Quantcast

മെഹബൂബയുടെ പ്രസ്താവനക്കെതിരെ ഫറൂഖ് അബ്ദുള്ള

MediaOne Logo

Jaisy

  • Published:

    16 March 2018 9:14 AM GMT

മെഹബൂബയുടെ പ്രസ്താവനക്കെതിരെ ഫറൂഖ് അബ്ദുള്ള
X

മെഹബൂബയുടെ പ്രസ്താവനക്കെതിരെ ഫറൂഖ് അബ്ദുള്ള

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തില്‍ ചൈന എന്തുകൊണ്ടാണ് മൌനം പാലിക്കുന്നതെന്നായിരുന്നു മെഹ്ബൂബയുടെ പ്രതികരണം

കശ്മീരിലെ പ്രശ്നങ്ങളുമായി ചൈനയെ ബന്ധപ്പെടുത്തി മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടത്തിയ പ്രസ്താവനയ്ക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള രംഗത്ത്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തില്‍ ചൈന എന്തുകൊണ്ടാണ് മൌനം പാലിക്കുന്നതെന്നായിരുന്നു മെഹ്ബൂബയുടെ പ്രതികരണം. എവിടെനിന്നാണ് അത്തരമൊരു വിവരം മുഖ്യമന്ത്രിക്ക് ലഭിച്ചതെന്ന് ഫറൂഖ് അബ്ദുള്ള ചോദിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യനന്തരമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കശ്മീരിലെ പ്രശ്നങ്ങളിലെ ചൈനയുടെ മൌനം അത്ഭുതപ്പെടുത്തുന്നതാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. ലോകരാഷ്ട്രങ്ങളെല്ലാം അമര്‍നാഥ് ആക്രമണത്തെ അപലപിച്ചപ്പോളും ചൈന അപലപിക്കാഞ്ഞത് എന്തുകൊണ്ടാണെന്നും മെഹബൂബ ചോദിച്ചിരുന്നു. പാകിസ്താന്റെ നേതൃത്വത്തില്‍ കശ്മീരില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് ചൈനയുടെ മൌനാനുവാദമുണ്ടെന്ന ധ്വനിയായിരുന്നു മെഹ്ബൂബയുടെ പ്രതികരണത്തിന് പിന്നില്‍. അതേസമയം ഇത്തരമൊരു വിവിരം മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള ചോദിച്ചു. രാജ്നാഥ് സിങായിരിക്കാം കൂടിക്കാഴ്ച്ചയ്ക്കിടെ ഇത്തരമൊരു വിവരം നല്‍കിയതെന്നും മുന്‍മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി. ചൈനയുമായി യുദ്ധത്തെകുറിച്ച് സംസാരിക്കുന്നത് നല്ലകാര്യമല്ലെന്നും മെഹബൂബ മുഫ്തിയെ ഫറൂഖ് അബ്ദുള്ള ഓര്‍മിപ്പിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഫറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. അതിനിടെ താഴ്വരയിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ കടുംപിടുത്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം കുറ്റപ്പെടുത്തി. ഭീകരവാദികളുടേയും കേന്ദ്രസര്‍ക്കാരിന്റെയും തീവ്രനിലപാടുകള്‍ക്കിടയില്‍ പെട്ട് കശ്മീര്‍ ജനതയുടെ ജീവനും സ്വത്തുമാണ് അപകടത്തിലായതെന്നും ചിദംബരം പ്രതികരിച്ചു.

TAGS :

Next Story