ചരിത്രം പഠിപ്പിക്കും നിയമസഭാ ലൈബ്രറി; പ്രദര്‍ശനത്തിനും തിരക്കേറുന്നു
1888 മുതല്‍ക്കുള്ള നിയമസഭയുടെ സമഗ്രമായ ചരിത്രം ശേഖരിച്ചിട്ടുള്ള ഒരേയൊരു ലൈബ്രറിയാണ് കേരള നിയമസഭാ ലൈബ്രറി.
- Updated:
2023-11-05 18:21:24.0
ചരിത്രം പഠിപ്പിക്കും നിയമസഭാ ലൈബ്രറി; പ്രദര്‍ശനത്തിനും തിരക്കേറുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭാ ലൈബ്രറിയില്‍ ഒരുക്കിയ പ്രദര്‍ശനം കാണുന്നതിനും തിരക്കേറുന്നു. ചരിത്രത്തിന്റെ ഭാഗമായ പുസ്തകങ്ങള്‍ മുതല്‍ പ്രമുഖ നിയമസഭാ സാമാജികരുടെ പുസ്തകങ്ങള്‍വരെ ഇവിടെ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. ഈമാസം ഏഴുവരെ നീളുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്. പ്രദര്‍ശനത്തിനൊപ്പം നിയമസഭാ ലൈബ്രറിയുടെ ചരിത്രവും പഠിക്കാനാവും. കേരളം പിറവികൊള്ളുന്നതിന് മുന്‍പ് തന്നെ നിയമസഭാ ലൈബ്രറി യാഥാര്‍ത്ഥ്യമായിരുന്നു.
തിരുവിതാംകൂര്‍ ദിവാന്റെ ഓഫീസില്‍ തുറന്ന ഒരു ലൈബ്രറിയാണ് 1921ല്‍ ലെജിസ്ലേറ്റീവ് ലൈബ്രറിയായി മാറിയത്. 1949ല്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ അസംബ്ലി ലൈബ്രറിയായി പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1956 മുതല്‍ ഈ ചരിത്രം ഉറങ്ങുന്ന നിയമസഭാ ലൈബ്രറി കേരള ലെജിസ്ലേച്ചര്‍ ലൈബ്രറി എന്നറിയപ്പെടുന്നു.
നിയമസഭാ സാമാജികര്‍ക്കും നിയമസഭാ ജീവനക്കാര്‍ക്കും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും കേരളത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും അക്രെഡിറ്റഡ് പത്രപ്രവര്‍ത്തകര്‍ക്കും മാത്രമായിരുന്നു നിയമസഭാ ലൈബ്രറിയില്‍ അംഗത്വം നല്‍കിയിരുന്നത്. പിന്നീട് ലൈബ്രറി അംഗത്വം ഗവേഷണ വിദ്യാര്‍ഥികള്‍, നിയമ വിദ്യാര്‍ഥികള്‍, സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരിലേക്ക് വ്യാപിപ്പിച്ചു.
2021ല്‍ നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷവേളയില്‍ നിയമസഭാ ലൈബ്രറി ജനാധിപത്യവത്കരിക്കണമെന്ന ആശയം കൊണ്ടുവന്നത് അന്നത്തെ സ്പീക്കറും ഇപ്പോഴത്തെ മന്ത്രിയുമായ എം.ബി. രാജേഷാണ്. തുടര്‍ന്ന് 2022 ലെ കേരള പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ നിയമസഭാ ലൈബ്രറിയുടെ വാതില്‍ പൊതുജനങ്ങള്‍ക്കും തുറന്നുകൊടുത്തു. ഇതോടെ പൊതുജനങ്ങള്‍ക്ക് കൂടി അംഗത്വം നല്‍കുന്ന ഇന്ത്യയിലെ ആദ്യ ലെജിസ്ലേറ്റീവ് ലൈബ്രറി എന്ന നേട്ടം കേരള നിയമസഭാ ലൈബ്രറി സ്വന്തമാക്കി. ബിരുദമുള്ളവര്‍ക്കാണ് നിലവില്‍ നിയമസഭാ ലൈബ്രറിയില്‍ നിന്നും അംഗത്വം ലഭിക്കുന്നത്. ഇതിനോടകം നൂറോളം പേര്‍ ലൈബ്രറിയില്‍ അംഗത്വമെടുത്തിട്ടുണ്ട്.
1888 മുതല്‍ക്കുള്ള നിയമസഭയുടെ സമഗ്രമായ ചരിത്രം ശേഖരിച്ചിട്ടുള്ള ഒരേയൊരു ലൈബ്രറിയാണ് കേരള നിയമസഭാ ലൈബ്രറി. നിയമസഭയിലെ നടപടിക്രമങ്ങള്‍, വിവിധ കമ്മീഷനുകളുടെയും കമ്മിറ്റികളുടെയും റിപ്പോര്‍ട്ടുകള്‍, പാസ്സാക്കിയ ബില്ലുകള്‍, ബുള്ളറ്റിനുകള്‍ തുടങ്ങിയ നിരവധി രേഖകള്‍ ഇവിടെ ലഭിക്കും. 1957 മുതല്‍ കേരള നിയമസഭ കൊണ്ടുവന്ന നിയമങ്ങള്‍ കാലാനുക്രമത്തില്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ശ്രീമൂലം പ്രജാസഭ, തിരുവിതാംകൂര്‍- കൊച്ചി നിയമസഭ, തിരുവിതാംകൂര്‍ ശ്രീചിത്ര സ്റ്റേറ്റ് കൗണ്‍സില്‍ തുടങ്ങിയ നിയമനിര്‍മ്മാണ സഭകളുടെ നിയമങ്ങള്‍, ചട്ടങ്ങള്‍, വിളംബരങ്ങള്‍, മറ്റ് നടപടി രേഖകളെല്ലാം അതാത് രൂപത്തില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ട്. പ്രശസ്ത ധനതത്വ ശാസ്ത്രകാരന്‍ ആദം സ്മിത്തിന്റെ 1849 ല്‍ പ്രസിദ്ധീകരിച്ച 'ആന്‍ ഇന്‍ക്വയറി ഇന്‍ടു ദി നേച്ചര്‍ ആന്‍ഡ് കോസസ് ഓഫ് വെല്‍ത്ത് ഓഫ് നേഷന്‍സ്' ആണ് ലൈബ്രറിയില്‍ ലഭ്യമായ ഏറ്റവും പഴയ പുസ്തകം.
കൂടാതെ http://klaproceedings.niyamasabha.org/ എന്ന വെബ്സൈറ്റില്‍ ലൈബ്രറി രേഖകളുടെ ഡിജിറ്റല്‍ ആര്‍ക്കൈവ്സ് ലഭ്യമാകും. പാര്‍ലമെന്റ് ലൈബ്രറിയിലെ ചില്‍ഡ്രന്‍സ് കോര്‍ണറിന്റെ മാതൃകയില്‍ നിയമസഭാ സംവിധാനങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെപ്പറ്റിയും കുട്ടികളില്‍ കൂടുതല്‍ ആഭിമുഖ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്കായുള്ള പ്രത്യേക വിഭാഗവും നിയമസഭാ ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Adjust Story Font
16