Quantcast

വിലക്കെടുത്തും വെട്ടിപ്പിടിച്ചും വളർന്ന അമേരിക്ക; ട്രംപിന്റെ ഗ്രീൻലാൻഡ് മോഹത്തിന് പിന്നിൽ

ആർട്ടിക് മേഖലയിലെ പ്രകൃതിവിഭവങ്ങളുടെയും വ്യാപാരപാതകളുടെയും മേൽ നിയന്ത്രണം സ്ഥാപിക്കണമെങ്കിൽ ഗ്രീൻലാൻഡ് നിർണായകമാണെന്ന് അമേരിക്കക്ക് കൃത്യമായ ബോധ്യമുണ്ട്

MediaOne Logo

സനു ഹദീബ

  • Updated:

    5 March 2025 3:58 PM

Published:

5 March 2025 3:57 PM

വിലക്കെടുത്തും വെട്ടിപ്പിടിച്ചും വളർന്ന അമേരിക്ക; ട്രംപിന്റെ ഗ്രീൻലാൻഡ് മോഹത്തിന് പിന്നിൽ
X

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗ്രീൻലാൻഡ് മോഹം വളരെ പ്രസിദ്ധമാണ്. പല തവണ ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള ആഗ്രഹം ട്രംപ് തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലും ഇക്കാര്യം ട്രംപ് ആവർത്തിച്ചു. ഗ്രീൻലാൻഡ് അമേരിക്കയോട് ചേർന്നില്ലെങ്കിൽ, ഏത് വഴിയിലൂടെയും ദ്വീപ് രാഷ്ട്രം സ്വന്തമാക്കുമെന്നാണ് ട്രംപിന്റെ ഒടുവിലത്തെ മുന്നറിയിപ്പ്.

അമേരിക്കൻ ചരിത്രത്തിൽ മറ്റു രാജ്യങ്ങളുടെ അധീനതയിൽ പെട്ട സ്ഥലങ്ങൾ വിലക്ക് വാങ്ങിയും സ്വന്തമാക്കിയും രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിക്കുന്നത് പുതിയ കാര്യമല്ല. പല കാലങ്ങളിൽ പല സ്ഥലങ്ങൾ വെട്ടിപ്പിടിച്ച് തന്നെയാണ് അമേരിക്ക ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതും. എന്നാൽ വിസ്തൃതി വർധിപ്പിക്കുകയെന്ന മോഹം മാത്രമല്ല ട്രംപിന്റെ ഗ്രീൻലാൻഡ് പ്രണയത്തിന് പിന്നിൽ. എന്താണ് ഗ്രീൻലാൻഡിൽ ട്രംപിനെ മോഹിപ്പിക്കുന്നത്? അമേരിക്ക എങ്ങനെയാണ് ഇന്നത്തെ അമേരിക്കയായത്?

അമേരിക്കയുടെ വളർച്ച

1783-ൽ വടക്കേ അമേരിക്കയിലെ 13 ബ്രിട്ടീഷ് കോളനികള്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിലൂടെയാണ് അമേരിക്ക എന്ന രാജ്യം പിറവിയെടുക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി അമേരിക്കയ്ക്ക് പൂർണ സ്വാതന്ത്ര്യവും പുതിയ അതിർത്തികളുടെ അംഗീകാരവും നൽകി. അതിനും 20 വർഷങ്ങൾക്ക് ശേഷം 1803 ലാണ് അമേരിക്ക ആദ്യമായി പുതിയൊരു പ്രദേശത്തെ രാജ്യത്തോട് കൂട്ടിചേർക്കുന്നത്. 'ലൂസിയാന പർച്ചേസ്' എന്നറിയപ്പെടുന്ന ഈ ഇടപാടിൽ അമേരിക്ക ഫ്രാൻസിൽ നിന്ന് ലൂസിയാന മേഖല 15 മില്യൺ ഡോളറിന് സ്വന്തമാക്കി. തോമസ് ജെഫേഴ്‌സന്റെ കാലത്ത് നടന്ന ഈ ഡീൽ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നവരുണ്ട്. മിസിസിപ്പി നദിക്കും റോക്കി പർവതനിരകൾക്കും ഇടയിലുള്ള ഈ പ്രദേശം അമേരിക്കയുടെ വലിപ്പം ഇരട്ടിയാക്കിയെന്നു പറയാം. ആധുനിക അമേരിക്കയിലെ പതിനഞ്ച് സംസ്ഥാനങ്ങൾ ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

