Quantcast

വയലൻസ് ആഘോഷിക്കപ്പെടുന്ന സിനിമകളിലേക്ക് നമ്മൾ വളർന്നിരിക്കുന്നു

സിനിമയുടെ കേന്ദ്രബിന്ദു നായകനിൽ നിന്നും വില്ലനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട കാലം മുതലേ സമൂഹവിരുദ്ധമായ പ്രമേയങ്ങളാണ് ആവതും അവതരിച്ചുപോന്നിട്ടുള്ളത്

MediaOne Logo
വയലൻസ് ആഘോഷിക്കപ്പെടുന്ന സിനിമകളിലേക്ക് നമ്മൾ വളർന്നിരിക്കുന്നു
X

സദയത്തിൽ നിന്നും ദൃശ്യം വഴി വയലൻസ് ആഘോഷിക്കപ്പെടുന്ന സിനിമകളിലേക്ക് നമ്മൾ വളർന്നിരിക്കുന്നു. ഒപ്പം, പ്രണയവും ജീവിതവും ഇതിവൃത്തമായിരുന്ന സിനിമകളിൽ നിന്നും മാറി സിനിമയിൽ നിന്ന് കൊല്ലും കൊലയുമുള്ള ജീവിതവൃത്തി പഠിക്കുന്ന കാലത്തേക്ക് നമ്മൾ വളർന്നിരിക്കുന്നു. എംടിയുടെ സദയത്തിലെ അവസാന സീനുകൾ കണ്ട് ഹൃദയം കലങ്ങാത്തവരില്ല. ഒരു തുള്ളി ചോര തെറിക്കാതെ പിഞ്ചുപെൺകുട്ടികളെ നായകൻ വകവരുത്തുന്നത് നെഞ്ചിടിപ്പോടെ നമ്മൾ കണ്ടു, പക്ഷെ, അത്തരം ദുരന്തമുഹൂർത്തങ്ങൾ യഥാർഥ ജീവിതത്തിൽ ഉണ്ടാവരുതേ എന്ന് പ്രാർഥിച്ചു.

സിനിമയുടെ കേന്ദ്രബിന്ദു നായകനിൽ നിന്നും വില്ലനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട കാലം മുതലേ സമൂഹവിരുദ്ധമായ പ്രമേയങ്ങളാണ് ആവതും അവതരിച്ചുപോന്നിട്ടുള്ളത്. 'മാന്യത' കല്പിച്ചുനൽകുന്ന സിനിമാ കൊലപാതകങ്ങൾ എല്ലാം തന്നെ കഥയുടെ കാമ്പിൽ നിന്നും തെന്നിമാറി തലമുറകളുടെ മനസ്സിൽ വരഞ്ഞുവെക്കുന്നതിന്റെ ഉത്തരവാദിത്തം അതുൽപ്പാദിപ്പിക്കുന്നവരുടെ കൈകളിൽ തന്നെയാണ്. ആരാധനയോ വീരാരാധനയോ അല്ല, ഒരു കഥയിൽ നിന്ന് സിനിമയിലേക്ക് അതിന്റെ നിർമാതാക്കളെ കൊണ്ടുചെന്നെത്തിക്കുന്നത്, മറിച്ച് കച്ചവടലക്ഷ്യമാണ്. അവിടെയാണ്, ഏറ്റവും ജനകീയമായ ഒരു കല സമൂഹത്തിൽ പരത്തിവിടുന്ന ദുരന്തവ്യാപകമായ ആഘാതങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരുന്നത്.

