Quantcast

കവര്‍ച്ചക്കാരന്‍ കൊച്ചുണ്ണിക്ക് പ്രേക്ഷകരുടെ മനസ്സ് കട്ടെടുക്കാനായോ?  റിവ്യു വായിക്കാം

വലിയ ബജറ്റിലൊരുങ്ങിയ കായംകുളം കൊച്ചുണ്ണി സാങ്കേതികതയിലും താരപ്രഭയിലും മുന്നിട്ട് നില്‍ക്കുന്നു

MediaOne Logo
കവര്‍ച്ചക്കാരന്‍  കൊച്ചുണ്ണിക്ക് പ്രേക്ഷകരുടെ മനസ്സ്  കട്ടെടുക്കാനായോ?  റിവ്യു വായിക്കാം
X

പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ബ്രിട്ടീഷ് ഭരണവും ജന്മിത്തവുമെല്ലാം താഴ്ന്ന ജാതിയിലുള്ളവരെ പ്രതികൂലമായി ബാധിച്ചിരുന്നു. പാടത്തും പറമ്പിലും പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന കീഴാളര്‍ എന്നും ദുരിതത്തിലായിരുന്നു. എന്നാല്‍ ധനികരുടെ കയ്യില്‍ നിന്നും കവര്‍ച്ച നടത്തി അത് അര്‍ഹതപ്പെട്ട പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ഒരു കള്ളന്‍ മലയാളത്തിലെ നാടോടി കഥകളില്‍ നിറഞ്ഞ് നിന്നിരുന്നു. കായംകുളം കൊച്ചുണ്ണി. മേലാളന് കള്ളനായും കീഴാളന് ദൈവമായും കൊച്ചുണ്ണി ജീവിച്ചിരുന്നുവെന്ന് കഥകള്‍ പറയുന്നു. പത്തനംതിട്ട ജില്ലയിലെ ഇടപ്പാറ മലദേവര്‍ നട ക്ഷേത്രത്തില്‍ മുസല്‍മാനായ കൊച്ചുണ്ണിയുടെ പ്രതിഷ്ഠ ഇന്നും നിലനില്‍ക്കുന്നു എന്നുള്ളതും ഈ സങ്കല്‍പ്പങ്ങളെ ശരിവെക്കുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണി പറയുന്നതും നാടോടി കഥകളില്‍ നിന്നും അടര്‍ത്തിയെടുത്ത കൊച്ചുണ്ണിയുടെ ജീവിതമാണ്.

പഴയ കാലത്തിന്‍റെ കഥയാണെങ്കിലും കൊച്ചുണ്ണി പറയുന്ന രാഷ്ട്രീയം ഇന്നത്തെ കാലഘട്ടത്തിലും പ്രകടമായ സവര്‍ണ്ണ മേധാവിത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. നാടുവാഴികളുടെ ജന്മിത്തവും സവര്‍ണ്ണ മേധാവിത്വവും കൊടികെട്ടി വാണിരുന്ന ബ്രിട്ടീഷ് ഭരണകാലത്തെ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ദാരിദ്ര്യത്തിന്‍റെ അങ്ങേയറ്റം കണ്ട കള്ളന്‍ ബാപ്പൂട്ടി വിശപ്പ് സഹിക്കാനാവാതെ കുറച്ച് ഭക്ഷണം മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെടുകയും മേലാളരുടെ മര്‍ദനത്തിനിരയാവുകയും ചെയ്യുന്നു. അതിന് ശേഷം ബാപ്പൂട്ടിയുടെ മകന്‍ കൊച്ചുണ്ണി പുഴകടന്ന് കായംകുളത്തെത്തുന്നു. അവിടെ മാന്യമായി ജോലിചെയ്ത് കൊച്ചുണ്ണി വളരുന്നു. പക്ഷെ, മേല്‍ജാതിക്കാരുടെ ചതിയില്‍ കുടുങ്ങുന്ന കൊച്ചുണ്ണിക്ക് മനംമാറ്റം സംഭവിക്കുകയും ശേഷം നാം അറിയുന്ന കവര്‍ച്ചക്കാരന്‍ കായംകുളം കൊച്ചുണ്ണിയായി മാറുകയും ചെയ്യുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് ബോബി സഞ്ജയുടെ തിരക്കഥ മുന്നോട്ട് പോകുന്നത്.

