മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് ഡബ്ല്യു.സി.സി; എല്ലാം തുറന്നുപറഞ്ഞ് നടിമാര്‍
ദിലീപിന്‍റെ സംഘടനയിലെ പ്രാതിനിധ്യം എന്താണെന്ന് വ്യക്തമാക്കണം. സംഘടനാ ഭാരവാഹികള്‍ നുണകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് ഡബ്ല്യു.സി.സി. സംഘടനയില്‍ നിന്ന് ന്യായമായ സമീപനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. ചലച്ചിത്ര മേഖലയില്‍ നിന്ന് കൂടുതല്‍ പിന്തുണ കിട്ടേണ്ടതുണ്ട്. മോഹന്‍ലാല്‍ പേര് പോലും പറയാതെ അധിക്ഷേപിക്കുകയായിരുന്നുവെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ പറഞ്ഞു. നടിമാര്‍ എന്ന് മാത്രമാണ് അദ്ദേഹം വിശേഷിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി. രേവതി, പാര്‍വതി, പത്മപ്രിയ, അഞ്ജലി മേനോന്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
പ്രതിസന്ധി നേരിടുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ സംഘടനക്കായില്ല. ഇത്രയും നാള്‍ സംഘടനയെ വിശ്വസിക്കുകയായിരുന്നു. ഇനിയെങ്കിലും പ്രതിഷേധിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ലായെന്ന് തോന്നുന്നു. ദിലീപിന്‍റെ സംഘടനയിലെ പ്രാതിനിധ്യം എന്താണെന്ന് വ്യക്തമാക്കണം. സംഘടനാ ഭാരവാഹികള്‍ നുണകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പരാതി ലഭിച്ചിട്ടും ഒരു നടപടിയും സംഘടനാ നേതൃത്വം സ്വീകരിച്ചില്ല. അമ്മയിലെ ചര്‍ച്ചകള്‍ നടന്നത്, ഇരയായ നടിക്കെതിരെയായിരുന്നു. അമ്മയുടെ കഴിഞ്ഞ യോഗത്തില്‍ 40 മിനിറ്റോളം ആരോപണങ്ങള്‍ നേരിടേണ്ടി വന്നു. പക്ഷേ തങ്ങളെ കേള്‍ക്കാന്‍ ആരും തയാറായിരുന്നില്ല. ജനറൽ ബോഡിയുടെ തീരുമാനത്തെ തിരുത്താനാവില്ലെന്നും വ്യക്തിപരമായി പിന്തുണയ്ക്കാമെന്നും പ്രസിഡന്‍റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ക്രിമിനൽ കേസിൽ പ്രതിയായ ആളെ സംഘടനയിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടത്. ഇപ്പോൾ അവർക്കിത് ഒരു അസാധാരണ സംഭവമാണ്. അമ്മയിൽ നിന്ന് ചിലർ പുറത്ത് പോയതെന്തിനാണന്ന് പോലും അവർ അന്വേഷിക്കുന്നില്ല. അവരുണ്ടാക്കിയ ബൈലോ തിരുത്തിയും മാറ്റിയുമാണ് നടപടികൾ സ്വീകരിക്കുന്നത്. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഈ വിഷയത്തിൽ വ്യക്തമായ അജണ്ടയുണ്ട്. ഇരയ്ക്കെതിരെ ബാബുരാജിന്‍റെ വാക്കുകൾ വേദനിപ്പിച്ചു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അമ്മ നേതൃത്വം തങ്ങളോട് അവശ്യപ്പെട്ടു. അമ്മക്കെതിരല്ല തങ്ങൾ, അമ്മയുടെ ഭാരവാഹികളുടെ നിലപാടിനെതിരെയാണ് പോരാട്ടമെന്നും അവര്‍ പറഞ്ഞു.
അമ്മയുടെ പ്രസിഡണ്ട് മോഹന്‍ലാലില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് WCC ചലച്ചിത്ര മേഖലയില്‍ നിന്നും കൂടുതല്‍ പിന്തുണ പ്രതീക്ഷിക്കുന്നു WCC അംഗങ്ങൾ മാധ്യമങ്ങളെ കാണുന്നു
Posted by MediaoneTV on Saturday, October 13, 2018
ഇരയുമായുള്ള സ്വകാര്യ വിഷയങ്ങളുൾപ്പെടെ സംസാരിക്കാനാണ് അമ്മയുടെ ഭാരവാഹികൾ ശ്രമിച്ചത്. കുറ്റാരോപിതനെ സംരക്ഷിക്കാനാണ് അമ്മ ഭാരവാഹികൾ ശ്രമിക്കുന്നത്. ഇരയോടൊപ്പമല്ല അമ്മ ഭാരവാഹികൾ. അമ്മയിലെ ചർച്ചകൾ പൂർണ്ണമായും ഇരക്കെതിരായിരുന്നു. മധ്യസ്ഥ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അമ്മ ഭാരവാഹികൾ പറഞ്ഞു. എല്ലാം തങ്ങൾ വിശ്വസിച്ചു. ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് അമ്മ യോഗങ്ങള്‍ കൂടിയിരുന്നത്. കണ്ണിൽപ്പൊടിയിടാനായിരുന്നു ആ മധ്യസ്ഥ ചർച്ച. തങ്ങൾ മുന്നോട്ട് വച്ച ഒരു നിർദേശവും അമ്മ അംഗീകരിച്ചില്ല. ഇരയെ തിരിച്ച് വിളിക്കണം, രാജി വെച്ച നടിമാരെ തിരിച്ചെടുക്കണം എന്നും തങ്ങൾ ആവശ്യപ്പെട്ടിരുന്നു. അമ്മ തങ്ങളുടെ ഒരു ആവശ്യവും അംഗീകരിച്ചില്ല. നടി വീണ്ടും സംഘടനയിൽ അംഗത്വമെടുത്താൽ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നാണ് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. തിലകന്‍റെ കാര്യത്തിൽ തീരുമാനമെടുത്തത് എക്സിക്യൂട്ടീവാണ്. അവിടെ ജനറൽ ബോഡി പ്രശ്നമായിരുന്നില്ല. സിനിമയിൽ കടന്ന് വരുന്ന എല്ലാ സ്ത്രീകൾക്കും ഒരു സുരക്ഷിത ഇടമൊരുക്കണമെന്ന് മാത്രമാണ് ഞങ്ങളുടെ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി. ഒന്നര വർഷങ്ങൾക്ക് മുമ്പ് തന്നെ പീഡിപ്പിച്ചുവെന്ന് ഒരു കുട്ടി തന്നോട് പറഞ്ഞിരുന്നുവെന്നും രേവതി പറഞ്ഞു. അവൾക്ക് പരാതിപ്പെടാൻ കഴിയാവുന്ന ഒരിടം ഇന്നും അമ്മയിലില്ലെന്നും രേവതി പറഞ്ഞു.
Adjust Story Font
16