Quantcast

പേടിപ്പിക്കാത്ത പ്രേതം

MediaOne Logo

Sithara

  • Published:

    14 Aug 2016 4:41 PM GMT

പേടിപ്പിക്കാത്ത പ്രേതം
X

പേടിപ്പിക്കാത്ത പ്രേതം

ഈ പ്രേതത്തിന്റെ ദംഷ്ട്രകളില്‍ നിന്ന് രക്തം ഇറ്റുവീഴുകയോ ഈ പ്രേതം പ്രേക്ഷകരെ ഓരോ നിമിഷവും പേടിപ്പിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നില്ല. സ്ത്രീ ശരീരത്തെ സംബന്ധിച്ച വാര്‍പ്പുമാതൃക അതേപടി പിന്തുടരുന്നുവെന്നതാണ് തിരക്കഥയിലെ പ്രധാന പോരായ്മ.

യുക്തിയെ അകറ്റിനിര്‍ത്തി മാത്രമേ പൊതുവെ പ്രേതസിനിമകള്‍ ആസ്വദിക്കാന്‍ കഴിയൂ. ആ അവസ്ഥയ്ക്ക് രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിനും മാറ്റമില്ല. ജീവിച്ചിരിക്കുമ്പോള്‍ നീതി നിഷേധിക്കപ്പെട്ട സ്ത്രീകള്‍ പ്രേതമായി വരുന്ന പതിവും തുടരുന്നു. പക്ഷേ ഈ പ്രേതത്തിന്റെ ദംഷ്ട്രകളില്‍ നിന്ന് രക്തം ഇറ്റുവീഴുകയോ ഈ പ്രേതം പ്രേക്ഷകരെ ഓരോ നിമിഷവും പേടിപ്പിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നില്ല. സ്ത്രീ ശരീരത്തെ സംബന്ധിച്ച വാര്‍പ്പുമാതൃക അതേപടി പിന്തുടരുന്നുവെന്നതാണ് തിരക്കഥയിലെ പ്രധാന പോരായ്മ. പ്രധാന പ്രമേയം ദുര്‍ബലമായിരിക്കുമ്പോള്‍ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കുറച്ച് സന്ദര്‍ഭങ്ങളുണ്ട് ഈ സിനിമയില്‍.

സഹപാഠികളായിരുന്ന ഡെന്നിയും (അജു വര്‍ഗ്ഗീസ്) പ്രിയനും (ഷറഫുദ്ദീന്‍) ഷിബുവും (ഗോവിന്ദ് പത്മസൂര്യ) നടത്തുന്ന ബീച്ച് റിസോര്‍ട്ടില്‍ നടക്കുന്ന ചില അവിചാരിത സംഭവ വികാസങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. അവരുടെ സ്നേഹവും കൊച്ചു കൊച്ചു പിണക്കങ്ങളുമെല്ലാം രസകരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ആ പ്രായത്തിലെ യുവാക്കളുടെ ലൈംഗിക താല്‍പര്യങ്ങള്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ പരമാവധി ഒഴിവാക്കിക്കൊണ്ട് വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം വേലക്കാരിയെയും വേലക്കാരനെയുമെല്ലാം അധിക്ഷേപിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ നോക്കിയത് ഒഴിവാക്കാമായിരുന്നു. ക്ലീഷെ സീനുകള്‍ എന്ന് പ്രേക്ഷകര്‍ ചിന്തിക്കാന്‍ തുടങ്ങുന്നിടത്തെല്ലാം സ്വയം ട്രോളിക്കൊണ്ട് ബോറടിപ്പിക്കാതെ രസകരമായി സിനിമ മുന്നേറുന്നു. ഡോ സണ്ണി, സേതുരാമയ്യര്‍ പരാമര്‍ശങ്ങളൊക്കെ വിജയം കാണുന്നുണ്ട്. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എങ്കില്‍ പ്രേതത്തിലും വിശ്വസിക്കണം എന്നൊക്കെ ചിത്രത്തില്‍ പറയുന്നുണ്ടെങ്കിലും മറുഭാഗത്തുകൂടി മതങ്ങളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്യുന്നുമുണ്ട്. ധര്‍മജന്‍ അവതരിപ്പിച്ച യേശു എന്ന കഥാപാത്രം ചോദിക്കുന്ന സംശയങ്ങളിലൂടെയാണ് സിനിമയില്‍ യുക്തിവാദത്തിന് കൂടി ഇടം നല്‍കിയത്.