1819 ലാണ് അമേരിക്ക ഫ്ലോറിഡ സ്വന്തമാക്കുന്നത്. യുഎസിന്റെ കൈകളിൽ എത്തുന്നതിന് മുൻപ് സ്പാനിഷ് കോളനിയായിരുന്നു ഫ്ലോറിഡ. 1819-ൽ, അമേരിക്ക സ്പെയിനുമായി ആഡംസ്-ഓണിസ് ഉടമ്പടിയിൽ ഏർപ്പെട്ടു. ഇതുപ്രകാരം ഫ്ളോറിഡയുടെ നിയന്ത്രണം സ്പെയിൻ ഔദ്യോഗികമായി അമേരിക്കക്ക് വിട്ടുകൊടുത്തു. 5 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരം നൽകിയാണ് യുഎസ് ഫ്ലോറിഡ സ്വന്തമാക്കിയത്. 1845-ൽ ഫ്ലോറിഡ അമേരിക്കയുടെ 27 ആമത് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.

1845-ലാണ് ടെക്സസ് അമേരിക്കയിലേക്ക് കൂട്ടിചേർക്കപ്പെടുന്നത്. ഇതിനു മുൻപ് പത്തു വർഷം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അംഗീകരിച്ചിരുന്ന സ്വതന്ത്ര രാജ്യമായിരുന്നു ടെക്സസ്. അക്കാലത്ത് റിപ്പബ്ലിക് ഓഫ് ടെക്സാസ് എന്നായിരുന്നു പേര്. വലിപ്പത്തിലും ജനസംഖ്യയിലും അമേരിക്കയിലെ രണ്ടാമത്തെ സംസ്ഥാനവും ടെക്സസ് ഇപ്പോൾ. ടെക്സസിനെ അമേരിക്കൻ ഭൂപ്രദേശത്തേക്ക് കൂട്ടിച്ചേർത്തതിന് പിന്നാലെ ഉണ്ടായ അഭിപ്രായവ്യത്യസങ്ങളെ തുടർന്ന് അമേരിക്ക മെക്സിക്കോയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇത് 1848 വരെ നീണ്ടുനിന്ന ഒരു സംഘർഷത്തിന് കാരണമായി.

അമേരിക്കൻ ചരിത്രത്തിലെ ഈ കാലഘട്ടത്തെ 'മാനിഫെസ്റ്റ് ഡെസ്റ്റിനി' എന്ന പദം കൊണ്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ സമയത്ത് അമേരിക്കൻ നേതാക്കളും പൗരന്മാരും രാജ്യത്തിന്റെ ശക്തി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുടനീളം വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിശ്വസിച്ചിരുന്നു. 1846 ൽ തന്നെ ബ്രിട്ടനുമായുള്ള ഉടമ്പടിയിലൂടെ ഇന്നത്തെ ഒറിഗോൺ, വാഷിംഗ്ടൺ ഉൾപ്പടെയുള്ള ഭാഗങ്ങൾ അമേരിക്കയുടെ ഭാഗമായി.

യുഎസ്-മെക്സിക്കോ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിച്ച 1848-ലെ ഗ്വാഡലൂപ്പ് ഹിഡാൽഗോ ഉടമ്പടി പ്രകാരം, ഇന്നത്തെ കാലിഫോർണിയ, നെവാഡ, യൂട്ടാ, ന്യൂ മെക്സിക്കോ എന്നിവയുടെയും അരിസോണയുടെയും കൊളറാഡോയുടെയും ഭൂരിഭാഗവും, ഒക്ലഹോമ, കൻസാസ്, വ്യോമിംഗ് എന്നിവയുടെ ചില ഭാഗങ്ങളുടെയും നിയന്ത്രണം മെക്സിക്കോ അമേരിയ്ക്കക്ക് വിട്ടുകൊടുത്തു. മെക്സിക്കോയുടെ 55 ശതമാനം പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ആ ഭൂമിക്ക് അമേരിക്ക 15 മില്യൺ ഡോളർ നൽകി.

