സുപ്രീം കോടതി കൊളീജിയം ബുധനാഴ്ച ചേര്‍ന്നേക്കും
സുപ്രീം കോടതി കൊളീജിയം ബുധനാഴ്ച ചേര്‍ന്നേക്കും
ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമന കാര്യം ചര്‍ച്ചയാകും
സുപ്രീംകോടതിയുടെ അഞ്ച് അംഗ കൊളീജിയം ബുധനാഴ്ച യോഗം ചേര്‍ന്നേക്കും. ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ മടക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പരിശോധിക്കാനാണ് കൊളീജിയം യോഗം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് കൊളീജിയം യോഗം ചേരുന്നത്.
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശ മടക്കി അയച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ തീരുമാനം എടുക്കാനാണ് കൊളീജിയം യോഗം ചേരുന്നത്. നിയമന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുത്തേക്കും. യോഗത്തിന് പ്രത്യേക അജണ്ടകള്‍ ഒന്നും നിശ്ചയിച്ചിട്ടില്ല.
ജനുവരി 10 നാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്‍റെയും നിയമന ശുപാര്‍ശ കൊളീജിയം കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. മൂന്ന് മാസത്തിന് ശേഷം ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം അംഗീകരിച്ച കേന്ദ്രം കെഎം ജോസഫിന്‍റെ ഫയല്‍ പുനഃപരിശോധനക്ക് തിരിച്ചയച്ചു. സീനിയോറിറ്റി, പ്രാദേശിക പ്രാതിനിധ്യം, തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
കെ എം ജോസഫിന്‍റെ നിയമനം അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊളീജിയം വിളിച്ച് ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16