Quantcast

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ

MediaOne Logo

admin

  • Published:

    7 May 2018 3:23 PM

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ
X

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ

സര്‍വകലാശാലയില്‍ ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവ വിച്ഛേദിച്ചു

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥി പ്രക്ഷോഭം ഭയന്ന് 27ാം തീയതി വരെ ക്ലാസുകള്‍ നിര്‍ത്തിവെച്ചു. സര്‍വകലാശാലയില്‍ ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവ വിച്ഛേദിച്ചു. സര്‍വ്വകലാശാല മെസ്സും കുടിവെള്ളവും നിര്‍ത്തിവെച്ചിട്ടുണ്ട്.

വൈസ് ചാന്‍സലര്‍ അപ്പറാവുവിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ 36 വിദ്യാര്‍ത്ഥികളെയും മൂന്ന് അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വാഹനത്തില്‍ കൊണ്ട് പോയ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല. നിരവധി മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റിലാണ്. വിദ്യാര്‍ത്ഥിനികളേയും അധ്യാപികമാരേയും ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ബലാത്സംഘം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ദലിത് വിദ്യാര്‍ഥികള്‍ക്കെതിരെ ജാതി അധിക്ഷേപങ്ങള്‍ നടത്തി. അധ്യാപികമാരെ മുടിയില്‍ വലിച്ചിഴച്ചാണ് പോലീസ് വാനില്‍ കയറ്റിയത്.

രോഹിത് വെമുല വിഷയത്തില്‍ ശക്തമായ നിലപാടെടുത്തിരുന്ന പ്രൊഫസര്‍ കെ.വൈ രത്‌നം, പൊഫസര്‍ ലക്ഷ്മി നാരായണ, അസിസ്റ്റന്റ് പ്രൊഫസര്‍ തഥാഗത് സെന്‍ഗുപ്ത എന്നീ മൂന്ന് അധ്യാപകരെ പോലീസ് തെരെഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എതിര്‍പ്പിനെ മറികടന്ന് ചുമതലയേറ്റ വി.സിയുടെ വസതിക്കടുത്ത് പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് അക്രമം അഴിച്ചു വിട്ടതോടെയാണ് സര്‍വകലാശാല പരിസരം സംഘര്‍ഷഭരിതമായത്. പോലീസും എ.ബി.വി.പി നേതാവായ സുശീല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും ക്യാമ്പസില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

ഹൈദരബാദ് സര്‍വകലാശാല വി സി അപ്പാറാവു രാജിവെക്കും വരെ സമരം തുടരാന്‍ വിദ്യാര്‍ഥി സമര സമിതി തീരുമാനിച്ചു. ക്ലാസുകള്‍ ബഹിഷ്കരിച്ചും വി.സിയെ ഉപരോധിച്ചും സമരവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു.

അതിനിടെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ഇന്ന് ഹൈദരബാദ് സര്‍വകലാശാല സന്ദര്‍ശിക്കും. വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായാണ് കനയ്യ എത്തുക. രോഹിത് വെമുലയുടെ അമ്മയേയും കനയ്യ സന്ദര്‍ശിക്കും . എന്നാല്‍ കനയ്യയുടെ സന്ദര്‍ശനം ക്യാമ്പസില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്. അതുകൊണ്ടുതന്നെ കനയ്യ സര്‍വകലാശാലയിലെത്തുന്നത് തടയാന്‍ നടപടികളെടുത്തേക്കാനാണ് സാധ്യത.

TAGS :

Next Story