ഈയിടെയായി പുറത്തുവരുന്ന, യുവാക്കൾക്ക് ഹരമായിവരുന്ന ബഹുപക്ഷം സിനിമകളും കുറ്റകൃത്യങ്ങൾക്ക് മാന്യപരിവേഷം നൽകുന്നവയാണ്. ഒരുകാലത്ത് ഒരാളുടെ രക്തം ചിന്തുന്നത് സീനുകളിൽ ഗോപ്യമാക്കി അനുഭവിപ്പിച്ചിരുന്നതാണെങ്കിൽ ഇന്ന് യാതൊരു മറയുമില്ലാതെയാണ് അത്തരം രംഗങ്ങൾ ചീത്രീകരിക്കുകയോ പിന്നീട് വിഷ്വൽ എഫക്ടിലൂടെ ചേർക്കുകയോ ചെയ്യുന്നത്. നവസമൂഹമാധ്യമങ്ങളിൽ ഇത്തരം 'ഡാർക്ക്' സീനുകൾക്കാണല്ലോ പ്രാമുഖ്യവും സ്വീകാര്യതയും. മനുഷ്യരക്തം തെറിക്കുന്ന രംഗങ്ങൾ കൂടെ കൂടെ കണ്ട് മനസ്സറപ്പും കൈയറപ്പും മാറിയ സമൂഹമായി നമ്മളും, നമ്മുടെ കൗമാരവും യുവത്വവും മാറിയിരിക്കുന്നു.

വയലൻസ് മുഖ്യകഥാപാത്രമായി വരുന്ന 'പട'ങ്ങൾക്കേ 'മാർക്കൊ'ള്ളൂ എന്ന രീതിയിൽ കച്ചവടം പൊടിപൊടിക്കുന്നതിനിടെ നല്ല കഥയുള്ള സിനിമകൾ സമാന്തരമോ അവാന്തരമോ ആയി അവഗണിക്കപ്പെടുകയാണ്. സമൂഹനിർമിതിക്ക് സംഭാവന നൽകാനാവുന്ന ഇത്തരം സിനിമകളിൽ മുതലിറക്കാൻ നിർമാതാക്കളും പരിവേഷവീഴ്ച ഭയന്ന് അഭിനേതാക്കളും അകൽച്ച കാണിക്കുന്നുവെന്നതാണ് യാഥാർഥ്യം.

സർക്കാർ സംവിധാനത്തിലൂടെ വില്പന നടത്തുന്ന മദ്യം സീനിൽ വിളമ്പുമ്പോൾ മുന്നറിയിപ്പ് നൽകാൻ കാണിക്കുന്ന ഔചിത്യം പോലും അക്രമവും കൊലയും കാണിക്കുമ്പോൾ അവ അനുകരിക്കാനുള്ളതല്ലെന്ന ഒരു മെസേജ് കൊടുക്കാനില്ല എന്ന ഇരട്ടത്താപ്പ് നോക്കൂ. അതവരുടെ കച്ചവടലക്ഷ്യങ്ങളെ അട്ടിമറിക്കും എന്നവർക്കറിയാം. വെറുതെ ഒരു കത്രികയും പിടിച്ച് നിൽക്കുന്ന സെൻസർ ബോർഡിനെ എന്ത് പറയണം. സാമൂഹ്യവിരുദ്ധമായ ഉള്ളടക്കങ്ങൾ നിർമാർജനം ചെയ്യാൻ അവരെന്തിന് മടിക്കുന്നു?

സിനിമയും അതിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ലഹരി ഉപയോഗസംസ്‌കാരവും തലമുറകളെ അഗാധമായി സ്വാധീനിക്കുന്നതിന്റെ പല ഉദാഹരണങ്ങൾ പലതുണ്ട്. ഒപ്പം, ലഹരി ഉപയോഗം മാത്രമല്ല, വിൽപനയും തടയാനുള്ള ആത്മാർഥമായ സർക്കാർ ശ്രമങ്ങൾ കൂടിയേ തീരൂ. നിഷ്‌ക്രിയ, നിരുത്തരവാദ സമീപനങ്ങൾ സർക്കാരും നിയമസംവിധാനങ്ങളും തുടർന്നാൽ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തേക്കാൾ വലിയ ദുരന്തങ്ങൾ നമ്മൾ ഇനിയും കാണേണ്ടിവരും.

TAGS :

Next Story