വലിയ ബജറ്റിലൊരുങ്ങിയ കായംകുളം കൊച്ചുണ്ണി സാങ്കേതികതയിലും താരപ്രഭയിലും മുന്നിട്ട് നില്‍ക്കുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി മുഴുവന്‍ സമയവും സ്ക്രീനില്‍ ആധിപത്യം നിലനിര്‍ത്തുന്നു. കഥയുടെ ഗതിമാറ്റത്തില്‍ ഒഴിച്ചുകൂടാനാവാത്ത കഥാപാത്രമായ ഇത്തിക്കര പക്കിയിലൂടെ മോഹന്‍ലാല്‍ ആരാധകരില്‍ ആവേശമുണര്‍ത്തി. ലാലിന്‍റെ മെയ് വഴക്കവും കായികശേഷിയും തന്നെയാണ് അതിന് പ്രധാന കാരണം. പ്രതിനായകനായെത്തിയ സണ്ണി വെയ്ന്‍ തന്‍റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാക്കി കേശവ കുറുപ്പിനെ അവതരിപ്പിച്ചു. ജാനകിയായി പ്രിയ ആനന്ദും കൊച്ചു പിള്ളയായി ഷൈന്‍ ടോം ചാക്കോയും തിളങ്ങി നിന്നു. വളരെ കുറച്ച് നേരം മാത്രം പ്രത്യക്ഷപ്പെടുന്ന സുദേവ് നായര്‍ സംഭാഷണ ശൈലിയുടെ മികവ് കാരണം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. വൈഷ്ണവി റെഡ്ഡിയുടെ കലാസംവിധാനവും ധന്യ ബാലകൃഷ്ണന്‍റെ വസ്ത്രാലങ്കാരവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. ഗതിമാറിയൊഴുകുമെന്ന് തോന്നിപ്പിച്ച തിരക്കഥയെ പലപ്പോഴും പിടിച്ച് നിര്‍ത്താന്‍ ഗോപി സുന്ദറിന്‍റെ സംഗീതത്തിനായി. നിലവിലെ കായംകുളത്തിന്‍റെ അവസ്ഥ കഥാഗതിക്ക് ചേര്‍ന്നതല്ലാത്തതിനാല്‍ ശ്രീലങ്കയിലെ ഒരു ഗ്രാമമാണ് കായംകുളമായി ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ये भी पà¥�ें- കായംകുളം കൊച്ചുണ്ണി ഇന്ന് തിയറ്ററുകളില്‍; റിലീസ് 351 സ്ക്രീനുകളില്‍

ചരിത്ര സിനിമ എന്ന വിശേഷണമുണ്ടെങ്കിലും പലപ്പോഴും ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കാതെ കച്ചവട ചേരുവകകള്‍ക്ക് മുന്‍തൂക്കം നല്‍കി അണിയിച്ചൊരുക്കിയ തിരക്കഥയാണ് കായംകുളം കൊച്ചുണ്ണിയുടേത്. ചരിത്രത്തില്‍ 1869ല്‍ ജയില്‍വാസത്തിനിടെ കൊച്ചുണ്ണി മരണപ്പെടുകയാണുണ്ടായത്. പക്ഷെ, നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ പ്രതിഷ്ഠിച്ചുവെന്ന് കരുതപ്പെടുന്ന ഇടപ്പാറ മലദേവര്‍ നട ക്ഷേത്രത്തിലെ ദൈവമായ കായംകുളം കൊച്ചുണ്ണിയുടെ മിത്തിന്‍റെയും പ്രതീക്ഷയുടെയും കൂടി ഭാഗമാവുന്ന കഥാപാത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമയിലൂടെ വരച്ചിടുന്നത്. ഒരു തെറ്റ് ശരിക്കായി ഉപയോഗിക്കുകയാണ് കായംകുളം കൊച്ചുണ്ണി. പക്ഷെ, ആ തെറ്റ് ശരിയായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ പലപ്പോഴും പതറിയതായി അനുഭവപ്പെട്ടു. മിത്തും ചരിത്രവുമെല്ലാമുറങ്ങുന്ന കഥയായതിനാല്‍ കുറച്ച് കൂടി ആകാംക്ഷ ഉണര്‍ത്താന്‍ ചിത്രത്തിനായിരുന്നെങ്കില്‍ കായംകുളം കൊച്ചുണ്ണി വീണ്ടും ആസ്വാദ്യകരമാവുമായിരുന്നു.