ശരീരഭാഷ നിരീക്ഷിച്ച് മനസ്സ് വായിക്കുന്ന മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ബോസ്കോയായി ജയസൂര്യ എത്തുന്നതോടെ ഹ്യൂമറിനൊപ്പം ഹോറര്‍ കൂടി സിനിമയില്‍ ഇഴചേരുന്നു. പ്രേതം പ്രേക്ഷകരെ കൂടുതലായി പേടിപ്പിക്കുന്നില്ലെങ്കിലും നീതി തേടിയുള്ള യാത്രയില്‍ ആധുനിക സാങ്കേതിക വിദ്യകളൊക്കെ ഉപയോഗിക്കുന്നുണ്ട്. പ്രേതം കഥയില്‍ കടന്നുവരുന്നതോടെ സ്വാഭാവികമായും യുക്തിയെ മറന്നുമാത്രമേ ആസ്വദിക്കാനാകൂ. പ്രേതത്തിന്റെ ഭൂതകാല കഥ വിശദീകരിക്കുമ്പോള്‍ തിരക്കഥയിലെ ദൌര്‍ബല്യം പുറത്തുവരുന്നു. സ്ത്രീശരീരത്തെ സംബന്ധിച്ച് വാര്‍പ്പ് മാതൃക പിന്തുടരുന്നു എന്നത് പോരായ്മ തന്നെയാണ്. അതിലും വലിയ പ്രതിസന്ധിയെ തരണം ചെയ്ത പെണ്‍കുട്ടിയെ (സസ്പെന്‍സ് പോകുമെന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കാന്‍ കഴിയില്ല) സ്ത്രീശരീരത്തെ സംബന്ധിച്ച പരമ്പരാഗത പൊതുബോധം പിന്തുടരുന്നവളാക്കി. പ്രേതത്തെ സംബന്ധിച്ച സാമ്പ്രദായിക ചിന്തകളെ തമസ്കരിക്കുന്ന ചിത്രം സ്ത്രീകളെ സംബന്ധിച്ച വാര്‍പ്പ് മാതൃക പിന്തുടരുന്നുവെന്നത് വിരോധാഭാസമാണ്..

മെന്റലിസ്റ്റായെത്തിയ ജയസൂര്യയുടെ രൂപവും ശരീരഭാഷയും സംഭാഷണശൈലിയുമെല്ലാം നന്നായിട്ടുണ്ട്. കൂട്ടുകാരായെത്തിയ അജു, ഷറഫുദ്ദീന്‍, ഗോവിന്ദ് പത്മസൂര്യ എന്നിവരും യേശുവായെത്തിയ ധര്‍മജനും ചിരിപ്പിച്ചു. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണം സിനിമയുടെ മൂഡുമായി യോജിച്ച പോകുന്നതാണ്. ആസ്വാദന തുടര്‍ച്ചയെ ബാധിക്കാതെ സാജന്‍ വാസുദേവിന്റെ എഡിറ്റിങും മികച്ച നിലവാരം പുലര്‍ത്തി. ആനന്ദ് മധുസൂദനന്റെ പശ്ചാത്തല സംഗീതവും പതിവ് പ്രേത സിനിമകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ ഒരു തവണ ചിരിച്ച് ആസ്വദിച്ച് കാണാന്‍ പറ്റുന്ന സിനിമയാണിത്.

TAGS :

Next Story