ വക്കിൽ നിൽക്കുകയല്ല, അതിനകത്ത് ജീവിക്കുകയാണ് നമ്മൾ. പാരിസ്ഥിതികമായ പ്രശ്‌നങ്ങളുടെ മുൻനിരയിലുള്ള മനുഷ്യർ പതിറ്റാണ്ടുകളായി അതിന്റെ പ്രത്യാഘാതങ്ങൾ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ മുന്നറിയിപ്പും അവർ നൽകുന്നുണ്ട്. എന്നാൽ, നമ്മളതു ശ്രദ്ധിക്കുന്നില്ല. അധികാരികളും അതു കേൾക്കുന്നില്ലെന്നും ഗ്രേറ്റ ചൂണ്ടിക്കാട്ടി.

പ്രസംഗത്തിനിടയിൽ സദസ്സിൽനിന്ന് 'ഫ്രീ ഫലസ്തീൻ' മുദ്രാവാക്യങ്ങളും ഉയർന്നു. ഇതോടെയാണ് ഒരാൾ വേദിയിലേക്കു അതിക്രമിച്ചു കയറി ഇടപെട്ടത്. പരിസ്ഥിതി പ്രതിഷേധത്തിനായി വന്നതാണ്, രാഷ്ട്രീയ വിഷയങ്ങൾ കേൾക്കാനല്ലെന്നും പറഞ്ഞ് ഇയാൾ മൈക്ക് പിടിച്ചുവാങ്ങാനും പ്രസംഗം അലങ്കോലപ്പെടുത്താനും ശ്രമിച്ചു.

എന്നാൽ, ഗ്രേറ്റ മൈക്ക് വിട്ടുനൽകിയില്ല. അടങ്ങിയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് 'അധിനിവിഷ്ട ഭൂമിയിൽ പാരിസ്ഥിതിക നീതിയില്ല' എന്ന് ഗ്രേറ്റ മുദ്രാവാക്യം വിളിച്ചുനൽകുകയും ചെയ്തു.

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ മുൻപും ഗ്രേറ്റ രംഗത്തെത്തിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡ് ഉയർത്തിനിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചായിരുന്നു ഐക്യദാർഢ്യം. 'ഇന്ന് ഫലസ്തീനും ഗസ്സയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഞങ്ങളുടെ സമരം. അടിയന്തര വെടിനിർത്തലും ഫലസ്തീനികൾ ഉൾപ്പെടെ ദുരിതത്തിൽപെട്ട ജനങ്ങളുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ലോകം ഉറക്കെ സംസാരിക്കണം.' സോഷ്യൽ മീഡിയയിൽ ഗ്രേറ്റ കുറിച്ചു. FreePalestine, IStandWithPalestine, StandWithGaza തുടങ്ങിയ ഹാഷ്ടാഗുകളും ഇതോടൊപ്പം ചേർത്തിരുന്നു.

ഇത് ഇസ്രായേൽ അധികൃതരെ ചൊടിപ്പിച്ചു. പ്രതിഷേധമായി സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഗ്രേറ്റയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കംചെയ്യാൻ ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയും ചെയ്തു.

Summary: Man grabs Greta Thunberg's mic after pro-Palestinian chants at climate rally

TAGS :

Next Story