1867 ൽ അലാസ്ക സ്വന്തമാക്കിയത് അമേരിക്കൻ ചരിത്രത്തിലെ മികച്ച നേട്ടങ്ങളിൽ ഒന്നാണ്. വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് റഷ്യയ്ക്ക് വളരെക്കാലമായി താൽപ്പര്യമുണ്ടായിരുന്നു. പ്രദേശത്ത് റഷ്യ വ്യാപാരങ്ങളും മറ്റ് ക്രയവിക്രയങ്ങളും നടത്തുകയും ചെയ്തിരുന്നു. എന്നാൽ വ്യാപാരങ്ങളിൽ ഇടിവും മറ്റ് ആഗോള സാഹചര്യങ്ങൾ മൂലമുള്ള സാമ്പത്തിക സമ്മർദ്ദങ്ങളും മൂലം റഷ്യൻ സർക്കാരിന് അലാസ്കയെ അമേരിക്കയ്ക്ക് 7.2 മില്യൺ ഡോളറിന് വിൽക്കേണ്ടി വന്നു. ഇന്നത്തെ കണക്കിന് 125 മില്യൺ ഡോളറിൽ അധികമാണ് ഈ തുക. 1959-ൽ അലാസ്ക ഒരു സംസ്ഥാനമായി. വിനോദസഞ്ചാര മേഖലയിലും പ്രതിരോധ മേഖലയിലും അമേരിക്കയിൽ നിർണായക പങ്ക് വഹിക്കുന്ന സംസ്ഥാനമാണ് ഇന്ന് അലാസ്ക.

1898-ലെ സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിന് ശേഷമാണ് ഹവായ് ഒരു അമേരിക്കൻ സംസ്ഥാനമായി മാറുന്നത്. സ്പാനിഷ്-അമേരിക്കൻ യുദ്ധം അവസാനിപ്പിച്ച സമാധാന ഉടമ്പടിക്ക് പിന്നാലെ പ്യൂർട്ടോ റിക്കോ, ഗുവാം പ്രദേശങ്ങളും അമേരിക്കയുടെ അധീനതയിലായി. പസഫിക്കിലും കരീബിയനിലുമായി ചെറുദ്വീപുകള്‍ പലതും അമേരിക്ക സമാനമായ വഴികളിലൂടെ തന്നെ കൈവശപ്പെടുത്തി. ഈ സമയത്തോടെ അമേരിക്കയുടെ വലിപ്പം മൂന്നിരട്ടിയായി വളർന്നിരുന്നു. ഏറ്റവും ഒടുവില്‍ അമേരിക്ക ഒരു പ്രദേശം വാങ്ങിയത് 1917 ലാണ്. ഇപ്പോള്‍ യുഎസ് വിര്‍ജിന്‍ ദ്വീപുകളായി അറിയപ്പെടുന്ന പഴയ ഡാനിഷ് വെസ്റ്റ് ഇന്തീസ് ആണത്. 25 മില്യൺ ഡോളർ സ്വർണ്ണ നാണയങ്ങൾ നൽകിയാണ് യുഎസ് ഈ മേഖല കൈപ്പിടിയിൽ ഒതുക്കിയത്. ഇന്ന് അമേരിയയിൽ ഉള്ളത് 50 സംസ്ഥാനങ്ങളാണ്. അമേരിക്ക സ്വന്തമാക്കാൻ നോക്കിയിട്ടും നടക്കാതെ പോയ ക്യൂബ പോലുള്ള ചില മേഖലകളും ഉണ്ട്.

ട്രംപിന്റെ ഗ്രീൻലാൻഡ് മോഹത്തിന് പിന്നിൽ

ആര്‍ട്ടിക്– വടക്കേ അറ്റ്ലാന്‍റിക് സമുദ്രത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഗ്രീൻലാൻഡ് ലോകത്തെ തന്നെ ഏറ്റവും വലിയ ദ്വീപാണ്. ആര്‍ട്ടിക്കിലാണെങ്കിലും യൂറോപ്യന്‍ രാജ്യമായ ഡെന്മാര്‍ക്കിന്റെ കീഴിലെ രണ്ട് സ്വയംഭരണ പ്രദേശങ്ങളില്‍ ഒന്നാണ് ഗ്രീന്‍ലാന്‍ഡ്. 1979വരെ യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ കീഴിലായിരുന്നു. 1979ല്‍ ഹിതപരിശോധനയിലൂടെ സ്വയംഭരണം നേടി. ഗ്രീൻലാൻഡിന് സാമ്പത്തിക സഹായം നൽകുന്നത് ഡെന്മാർക്കാണ്. 57,000 പേർ മാത്രമുള്ള ദ്വീപിൽ ഭൂരിഭാഗവും ഡാനിഷ് പൗരന്മാരാണ്. 80 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്ന ദ്വീപില്‍ വര്‍ഷത്തില്‍ രണ്ട് മാസമേ തുടര്‍ച്ചയായി സൂര്യപ്രകാശം കിട്ടുകയുള്ളു. എന്നാൽ ട്രംപിന്റെ കണ്ണുടക്കുന്നത് ദ്വീപിലുള്ള അത്യപൂർവ ധാതുക്കളുടെയും എണ്ണ, പ്രകൃതിവാതകത്തിന്റെയും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വമ്പൻ നിക്ഷേപത്തിലാണ്. യുറേനിയം, ഇരുമ്പയിര്, സിങ്ക്, ചെമ്പ്, സ്വർണം എന്നിവയുടെ വൻ നിക്ഷേപമുണ്ട് ഗ്രീൻലാൻഡിൽ.