ये भी पà¥�ें- കായംകുളം കൊച്ചുണ്ണിയുടെ പേരിൽ ഒരു ക്ഷേത്രം കേരളത്തിലുള്ളതായി എത്രപേര്‍ക്കറിയാം?

സിനിമയുടെ അവസാന ഭാഗങ്ങളില്‍ നിവിന്‍ പോളി മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും തുടക്കത്തില്‍ പല സ്ഥലങ്ങളിലും കഥാപാത്രത്തോട് ചേര്‍ന്ന് നിന്നിരുന്നില്ല. ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് നല്ല ദൃശ്യ ശ്രാവ്യ അനുഭവങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താനായി മാത്രം അണിയിച്ചൊരുക്കിയ സീനുകളായി അവ ഒതുങ്ങി. ഇടവേളക്ക് മുന്‍പ് കഷ്ടപ്പെട്ട് കളരിവിദ്യകള്‍ പഠിച്ചെടുത്ത് കളരിയാശാനായ തങ്ങളുടെ പിന്‍മുറക്കാരനാവാന്‍ യോഗ്യനെന്ന് കരുതപ്പെട്ടയാളാണ് കൊച്ചുണ്ണി. പക്ഷേ അവിടെ നിന്നൊന്നും ലഭിക്കാത്ത എന്ത് പരിശീലനങ്ങളാണ് ഇത്തിക്കര പക്കിക്ക് നല്‍കാന്‍ സാധിച്ചത് എന്ന ചോദ്യം സാമാന്യതക്ക് നിരക്കാത്ത അനുഭവമാണ് സമ്മാനിച്ചത്. ചുട്ട മണല്‍ വാരിയും കായികാഭ്യാസങ്ങള്‍ നടത്തിയും കാലാകാലങ്ങളായി കണ്ട് വരുന്ന കഥാപാത്ര രൂപാന്തരം ക്ലീഷെയായി. പ്രതീക്ഷിച്ച ക്ലൈമാക്സില്‍ പശ്ചാത്തല സംഗീതത്തിന്‍റെ മേമ്പൊടി കല്ലുകടിയായി. എങ്കിലും ശരാശരി പ്രേക്ഷകരില്‍ ആവേശമുണര്‍ത്താന്‍ നിവിന്‍ പോളിയുടെ സംഘട്ടനങ്ങള്‍ക്ക് സാധിച്ചു. ഛായാഗ്രഹണവും ശരാശരി നിലവാരം പുലര്‍ത്തുന്നതായിരുന്നു.

ये भी पà¥�ें- കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്ലര്‍  സാൻഡ് ആർട്ടില്‍; ഒരുക്കിയത് ഉദയൻ എടപ്പാൾ 

ഗതി മാറാതെ സഞ്ചരിക്കുന്ന കഥക്ക് പകരം കുറച്ച് കൂടി ആകാംക്ഷയുണര്‍ത്തുന്ന ഇരുണ്ട കഥാപശ്ചാത്തലം സ്വീകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ സിനിമ ഒന്ന്കൂടി നന്നാവുമായിരുന്നു. തികച്ചും ഒരു കച്ചവട സിനിമയാണ് എന്നതാണ് കായംകുളം കൊച്ചുണ്ണിയുടെ പ്രധാന ആകര്‍ഷണം. പക്ഷെ, തികച്ചും ഒരു കച്ചവട സിനിമ 'മാത്രമാണ്' എന്നത് ചിത്രത്തിന്‍റെ പോരായ്മയായും നിലനില്‍ക്കുന്നു. എങ്കിലും രണ്ടര മണിക്കൂര്‍ മറ്റൊന്നും ഓര്‍ക്കാതെ സമയം ചെലവിടാന്‍ കായംകുളം കൊച്ചുണ്ണി എന്ന ചലച്ചിത്രം പ്രേക്ഷകരെ സഹായിക്കും.

ये भी पà¥�ें- കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ഒരുപാട് സാഹസിക രംഗങ്ങള്‍ ചെയ്യേണ്ടിവന്നുവെന്ന് നിവിന്‍ പോളി

TAGS :

Next Story