Quantcast

കിസ്മത്തില്‍ കാല്‍പനികതയില്ല, രാഷ്ട്രീയമുണ്ട്

MediaOne Logo

Sithara

  • Published:

    31 July 2016 12:59 PM GMT

കിസ്മത്തില്‍ കാല്‍പനികതയില്ല, രാഷ്ട്രീയമുണ്ട്
X

കിസ്മത്തില്‍ കാല്‍പനികതയില്ല, രാഷ്ട്രീയമുണ്ട്

കാല്‍പനിക രംഗങ്ങളും സംഭാഷണങ്ങളും കുത്തിനിറച്ച പൈങ്കിളി പ്രണയകഥയല്ല കിസ്മത്ത്. മതവും നിയമപാലകരും സമൂഹവുമെല്ലാം ചേര്‍ന്ന് ഒരു പ്രണയത്തെ എങ്ങനെയെല്ലാം ചവിട്ടി അരയ്ക്കുന്നുവെന്നാണ് കിസ്മത്ത് പറയുന്നത്. ഒപ്പം നീതി തേടി പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരോട് നീതിപാലകര്‍ എങ്ങനെ പെരുമാറുന്നുവെന്നതിന്റെ നേര്‍കാഴ്ച കൂടിയാണ് ഈ ചിത്രം.

കാല്‍പനിക രംഗങ്ങളും സംഭാഷണങ്ങളും കുത്തിനിറച്ച പൈങ്കിളി പ്രണയകഥയല്ല കിസ്മത്ത്. രണ്ട് മതക്കാരുടെ പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ മറ്റൊരു തട്ടത്തിന്‍ മറയത്തോ കാമുകനേക്കാള്‍ പ്രായക്കൂടുതലുള്ള കാമുകി എന്ന് കേള്‍ക്കുമ്പോള്‍ മറ്റൊരു രതിനിര്‍വേദമോ പ്രതീക്ഷിച്ച് ടിക്കറ്റെടുത്താല്‍ നിരാശപ്പെടും. മതവും നിയമപാലകരും സമൂഹവുമെല്ലാം ചേര്‍ന്ന് ഒരു പ്രണയത്തെ എങ്ങനെയെല്ലാം ചവിട്ടി അരയ്ക്കുന്നുവെന്നാണ് കിസ്മത്ത് പറയുന്നത്. ഒപ്പം നീതി തേടി പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരോട് നീതിപാലകര്‍ എങ്ങനെ പെരുമാറുന്നുവെന്നതിന്റെ നേര്‍കാഴ്ച കൂടിയാണ് ഈ ചിത്രം. കറുത്ത നിറമുള്ളവളെ, മനുഷ്യാവകാശ പ്രവര്‍ത്തകരെ, ഫ്രീക്കന്‍ പയ്യന്മാരെയൊക്കെ അധിക്ഷേപിച്ച ആക്ഷന്‍ ഹീറോ ബിജുവിനൊക്കെ നിര്‍ത്താതെ കയ്യടിച്ച പ്രേക്ഷകരുടെ മുന്‍പിലാണ് നിലപാടില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി പൊലീസ് സ്റ്റേഷന്‍ പരിസരം അവതരിപ്പിച്ചത്.

23കാരനായ ഇര്‍ഫാനും (ഷെയിന്‍ നിഗം) 28കാരിയായ അനിതയും (ശ്രുതി മേനോന്‍) പൊലീസ് സ്റ്റേഷനിലെത്തുന്ന പകലില്‍ തുടങ്ങി അടുത്ത ദിവസത്തെ പകലില്‍ അവസാനിക്കുകയാണ് സിനിമ. അനിത ദലിത് പെണ്‍കുട്ടിയും ഇര്‍ഫാന്‍ ആഢ്യ മുസ്‍ലിം കുടുംബത്തിലെ അംഗവുമാണ്. ഇരു മതം എന്നതിലുപരി അനിതയുടെ ദലിത് സ്വത്വവും പ്രായക്കൂടുതലുമാണ് ഇരുവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ഈ പ്രണയത്തെ അതിശക്തമായി എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ചെറുമി പെണ്ണ് എന്ന് ഒന്നിലേറെ തവണ അനിത അധിക്ഷേപിക്കപ്പെടുന്നുണ്ട്. കമ്മട്ടിപ്പാടത്തില്‍ പുലയന്‍ 'തെറി'യാണെന്ന് വിധിച്ച സെന്‍സര്‍ ബോര്‍ഡ് ചെറുമി 'തെറി'യാണെന്ന് വെളിപാടുണ്ടായി ആ ഭാഗം വെട്ടിക്കളയാന്‍ പറയാതിരുന്നത് കൊണ്ട് സംവിധായകന് ജാതിയുടെ രാഷ്ട്രീയം വ്യക്തമായി തന്നെ പറയാന്‍ കഴിഞ്ഞു.

