Quantcast

അപ്പാറാവു വിസിയായി വീണ്ടും ചുമതലയേറ്റു, ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പ്രതിഷേധം

MediaOne Logo

admin

  • Published:

    13 Jun 2017 1:09 AM GMT

അപ്പാറാവു വിസിയായി വീണ്ടും ചുമതലയേറ്റു, ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പ്രതിഷേധം
X

അപ്പാറാവു വിസിയായി വീണ്ടും ചുമതലയേറ്റു, ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പ്രതിഷേധം

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി അപ്പാറാവു വീണ്ടും ചുമതലയേറ്റു. അപ്പാറാവു തിരിച്ചെത്തിയതില്‍ കാമ്പസില്‍ പ്രതിഷേധം.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അവധിയ്ക്കു ശേഷം ജോലിയില്‍ പ്രവേശിച്ച വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാമ്പസിനകത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. രാവിലെ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ ഓഫീസ് അടിച്ചു തകര്‍ത്തിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ജനുവരി 24ന് അവധിയില്‍ പ്രവേശിച്ച അപ്പാ റാവു ഇന്ന് രാവിലെയാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.

ജനുവരിയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ അപ്പാ റാവു അവധിയില്‍ പ്രവേശിച്ചത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയടക്കമുള്ളവരുടെ ഇടപെടലിനെത്തുടര്‍ന്ന് രോഹിത് വെമുലയുടെ സ്‌കോളര്‍ഷിപ്പ് തടഞ്ഞു വെയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കുന്നതിനായി ഇടപെട്ടില്ലെന്നുമാണ് അപ്പാറാവുവിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിയ്ക്കുന്ന ആരോപണം.

ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുള്ള അപ്പാ റാവു രാജിവെയ്ക്കണമെന്ന് ആവശ്യം അന്നുമുതല്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനിടയിലാണ് രണ്ടുമാസത്തെ അവധി തീര്‍ന്ന് അപ്പാറാവു വീണ്ടും ചുമതലയേറ്റത്. ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ പങ്കെടുത്ത സര്‍വകലാശാലാ നിര്‍വാഹക സമിതി യോഗസ്ഥലത്തേയ്ക്ക് തള്ളിക്കയറി ഓഫീസ് അടിച്ചു തകര്‍ത്തു. വൈസ് ചാന്‍സലര്‍ക്കു പിന്തുണയുമായി എ.ബി.വി.പി പ്രവര്‍ത്തകരും സംഘടിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷഭരിതമായത്.

വിദ്യാര്‍ത്ഥികളല്ലാത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകരും സംഘടിച്ചെത്തിയതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഒരു ഫോട്ടോഗ്രാഫറും 3 റിപ്പോര്‍ട്ടര്‍മാരുമടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റു. പിന്നീടും ക്ലാസുകള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ ധര്‍ണ നടത്തി. വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പൊലീസ് കാമ്പസിനകത്ത് ലാത്തിച്ചാര്‍ജ് നടത്തിയത്. മലയാളികളടക്കം നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story