Quantcast

വി.കെ.സിങ്ങിനെതിരെ കരസേന മേധാവിയുടെ സത്യവാങ്മൂലം

MediaOne Logo

Damodaran

  • Published:

    11 May 2018 9:13 AM GMT

വി.കെ.സിങ്ങിനെതിരെ കരസേന മേധാവിയുടെ സത്യവാങ്മൂലം
X

വി.കെ.സിങ്ങിനെതിരെ കരസേന മേധാവിയുടെ സത്യവാങ്മൂലം

ദുരുദ്ദേശത്തോ‌ടെ തന്റെ സ്ഥാനക്കയറ്റം തടഞ്ഞുവെക്കാന്‍ വി.കെ.സിങ്ങ് ശ്രമിച്ചുവെന്നാണ് ദല്‍ബീര്‍ സിങ്ങിന്റെ ആരോപണം

വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ.സിങ്ങിനെതിരെ സുപ്രീം കോടതിയില്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങിന്റെ സത്യവാങ്മൂലം. ദുരുദ്ദേശത്തോ‌ടെ തന്റെ സ്ഥാനക്കയറ്റം തടഞ്ഞുവെക്കാന്‍ വി.കെ.സിങ്ങ് ശ്രമിച്ചുവെന്നാണ് ദല്‍ബീര്‍ സിങ്ങിന്റെ ആരോപണം. ഇതിനായി അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ തന്റെ മേല്‍ ചുമത്തിയെന്നും ദല്‍ബീര്‍ സിങ്ങ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

2012ല്‍ കരസേനയുടെ കമാന്‍ഡറായി നിയമിക്കപ്പെടേണ്ട തന്റെ സ്ഥാനക്കയറ്റം അന്നത്തെ കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്ങ് നിഷേധിച്ചുവെന്നാണ് ജനറല്‍ ദല്‍ബീര്‍ സിങ്ങ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. തൊഴിലുമായി ബന്ധപ്പെട്ടതല്ലാത്ത ചില കാരണങ്ങള്‍ കൊണ്ട് ഗൂഢനീക്കങ്ങളിലൂടെ ദുരുദ്ദേശത്തോടെ വി.കെ.സിങ്ങ് സ്ഥാനക്കയറ്റം തടഞ്ഞുവെന്നാണ് ദല്‍ബീര്‍ സിങ്ങിന്റെ ആരോപണം. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് 2012 മെയ് 19ന് തനിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും തുടര്‍ന്ന് നിയമവിരുദ്ധമായ അച്ചടക്ക നടപടിയെടുത്തുവെന്നും കരസേനാ മേധാവിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ദല്‍ബീര്‍ സിങ്ങിനെ കരസേനാ കമാന്‍ഡറായി നിയമിക്കുകയും അതിലൂടെ ഇപ്പോഴത്തെ കരസേനാ മേധാവിയാവാന്‍ വഴിയൊരുക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്തു കൊണ്ട് മുന്‍ ലഫ്റ്റ്നന്റ് ജനറല്‍ രവി ദസ്താനേ നല്‍കിയ ഹര്‍ജിയിലാണ് ദല്‍ബീര്‍ സിങ്ങ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ചരിത്രത്തിലാദ്യമായാണ് ഔദ്യോഗിക ചുമതല വഹിക്കുന്ന കാലയളവില്‍ത്തന്നെ ഒരു കരസേനാ മേധാവി തന്റെ മുന്‍ഗാമിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ വ്യക്തിയ്ക്കെതിരെ പരസ്യമായി ആരോപണമുന്നയിക്കുന്നത്. വ്യക്തിപരമായാണ് ദല്‍ബീര്‍ സിങ്ങ് സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.

TAGS :

Next Story