ജാതിവെറിയോളം പോന്ന ജാതിബോധം പേറുന്ന എസ്ഐ (വിനയ് ഫോര്‍ട്) സഹായം തേടിയെത്തുന്ന പ്രണയികളെ അധിക്ഷേപിക്കുന്നത് അനിതയുടെ ദലിത് സ്വത്വം ചൂണ്ടിയാണ്. മിശ്രവിവാഹമാകുമ്പോള്‍ ആനുകൂല്യമൊക്കെ കിട്ടുമല്ലോ എന്ന് അയാള്‍ പരിഹസിക്കുന്നുണ്ട്. പ്രായം കൂടിയ സ്ത്രീയും പ്രായം കുറഞ്ഞ പുരുഷനും തമ്മിലെ ഇഷ്ടം പ്രണയമല്ല കേവലം ശരീരകേന്ദ്രീകൃതം മാത്രമാണെന്ന പൊതുബോധവും അയാളെ നയിക്കുന്നുണ്ട്. അതേബോധം തന്നെയാണ് ഇര്‍ഫാന്റെ കുടുംബത്തിനുമുള്ളത്. ഇപ്പുറത്ത് അനിതയുടെ ബന്ധുക്കളാവട്ടെ മതം മാറ്റി മുസ്ലിം സമുദായത്തിലേക്ക് ആളെക്കൂട്ടാനുള്ള ചതിയായാണ് ഈ ബന്ധത്തെ കാണുന്നത്. ലൌജിഹാദ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന കാലത്ത് അനിതയുടെയും ഇര്‍ഫാന്റെയും മതാതീത പ്രണയത്തിന് ഏറെ മാനങ്ങളുണ്ട്.

പോലീസ് സ്റ്റേഷനിലിരിക്കുന്ന അനിതയെയും ഇര്‍ഫാനെയും സാക്ഷിയാക്കിയാണ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാര്‍ നേരിടുന്ന പീഡനങ്ങളിലേക്ക് ആദ്യ പകുതിയില്‍ ക്യാമറ തിരിക്കുന്നത്. ഇതര സംസ്ഥാനക്കാരോടുള്ള സമൂഹത്തിന്റെയും പൊലീസുകാരുടെയും മനോഭാവവും നിരപരാധിയെ മറ്റൊരാളെ തല്ലിച്ചതച്ച് കുറ്റം അടിച്ചേല്‍പിക്കുന്നതുമെല്ലാം ആദ്യ പകുതിയില്‍ കാണാം. കള്ളുകുടിച്ച് ബഹളം വെച്ചതിന് അറസ്റ്റിലായയാള്‍ പുറത്തിറക്കാന്‍ വന്ന മകനോട് പറയുന്നത് "നീ വന്നതുകൊണ്ടൊന്നുമല്ല ഞാന്‍ നായരായതുകൊണ്ടാണ് എന്നെ പുറത്തുവിട്ടത് എന്നാണ്". എസ്എസ്എല്‍സി ബുക്കില്‍ ഇല്ലാതിരുന്ന ജാതിവാലുകള്‍ അന്തസ്സിന്റെ പ്രതീകമെന്നോണം പേരിനൊപ്പം ചേര്‍ക്കപ്പെടുന്ന ഈ കാലത്തിന് നേര്‍ക്കുള്ള നിശിത വിമര്‍ശനം കൂടി ഇവിടെ സാധ്യമാവുന്നുണ്ട്.