ടെക്‌സസിന്റെ മൂന്നിരട്ടി വലുപ്പമുണ്ട് ഗ്രീൻലാൻഡിന്. അതായത് എല്ലാ അമേരിക്കൻ സംസ്ഥാനങ്ങളെക്കാളും വലുതാണ് ഗ്രീൻലാൻഡെന്ന് ചുരുക്കം. ചൈനക്ക് പുറത്ത് റെയര്‍ എര്‍ത്ത്‌സ് നിക്ഷേപം ഏറ്റവും കൂടുതലുള്ളത് ഗ്രീൻലാൻഡിൽ ആണെന്നതും ട്രംപിനെ സംബന്ധിച്ച് പ്രധാനമാണ്. സെമി കണ്ടക്ടറുകൾ മുതൽ കൃത്രിമ ഉപഗ്രഹങ്ങളുടെ നിർമാണത്തിൽ വരെ അമേരിക്കക്ക് ആവശ്യമുള്ള ധാതുക്കൾ ഇപ്പോൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചൈനയുമായി തീരുവ യുദ്ധം നടത്തുന്ന യുഎസ് ഗ്രീൻലാൻഡിന്റെ പ്രാധാന്യം തിരിച്ചറിയുന്നതും അവിടെയാണ്.

ഒപ്പം ഗ്രീന്‍ലാന്‍ഡ് അമേരിക്കയോട് ചേര്‍ന്നാല്‍ ആര്‍ട്ടിക് സമുദ്രത്തിലൂടെ സജീവമാകുന്ന പുതിയ കപ്പല്‍പാത യുഎസിന്റെ വ്യാപാരമേഖലയിൽ വലിയ സ്വാധീനമുണ്ടാക്കും. ആര്‍ട്ടിക്കില്‍ നിന്ന് വടക്കേ അമേരിക്കയിലേക്കുള്ള പാത വളരെ സുഗമമാകും എന്നതാണ് ഇതിന്റെ പ്രാധാന്യം. ഗ്രീൻലാൻഡ് തലസ്ഥാനത്ത് നിന്ന് ഏകദേശം 3000 കിലോമീറ്റര്‍ സഞ്ചരിച്ചാൽ വാഷിംഗ്ടണിൽ എത്താം. മേഖലയിലെ ചൈന, റഷ്യ സ്വാധീനത്തെ കവച്ചുവെക്കാൻ ഇതിലും നല്ലൊരു വഴി അമേരിക്കക്ക് ലഭിക്കാനില്ല. ആർട്ടിക് മേഖലയിലെ പ്രകൃതിവിഭവങ്ങളുടെയും വ്യാപാരപാതകളുടെയും മേൽ നിയന്ത്രണം സ്ഥാപിക്കണമെങ്കിൽ ഗ്രീൻലാൻഡ് നിർണായകമാണെന്ന് അമേരിക്കക്ക് കൃത്യമായ ബോധ്യമുണ്ട്. അതുകൂടി മുന്നിൽ കണ്ടാണ് ട്രംപ് ഗ്രീൻഡിലാൻഡിനെ വിടാതെ പിടികൂടിയിരിക്കുന്നത്. യുക്രെയ്ൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലുള്ള ട്രംപിന്റെ താല്പര്യത്തിന് പിന്നിലും ചൈനയുമായുള്ള ഈ മത്സരമാണ്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് 1946 ല്‍ ഹാരി ട്രൂമാന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും നടന്നില്ല. എന്നാൽ ഇത്തവണ അതിൽ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലാണ് ട്രംപ്. അതേസമയം, അമേരിക്കയുടെ ഭാഗമാകാൻ താത്പര്യമില്ലെന്ന് ഗ്രീൻലാൻഡുകാർ ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞു. ഗ്രീൻലാൻഡ് മാത്രമല്ല പനാമ കനാലും കാനഡയുമെല്ലാം ട്രംപിന്റെ മോഹങ്ങളിൽ പെട്ടതാണ്.

TAGS :

Next Story