വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയറ്ററുകളിലെത്തും
ജോജു ജോർജ് നായകനായ സ്റ്റാർ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികൾ
വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഫിലിം ചേംബർ യോഗം തീരുമാനിച്ചു. ജോജു ജോർജ് നായകനായ സ്റ്റാർ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മരക്കാർ തിയറ്റർ റിലീസ് ചെയ്യണമെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. ആറു മാസത്തിനുശേഷം ഒക്‌ടോബർ 25 നാണ് മൾട്ടിപ്ലക്സ് അടക്കം മുഴുവൻ തിയറ്ററുകളും തുറന്നത്. 25 മുതൽ സിനിമാശാലകൾ തുറന്നുപ്രവർത്തിക്കാൻ ഈ മാസം ആദ്യത്തിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. പകുതിപ്പേർക്കു മാത്രമാണ് പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണമെന്ന നിബന്ധനയുമുണ്ട്.
മലയാള സിനിമകളുടെ റിലീസിങ് സംബന്ധിച്ച ആശങ്കകൾ ഫിലിം ചേംബർ യോഗത്തിൽ പരിഹരിക്കപ്പെട്ടതോടെയാണ് വെള്ളിയാഴ്ച മുതൽ റിലീസിങ് തീരുമാനിച്ചത്. സിനിമ സംഘടനകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ ഉടൻ തന്നെ പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിലീസിങ് വൈകിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇടവേളക്ക് ശേഷം തീയറ്ററുകൾ തുറന്നപ്പോൾ ഹോളിവുഡ് സിനിമകളാണ് ആദ്യദിനം പ്രദർശനത്തിനെത്തിയത്. പകുതി സീറ്റുകളിൽ ആയിരുന്നു പ്രവേശനം. രണ്ട് ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കാണികളെ തീയേറ്ററുകളിലേക്ക് പ്രവേശിപ്പിച്ചത്. ഷോയ്ക്ക് മുൻപുതന്നെ തീയറ്ററുകളിൽ അണുനശീകരണം നടത്തിയിരുന്നു. ആദ്യ ഷോ കാണാൻ കാണികൾ കുറവായിരുന്നു. ആറു മാസങ്ങൾക്ക് ശേഷം തിയറ്ററുകളിലെത്തി സിനിമ കാണാനായതിന്റെ ആവേശത്തിലായിരുന്നു പ്രേക്ഷകർ.
Adjust Story Font
16