അനിതയും ഇര്‍ഫാനും പ്രണയത്തിലെത്തിയ സാഹചര്യവും അവരുടെ പ്രണയവുമെല്ലാം ചുരുങ്ങിയ സംഭാഷണങ്ങളിലൂടെയും രണ്ട് പാട്ടുകളിലൂടെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതായത് അതിവൈകാരികതയിലും കാല്‍പനികതയിലും മുക്കിയെടുത്ത പ്രണയം അവതരിപ്പിക്കുകയായിരുന്നില്ല സംവിധായകന്റെ ലക്ഷ്യമെന്ന് വ്യക്തം. പകരം ആ പ്രണയം നേരിടുന്ന വെല്ലുവിളികളുടെ രാഷ്ട്രീയത്തിലായിരുന്നു സിനിമയുടെ ഫോക്കസ്. അന്യമതസ്ഥരുടെ പ്രണയമായാലും പ്രായക്കൂടുതലുള്ള സ്ത്രീയുടെയും പ്രായം കുറഞ്ഞ പുരുഷന്റെയും പ്രണയം ആയാലും സിനിമകളില്‍ ഒടുവില്‍ കുരുതികൊടുക്കുക സ്ത്രീയുടെ ജീവനാണ്. പ്രണയം പ്രമേയമായ കച്ചവട സിനിമകളാവട്ടെ പതിവ് ശുഭപര്യവസാനത്തിലെത്തും. എന്നാല്‍ ഈ സിനിമയുടെ ക്ലൈമാക്സ് ഈ രണ്ട് പതിവുകളെയും നിരാകരിക്കുന്നു.

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ഇര്‍ഫാന്റെ ശരീരഭാഷയുമായി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നുവെന്ന് തോന്നുംവിധമുള്ള ഗംഭീര പ്രകടനമാണ് ഷെയിന്‍ നിഗം കാഴ്ച വെച്ചത്. അനിതയായി എത്തിയ ശ്രുതി മേനോന് ചില സ്ഥലങ്ങളില്‍ ഇടറിയെങ്കിലും കരുത്തയായ സ്ത്രീയായുള്ള മാറ്റം സ്വാഭാവികമായി തന്നെ അഭിനയിച്ചു. വിനയ് ഫോര്‍ടും അലന്‍സിയറും ഇതര സംസ്ഥാന തൊഴിലാളിയും കുറ്റം ചുമത്തപ്പെട്ട നിരപരാധിയും ഉള്‍പ്പെടെ എല്ലാവരും സ്വന്തം ഭാഗം ഗംഭീരമാക്കി. പോരായ്മയായി തോന്നിയത് പൊന്നാനിയുടെ ഭൂമിശാസ്ത്രവും പ്രത്യേകതകളും പശ്ചാത്തലത്തില്‍ കുറേക്കൂടി കൊണ്ടുവരാമായിരുന്നു എന്നതാണ്. ഇരുവരുടെയും പ്രണയം പറഞ്ഞ രണ്ട് പാട്ടുകളിലെയും ദൃശ്യങ്ങള്‍ സാമാന സ്വഭാവമുള്ളതായിപ്പോയി. സിനിമ തീര്‍ന്നു എന്ന് തോന്നിയ ശേഷം കാണിച്ച അനിതയുടെ ദൃശ്യങ്ങള്‍ ഏച്ചുകെട്ടിയ പോലെ മുഴച്ചുനിന്നു. ആ ദൃശ്യങ്ങളിലൂടെ സ്ത്രീപക്ഷ സമീപനമാണ് ഉദ്ദേശിച്ചതെങ്കിലും ചിത്രീകരിച്ചപ്പോള്‍ ഉപരിപ്ളവമായി. ഇതൊക്കെയാണെങ്കിലും സിനിമ പറഞ്ഞ രാഷ്ട്രീയം ഈ പിഴവുകളെയൊക്കെ മറികടക്കുന്നതാണ്. കാണാതെ പോകരുത് ഈ സിനിമയ്ക്കു പിന്നിലെ കൂട്ടായ്മയും അവരുടെ രാഷ്ട്രീയവും.

Next Story